Thursday, August 22, 2019 Last Updated 54 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 25 Jun 2016 02.29 AM

പമ്പയില്‍ അധിക ജലം എവിടെ ?

uploads/news/2016/06/6929/1.jpg

ഇടവപ്പാതി ശൗര്യം തീര്‍ത്ത്‌ പെയ്യുന്ന ഈ പെരുമഴക്കാലത്തു പോലും പമ്പയ്‌ക്ക്‌ ഉണര്‍വില്ലെന്നുള്ളത്‌ പുഴ നേരിടുന്ന പരിസ്‌ഥിതി പ്രശ്‌നത്തിന്റെ രൂക്ഷത വ്യക്‌തമാക്കുന്നു. ജില്ലയിലെ വാഴക്കുന്നത്തുള്ള പി.ഐ.പിയുടെ നീര്‍പാലത്തിലേക്ക്‌ വരിക. ഇടവം തിമിര്‍ത്ത്‌ പെയ്‌തിട്ടു പോലും നദിയില്‍ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കാണാനില്ല. പുഴയുടെ മധ്യത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മണ്‍പുറ്റുകളെ മറയ്‌ക്കാന്‍ പാകത്തില്‍ വെള്ളം അടുത്ത കാലത്തായി ഉയരാറില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. എന്നിട്ടും സര്‍ക്കാരിന്റെ കണക്കു പുസ്‌തകത്തില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലായി 3124 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പുഴ മെലിഞ്ഞു. കൈവഴികള്‍ മെലിഞ്ഞു. അരുവികളും തോടുകളും ഇല്ലാതായി. ജലസേചന പദ്ധതികള്‍ നോക്കുകുത്തികളായി. നദീതീരത്തെ കിണറുകളില്‍ പോലും വെള്ളം കിട്ടാതായി. മത്സ്യ സമ്പത്ത്‌ കുറഞ്ഞു. വേമ്പനാട്ടുകായല്‍ ശോഷിച്ചു. 25 വര്‍ഷം മുമ്പ്‌ ദേശീയ ജലവികസന ഏജന്‍സി നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ചരിത്ര പുസ്‌തകത്തിലെ കണക്കുമാത്രമായി പരിണമിക്കുന്നു. ഇന്ന്‌ പമ്പയില്‍ നാടിന്റെ ദാഹം അകറ്റാന്‍ പോലും വെള്ളമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടു നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യമുണ്ട്‌. അധിക ജലം എവിടെ ?.
എ.ഡി 2050-ഓടെ പമ്പയുടെ പോഷകനദിയായ അച്ചന്‍കോവിലാറ്റില്‍ ആവശ്യമുള്ളതിനേക്കാള്‍ 459 ദശലക്ഷം ഘനമീറ്ററും പമ്പയില്‍ 3537 ദശലക്ഷം ഘനമീറ്ററും ശുദ്ധജലത്തിന്റെ കുറവുണ്ടാകുമെന്നാണ്‌ ദേശീയ ജലവികസന ഏജന്‍സിയെ ഖണ്ഡിച്ചുകൊണ്ട്‌ സെന്റര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആന്റ്‌ മാനേജ്‌മെന്റ വിദഗ്‌ധര്‍ നടത്തിയ പഠനം വ്യക്‌തമാക്കുന്നത്‌. കുട്ടനാട്ടിലേക്ക്‌ പമ്പാനദി അടക്കമുള്ള നദികളില്‍ നിന്നും ഒരുവര്‍ഷം 12,582 ദശലക്ഷം ഘനമീറ്റര്‍ വെള്ളം എത്തുന്നതായിട്ടാണ്‌ പഠനം കണക്കാക്കുന്നത്‌. എന്നാല്‍ തീരദേശങ്ങളിലെ ഗാര്‍ഹികം, ജലസേചനം, വ്യവസായം, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി 22, 263 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ആവശ്യമുണ്ടെന്നാണ്‌ വിലയിരുത്തല്‍.

വേമ്പനാട്ടുകായല്‍ ഇനി എത്ര നാള്‍ ?

നദികളില്‍ നീരൊഴുക്ക്‌ കുറഞ്ഞത്‌ വേമ്പനാട്‌ കായലിന്റെ നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌. ഈ നില തുടര്‍ന്നാല്‍ അടുത്ത അമ്പത്‌ വര്‍ഷത്തിന്‌ ശേഷം വേമ്പനാട്‌ കായല്‍ ഇല്ലാതായി തീരുമെന്നാണ്‌ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തല്‍. 1834-ല്‍ കായലിന്റെ വിസ്‌തീര്‍ണം 363.29 ചതുരശ്ര കി.മീറ്റര്‍ ആയിരുന്നു. 1917-ല്‍ ഇത്‌ 290.85 ചതുരശ്ര കി.മീറ്ററായി കുറഞ്ഞു. 1970-227.23 ചതുരശ്ര കി.മീറ്ററായി. 1990-ല്‍ വെറും 213.28 ചതുരശ്ര കി.മീറ്ററായി വീണ്ടും കുറഞ്ഞുവെന്ന്‌ കോഴിക്കോട്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആന്റ്‌ മാനേജ്‌മെന്റിന്റെ (സി.ഡബ്ല്യൂ.ആര്‍.ഡി.എം) കണ്ടെത്തല്‍. കഴിഞ്ഞ 25 വര്‍ഷത്തിനകം മറ്റൊരു പഠനം ഇത്‌ സംബന്ധിച്ച്‌ നടന്നിട്ടില്ല. എങ്കിലും ഒന്നേകാല്‍ നൂറ്റാണ്ടിനുള്ളില്‍ കുറഞ്ഞത്‌ 150 ചതുരശ്ര.കി.മീറ്റര്‍ കായലാണെന്ന്‌ പഠനത്തില്‍ നിന്നും വ്യക്‌തമാക്കാം.
കായലിന്റെ വിസ്‌തൃതി മാത്രമല്ല ആഴവും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ്‌ കണ്ടെത്തല്‍. അമ്പത്‌ വര്‍ഷം മുമ്പുവരെ ശരാശരി 6.7 മീറ്ററായിരുന്നു ആഴം. 2000-ല്‍ നടത്തിയ പഠനത്തില്‍ ആഴം 4.4 മീറ്ററായി കുറഞ്ഞു. 2010-ല്‍ ഇത്‌ 3.5 മീറ്ററിനും 2.5 മീറ്ററിനും മധ്യേയായി. കായലിന്റെ ജലസംഭരണശേഷി 2.449 ഘന കിലോമീറ്ററില്‍ നിന്നും 0.60 ഘന കിലോമീറ്ററായി കുറഞ്ഞു.
ഭീതി ഉണര്‍ത്തുന്ന ഈ കണക്കിനെപ്പറ്റി ആശങ്കപ്പെടുന്നത്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ മാത്രമാണ്‌. സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. 2002 ആഗസ്‌റ്റ്‌ 19 ന്‌ തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടുന്ന ആവാസ വ്യവസ്‌ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിലെ റാംസലില്‍ ലോക രാഷ്‌ട്രങ്ങളുടെ കണ്‍വന്‍ഷന്‍ നടന്നു. പ്രദേശികവും ദേശീയവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ അന്താരാഷ്‌ട്ര സഹകരണത്തോടെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിക്കാണ്‌ കണ്‍വന്‍ഷന്‍ രൂപം നല്‍കിയത്‌. ഇന്ത്യയില്‍ നിന്നും വേമ്പനാട്‌, ശാസ്‌താംകോട്ട, അഷ്‌ടമുടി കായലുകള്‍ അടക്കം ആകെ 25 നീര്‍ത്തടങ്ങളാണ്‌ റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വേമ്പനാട്ട്‌ കായിന്റെ ചില ഭാഗങ്ങള്‍ പായല്‍ മൂടി കിടക്കുകയാണ്‌. കായലിന്റെ കരയില്‍ ബഹുനില സമുച്ചയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യവും കായലിലാണ്‌ കലരുന്നത്‌. ഈ സാഹചര്യത്തില്‍ കായലുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്ത്‌ നീക്കമാണ്‌ നടന്നിട്ടുള്ളതെന്ന കാര്യം ചിന്തനീയമാണ്‌.

ജൈവ വൈവിധ്യങ്ങളുടെ നാശം

ഒരുകാലത്ത്‌ ജൈവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു പമ്പ. എന്നാല്‍ മലിനീകരണം, മണല്‍ഖനനം, കൈയേറ്റം, നീരൊഴുക്കില്‍ വന്ന കുറവ്‌, അധിനിവേശ സസ്യങ്ങളുടെ വളര്‍ച്ച, നീര്‍ത്തടങ്ങളുടെയും തോടുകളുടെയും ശോഷണം എന്നിവമൂലം പമ്പാനദിയിലെ ജൈവവൈവിധ്യം നാശത്തെ നേരിടുന്നതായി പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. ജൈവ വൈവിധ്യ ഹാര്‍ട്ട്‌ സ്‌പോര്‍ട്ടായി പ്രഖ്യാപിച്ച പശ്‌ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച്‌ റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട വേമ്പനാട്ടുകായലില്‍ പതിക്കുന്ന പമ്പയിലെയും കരകളിലേയും അപൂര്‍വ സൈസ്യങ്ങളും മത്സ്യങ്ങളും ഇന്ന്‌ വംശനാശ ഭീഷണി നേരിടുകയാണ്‌.
ഒരുകാലത്ത്‌ അപൂര്‍വ സസ്യമായ നീലക്കൊടുവേലിയില്‍ തട്ടി ഒഴുകുന്ന പമ്പയില്‍ കുളിച്ചാല്‍ സര്‍വ രോഗങ്ങള്‍ക്കും അത്‌ പ്രതിവിധിയാകുമെന്ന്‌ കണക്കാക്കിയിരുന്നു. പനി, മലേറിയ, മഹോദരം, ത്വക്ക്‌ രോഗങ്ങള്‍, ഗ്രഹണി, മൂത്രാശയരോഗങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക്‌ ഔഷധമായിരുന്നു നീലക്കൊടുവേലി.
നോഹയുടെ പേടകം പണിയുന്നതിനുപയോഗിച്ച നിറംപല്ലി എന്ന അപൂര്‍വയിനം മരം പമ്പയുടെ ഉത്ഭവ സ്‌ഥാനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഇത്തരം 18 മരങ്ങള്‍ ഗൂഡ്രിക്കല്‍ റേഞ്ചില്‍ ഉണ്ടെന്നാണ്‌ വനംവകുപ്പിന്റെ കണക്ക്‌. പമ്പയുടെ വൃഷ്‌ടിപ്രദേശങ്ങളിലുണ്ടായിരുന്ന കരിമരം പൂര്‍ണമായി ഇല്ലാതായി. വെള്ളഅകില്‍, ഈട്ടി എന്നീ മരങ്ങള്‍ വംശനാശ ഭീഷണിയിലാണ്‌. ഗൂഡ്രിക്കല്‍ റേഞ്ചിലെ അരണമുടി ഭാഗത്ത്‌ കാണപ്പെടുന്ന വള്ളിഈറ്റ, കാനക്കമുക്‌ എന്നിവ വനംവകുപ്പ്‌ സംരക്ഷിച്ചു വരുന്നുണ്ട്‌. ജല സംരക്ഷണത്തിന്‌ വന സംരക്ഷണം അത്യന്താപേക്ഷിതമായ കാലഘട്ടമാണിത്‌. പമ്പയില്‍ 79 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇവയില്‍ 30 ഇനവും വംശനാശം നേരിടുന്നവയാണെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌. നദിയിലെ മണല്‍ ഒഴിഞ്ഞതും പലതരത്തിലുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതുമാണ്‌ ഇതിനു കാരണം. പമ്പാ നദിയില്‍ ഓക്‌സിജന്റെ അളവ്‌ കുറയുന്നതായി വന്ന റിപ്പോര്‍ട്ടുകളും ഭീതിയോടെയാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ കാണുന്നത്‌.

കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിച്ചെഴുതണം

പമ്പയിലും അച്ചന്‍കോവിലാറ്റിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നുള്ള ദേശീയ ജലവികസന ഏജന്‍സിയുടെ കാല്‍നൂറ്റാണ്ടു പഴക്കമുള്ള കണക്ക്‌ തിരുത്തിയെഴുതാന്‍ സമയമായി. അതിനാല്‍ ശാസ്‌ത്രീയമായ മറ്റൊരു പഠനം അംഗീകൃത ഏജന്‍സിയെകൊണ്ട്‌ കേരളം നടത്തണം. നിലവില്‍ സെന്റര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആന്റ്‌ മാനേജ്‌മെന്റിന്റെ പഠനം നദിയില്‍ ജലം കുറവാണെന്ന്‌ സമര്‍ഥിക്കുന്നുണ്ട്‌.
44 നദികള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കേരളം. ഇവിടുത്തെ ജനജീവിതവും ജീവികളുടെ ആവാസ വ്യവസ്‌ഥയും ജലവുമായി ബന്ധപ്പെട്ടതാണ്‌. കുട്ടനാടിന്റെ നാശം കേരളത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടാവണം.
വൈപ്പാര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത്‌ പരിസ്‌ഥിതി ലോല മേഖലയിലാണ്‌. പശ്‌ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി മാഥവ്‌ ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്ക്‌ വിരുദ്ധമാണ്‌ നദീബന്ധന പദ്ധതിയുടെ നിര്‍മാണം. 2004 ഹെക്‌ടര്‍ സ്‌ഥലത്തെ വനഭൂമിയാണ്‌ ജലസമാധി അടയുന്നത്‌. കൂടാതെ 658 ചതുരശ്ര കി.മീറ്റര്‍ സ്‌ഥലത്തെ വെള്ളം പൂര്‍ണമായും തടയപ്പെടും. കോന്നി-അച്ചന്‍കോവില്‍ വനമേഖലയിലെ ജൈവ വൈവിധ്യം നശിക്കപ്പെടും. ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
പ്രകൃതിദത്ത നീരൊഴുക്കിനെ തടഞ്ഞുനിര്‍ത്തി വഴിതിരിച്ചു വിട്ടാല്‍ സംഭവിക്കാവുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളെപ്പറ്റി പഠനം നടത്തണം. പമ്പാ, അച്ചന്‍കോവില്‍ നദികള്‍ക്ക്‌ കഴിഞ്ഞ ദശകങ്ങളില്‍ സംഭവിച്ച ഭൗതികമാറ്റം, മഴയുടെ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവ്‌, മഴയുടെ സമയമാറ്റം എന്നിവയെപ്പറ്റി പഠിക്കണം. പമ്പയിലെ ജലസേചന പദ്ധതികള്‍ നീരൊഴുക്ക്‌ കുറഞ്ഞതുമൂലം പരാജയപ്പെട്ട വിവരം കേന്ദ്രത്തെ ധരിപ്പിക്കണം.
പമ്പാ-അച്ചന്‍കോവില്‍- വൈപ്പാര്‍ നദീബന്ധന പദ്ധതി കേരളത്തിന്റെ സമ്മതമില്ലാതെ നടപ്പാക്കില്ലെന്നാണ്‌ സംസ്‌ഥാന ജലസേചന മന്ത്രി മാത്യു ടി.തോമസ്‌ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ഒടുവില്‍ മാധ്യമങ്ങളോട്‌ വ്യക്‌തമാക്കിയത്‌. എന്നാല്‍ ഇത്തരത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രി പ്രസ്‌താവന നടത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്‌. ജലം സംബന്ധിച്ച വിഷയം കേന്ദ്രലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന നദീ സംയോജനം ലക്ഷ്യമാക്കിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത അടുത്തിടെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച്‌ വൈപ്പാര്‍ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വമാണ്‌ കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്‌. കൂടാതെ 2016-ല്‍ പദ്ധതി നടപ്പാക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശവും കേന്ദ്രത്തിന്‌ പിടിവള്ളിയായി നിലനില്‍ക്കുന്നു. കാലാവധി കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്‌നാടിന്‌ സുപ്രിംകോടതിയെ സമീപിക്കാം എന്ന കാര്യവും ശ്രദ്ധേയമാണ്‌.

കുട്ടനാടിനും രക്ഷയില്ല

ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന രാജ്യാന്തര കാര്‍ഷിക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച നാടാണ്‌ കുട്ടനാട്‌. ഇവിടുത്തെ ജലം, മണ്ണ്‌, വായു, ജൈവ വൈവിധ്യം എന്നിവയ്‌ക്കുമേല്‍ എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തുന്നതാണ്‌ ഈ അംഗീകാരം. സമുദ്ര നിരപ്പില്‍ നിന്നും 2.5-3.5 മീറ്റര്‍ താഴ്‌ച്ചയില്‍ കൃഷി വിളയുന്ന ഏതെങ്കിലുമൊരു നാട്‌ ഈ ലോകത്തുണ്ടോ എന്നത്‌ കൗതുകകരമായ അന്വേഷണമാണ്‌. ആ നാടുകാണാന്‍ കുട്ടനാട്ടിലേക്ക്‌ വരുക. പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്‌ച നേരില്‍ കാണാം.
ഇവിടെ പാടശേഖരത്തെക്കാള്‍ മുകളിലാണ്‌ നദിയിലെ ജലനിരപ്പ്‌. പാടത്തുനിന്നും നദിയിലേക്ക്‌ വെള്ളം പമ്പുചെയ്‌തു മാറ്റി നിലം വറ്റിക്കുന്നത്‌ ഇവിടെ കാണാം. കര്‍ഷകത്തൊഴിലാളികള്‍ സൃഷ്‌ടിച്ച കുട്ടനാടിന്‌ സമമായ മറ്റൊരു നാട്‌ ഇന്ന്‌ ലോകത്തില്ല. കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ തണ്ണീര്‍തട ആവാസ വ്യവസ്‌ഥയുള്ള നാടുകൂടിയാണിത്‌. കുട്ടനാടിന്‌ ജീവജലം നല്‍കുന്നതും എക്കല്‍ മണ്ണുകൊണ്ടുവന്ന്‌ ഫലഭൂയിഷ്‌ടമാക്കുന്നതും ഇവിടേക്ക്‌ ഒഴുകിയെത്തുന്ന പമ്പ, മീനച്ചില്‍ എന്നീ നദികളാണ്‌. കൂടാതെ പമ്പയുടെ പോഷകനദികളായ മണിമല, അച്ചന്‍കോവില്‍ എന്നിവയും ഈ നാടിനെ ഫലഭൂയിഷ്‌ഠമാക്കുന്നു. ഈ നദികളുടെ ഉത്ഭവം മുതല്‍ പതനം വരെയുള്ള പ്രദേശങ്ങളില്‍ സംഭവിച്ചിരിക്കുന്ന പാരിസ്‌ഥിതിക ആഘാതത്തിന്റെ തിക്‌ത ഫലങ്ങളാണ്‌ കുട്ടനാടിന്റെ ഇന്നത്തെ ദുരിതത്തിനു കാരണം എന്ന്‌ പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടനാട്ടില്‍ എത്തുന്ന നാലു നദികളുടെ വൃഷ്‌ടിപ്രദേശങ്ങളില്‍ ശരാശരി 3200 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുവെന്നാണ്‌ സി.ഡബ്ല്യൂ,ആര്‍.ഡി.എമ്മിന്റെ കണക്ക്‌. മഴവെള്ളത്തിന്റെ 60-65 ശതമാനം ജൂണ്‍, ജൂലൈ, ആഗസ്‌റ്റ്‌ മാസങ്ങളിലാണ്‌ കുട്ടനാട്ടില്‍ എത്തുന്നത്‌. 25-30 ശതമാനം സെപ്‌റ്റംബര്‍ മുതലുള്ള മൂന്നുമാസങ്ങളിലും ബാക്കി ആറ്‌ മാസങ്ങളിലായി 10-15 ശതമാനം വെള്ളവും കുട്ടനാടന്‍ ജലവ്യവസ്‌ഥയിലെത്തുന്നു. എന്നാല്‍ ഇന്ന്‌ ഈ കണക്കില്‍ വ്യത്യാസം സംഭവിച്ചിരിക്കുന്നു. മഴ കുറഞ്ഞതോടെ ഒഴുകിയെത്തുന്ന ജലത്തിനും കുറവ്‌ വന്നിട്ടുണ്ടെന്ന്‌ അനുമാനിക്കാം.
(അവസാനിച്ചു).

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Advertisement
Saturday 25 Jun 2016 02.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW