Saturday, August 24, 2019 Last Updated 53 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 01.49 AM

മണലിപ്പുഴ വരണ്ടുണങ്ങി

ഒല്ലൂര്‍: പീച്ചി ഡാമിലെ ജലവിതാനം താഴ്‌ന്നതിനെ തുടര്‍ന്ന്‌ മണലിപ്പുഴ വരണ്ടുണങ്ങി. മണലിപ്പുഴയെ കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിക്കുന്നവര്‍ ദുരിതത്തിലായി. നടത്തറ, പുത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളെ മണലിപ്പുഴയിലെ ജലദൗര്‍ലഭ്യം നേരിട്ട്‌ ബാധിച്ചിട്ടുണ്ട്‌. ഒരു മാസത്തോളമായി തൃക്കൂരിലും നടത്തറയിലും നിരവധി വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കേണ്ട ഗതികേടിലാണ്‌. പുത്തൂരിലും നടത്തറയിലും കൃഷിക്കുവേണ്ടിയുള്ള ജലസേചനത്തിനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്‌. നടത്തറയില്‍ നാല്‌, അഞ്ച്‌, ആറ്‌, 11, 13, 14 വാര്‍ഡുകളില്‍ കടത്തു ജലക്ഷാമമുണ്ട്‌. മണലിപ്പുഴയില്‍ പലയിടത്തും ജനങ്ങളുടെ നേതൃത്വത്തില്‍ തടയണകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഇതിലൊന്നും ഇപ്പോള്‍ വെള്ളമില്ല. തൃക്കൂരില്‍ പെലക്കാട്ടുകരയിലെ ഷട്ടര്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കാര്യമായ ചോര്‍ച്ചയുണ്ടായിരുന്നു.
ഇതുമൂലം വെള്ളം തുറന്നുവിടുമ്പോഴും ഷട്ടറില്‍നിന്നു വെള്ളം പുറത്തുപോകുകയായിരുന്നു. ഉയര്‍ന്ന പ്രദേശമായ തൃക്കൂരില്‍ കുടിവെള്ളത്തിന്‌ കടുത്ത ക്ഷാമമാണനുഭവപ്പെടുന്നത്‌. പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വെള്ളം ലഭ്യമാക്കിയിരുന്ന പമ്പുഹൗസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. പ്രദേശത്തെ ജനങ്ങള്‍ മുന്‍കൈയെടുത്ത്‌ വീടുകളില്‍ നേരിട്ട്‌ വെള്ളമെത്തിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്‌. ഏപ്രില്‍, മേയ്‌ മാസമാകുന്നതോടെ വേനല്‍ കൂടിയാകുമ്പോള്‍ കുടിവെള്ളവും പ്രശ്‌നമായി മാറും. മഴ കുറയുമെന്ന കാലാവസ്‌ഥാ പ്രവചനം നിലനില്‍ക്കെത്തന്നെ പീച്ചി ഡാമിലെ വെള്ളം ജലലഭ്യത കണക്കിലെടുക്കാതെ തുറന്നുവിട്ടതായും പറയുന്നു. ഡാമില്‍ ജലവിതാനം കുറഞ്ഞതിന്‌ ഇത്‌ ഒരു കാരണമാണ്‌. പഞ്ചായത്തുകള്‍ കുടിവെള്ളമെത്തിക്കുന്നതിന്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്‌.

Ads by Google
Advertisement
Tuesday 10 Jan 2017 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW