Wednesday, August 14, 2019 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.23 AM

88 ക്യാമ്പുകള്‍: മൂന്ന്‌ വീടുകള്‍ പൂര്‍ണമായും 73 എണ്ണം ഭാഗികമായും തകര്‍ന്നു

uploads/news/2019/08/329284/p1.jpg

പത്തനംതിട്ട: പത്തനംതിട്ട ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്‌തി പ്രാപിച്ച്‌ ക്രമേണ വടക്കന്‍ ജില്ലകളിലേക്ക്‌ വ്യാപിക്കുമെന്ന്‌ കാലാവസ്‌ഥാ പ്രവചനം. നിലവിലെ മഴക്കെടുതിയെ മുന്‍ നിര്‍ത്തി ജില്ലയില്‍ എല്ലാ സജ്‌ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്‌ടര്‍ പി.ബി നൂഹ്‌ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ജാഗ്രത പുലര്‍ത്തണമെന്നും കലക്‌ടര്‍ പറഞ്ഞു.
ജില്ലയില്‍ വിവിധ ക്യാമ്പുകളിലായി 2146 കുടുബങ്ങളിലെ 7324 പേര്‍ താമസിക്കുന്നുണ്ട്‌. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവല്ല താലൂക്കിലാണ്‌-68. കാലവര്‍ഷക്കെടുതിയില്‍ 73 വീടുകള്‍ ഭാഗികമായും, മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നു. കെ.എസ്‌.ഇ.ബിയുടെ വിതരണ ശൃംഖലയ്‌ക്ക്‌ 4.13 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ട്‌. ജില്ലയില്‍ ഇതുവരെ 1.64 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. വെള്ളപ്പൊക്കത്തില്‍ ആകെ 103.828 ഹെക്‌ടര്‍ കൃഷിയും നശിച്ചു.
പമ്പ, കക്കാട്‌, അച്ചന്‍കോവില്‍, മണിമല ആറ്‌ എന്നീ നദികളിലെ ജലനിരപ്പ്‌ ഇപ്പോള്‍ സാധാരണ നിലയില്‍ ആണ്‌. എങ്കിലും മലയോര മേഖലയില്‍ മഴ ശക്‌തി പ്രാപിച്ചാല്‍ നദിയിലെ നീരൊഴുക്ക്‌ വര്‍ധിക്കാനും ജലനിരപ്പ്‌ ഉയരാനും സാധ്യത ഉണ്ട്‌. ജനങ്ങള്‍ നദികള്‍ മുറിച്ച്‌ കടക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കണം. നദിയിലെ ജലനിരപ്പ്‌ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ നദീതീരവാസികള്‍ ജാഗ്രത പുലര്‍ത്തണം. തുടര്‍ച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്‌. ഇതിനാല്‍ മുന്‍പ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ താമസിക്കുന്നവരും ഉരുള്‍പൊട്ടല്‍ മേഖലയായി ജിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയ മേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
മഴ ശക്‌തി പ്രാപിക്കുന്ന അവസരത്തില്‍ ആവശ്യമെങ്കില്‍ ജനങ്ങള്‍ അടുത്തുള്ള സുരക്ഷിത ക്യാമ്പുകളിലേക്ക്‌ മാറണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല പോലീസിനായിരിക്കും. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ പുറമ്പോക്കില്‍ വസിക്കുന്നവര്‍, കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത്‌ താമസിക്കുന്നവര്‍, വയല്‍ കരകളില്‍ താമസിക്കുന്നവര്‍, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍ എന്നിവര്‍ക്ക്‌ ആദ്യ പരിഗണന നല്‍കണം. ഒഴുപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക്‌ ആദ്യ പരിഗണന നല്‍കണം. കാലാവസ്‌ഥാ മുന്നറിയിപ്പുകളും, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും എല്ലാ പോലീസ്‌ സേ്‌റ്റഷനുകളിലും എത്തുന്നെന്ന്‌ ഉറപ്പു വരുത്തണം.
സ്വകാര്യ ഭൂമിയിലുള്ള അപകട സാധ്യത ഉള്ള മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാന്‍ പൊതുജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കണം. ഈ നിര്‍ദേശം അനുസരിക്കാത്ത വ്യക്‌തികള്‍ക്കും സ്വകാര്യ സ്‌ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയില്‍ മരം വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം കൊടുക്കാനുള്ള ബാധ്യത എന്ന്‌ പരസ്യപ്പെടുത്തണം.
പരസ്യ ഹോഡിങ്ങുകളുടെയും, കാലപ്പഴക്കം ചെന്ന പോസ്‌റ്റുകളുടെയും ശക്‌തി പരിശോധിക്കാനും, ഇവ കാറ്റത്ത്‌ മറിഞ്ഞു വീണ്‌ നഷ്‌ടവും ജീവ ഹാനിയും ഉണ്ടാക്കുന്നില്ല എന്നും ഉറപ്പ്‌ വരുത്തണം. ജില്ലയില്‍ ഇത്തരം ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ സ്‌ഥാപനങ്ങള്‍ക്കും, കമ്പനികള്‍ക്കും നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്‌ഥാപനങ്ങളോട്‌ നിര്‍ദേശിക്കണം.
മലയോരത്ത്‌ നിന്നും മണ്ണ്‌ വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ്‌ മാറ്റുക എന്നിവ രണ്ട്‌ ദിവസം തുടര്‍ച്ചയായി മഴ പെയ്‌ത പ്രദേശങ്ങളില്‍ അനുവദിക്കരുത്‌.
ദുരിതാശ്വാസ
നിധിയിലേക്ക്‌
ഒരു ലക്ഷം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായമൊഴുകുന്നു. ഓമല്ലൂര്‍ സ്വദേശി മാത്യു ചെറിയാനാണ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്‌. ഒരു ലക്ഷം രൂപയുടെ ചെക്ക്‌ ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്‌ കൈമാറി. ഡെപ്യൂട്ടി കലക്‌ടര്‍ എസ്‌ ശിവപ്രസാദ്‌ സന്നിഹിതനായിരുന്നു.

Ads by Google
Advertisement
Wednesday 14 Aug 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW