Tuesday, August 20, 2019 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.32 AM

എം.എല്‍.എയുടെ ആശുപത്രി കച്ചവടം; വിവാദം പുകയുന്നു

കൊല്ലം: സഹകരണ സംഘത്തിന്റെ പേരില്‍ മേവറം അഷ്‌ടമുടി ആശുപത്രിയുടെ കച്ചവടവുമായി ബന്ധപ്പെട്ട്‌ ജി.എസ്‌. ജയലാല്‍ എം.എല്‍.എക്കെതിരെയുള്ള വിവാദം വീണ്ടും പുകയുന്നു.
പാര്‍ട്ടി അറിയാതെ സഹകരണസംഘം രൂപീകരിച്ചു കോടികള്‍ നല്‍കിയാണു സ്വകാര്യ ആശുപത്രി വിലയ്‌ക്കു വാങ്ങിയതെന്ന ആരോപണമാണ്‌ വീണ്ടും ചൂടു പിടിച്ചത്‌. ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയും ജി.എസ്‌. ജയലാല്‍ എം.എല്‍.എയും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ കലാശിച്ചിരിക്കയാണ്‌ സംഭവം. അഴിമതിക്കാരനെന്നും കള്ളനെന്നും വിളിച്ച്‌ തന്നിലെ പൊതുപ്രവര്‍ത്തകനെ നശിപ്പിക്കാമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ വ്യാമോഹിക്കേണ്ടെന്ന മറുപടിയുമായി ജി.എസ്‌.ജയലാല്‍ എം.എല്‍.എ. രംഗത്തുവന്നതോടെ ഉപ്പ്‌ തിന്ന എം.എല്‍.എ. വെള്ളം കുടിയ്‌ക്കുമെന്ന ചുട്ട മറുപടിയുമായി ബിന്ദുകൃഷ്‌ണയും രംഗത്തുവന്നു.
ജനങ്ങള്‍ക്കുമുന്നില്‍ പുകമറ സൃഷ്‌ടിച്ച്‌ തന്നെ താല്‍കാലികമായി അപകീര്‍ത്തിപ്പെടുത്താനായേക്കുമെന്നു പറഞ്ഞ എം.എല്‍.എ. തന്റെ പാര്‍ട്ടിയോടുള്ള വിശ്വസ്‌ഥത പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തുകൊള്ളാമെന്നും ബിന്ദുകൃഷ്‌ണ ഉന്നയിച്ച 20 ചോദ്യങ്ങള്‍ക്കു ജയലാല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഇ.എസ്‌.ഐ. കോര്‍പറേഷന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ്‌ ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യമേഖലക്ക്‌ പോകാതെ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ കാട്ടി നിവേദനം നല്‍കിയത്‌ താനാണ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട്‌ അടിസ്‌ഥാന സൗകര്യം കൈവരിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ പാരിപ്പള്ളിയിലേതാണ്‌. ഇടതുസര്‍ക്കാരാണ്‌ ഇതിനുള്ള നടപടികളെടുത്തത്‌. അഷ്‌ടമുടി ആശുപത്രി വാങ്ങിയ സംഘം ബൈലോ, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, ഓഹരി ഉടമകള്‍ എന്നിവ സംബന്ധിച്ച്‌ എല്ലാ വിവരവും അടങ്ങുന്ന സ്‌റ്റേറ്റ്‌മെന്റ്‌ ആദായനികുതി വകുപ്പിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇത്‌ പരിേശാധിക്കാന്‍ വിവരാവകാശ നിയമത്തെ ആശ്രയിക്കണം.
50 കോടി രൂപയ്‌ക്കാണ്‌ ഈ ആശുപത്രി കച്ചവടം നടന്നതെന്നും അതില്‍ 5.25 കോടി രൂപ മാത്രമാണ്‌ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നുമടക്കമുള്ള ആരോപണങ്ങളെപ്പറ്റി പൊതുജനസമക്ഷം സംസാരിക്കാനാണ്‌ പരസ്യസംവാദത്തിന്‌ ക്ഷണിച്ചത്‌. ഒളിച്ചിരിക്കാതെ മുന്നോട്ടുവരാന്‍ ബിന്ദുകൃഷ്‌ണയെ വീണ്ടും ക്ഷണിക്കുന്നു. 2011-ല്‍ തന്റെ കുടുംബത്തിന്റെ ആസ്‌തി ആകെ 152 സെന്റ്‌ പുരയിടവും അതില്‍പ്പെട്ട രണ്ട്‌ വീടുകളുമാണ്‌. 2016-ലും ഇപ്പോഴും ഈ ആസ്‌തിയില്‍ ഒരു മാറ്റവുമില്ലെന്ന്‌ ജയലാല്‍ പറഞ്ഞു.
സാന്ത്വനം സഹകരണ സംഘത്തിന്റെ പേരില്‍ അഷ്‌ടമുടി ആശുപത്രിയുടെ കച്ചവടവുമായി ബന്ധപ്പെട്ട്‌ ജി.എസ്‌. ജയലാല്‍ എം.എല്‍.എ. അഴിമതി കാട്ടിയെന്ന്‌ പകല്‍പോലെ വ്യക്‌തമായിരിക്കെ ആശുപത്രി വിലയ്‌ക്ക് വാങ്ങുന്നതിനുവേണ്ടി മാത്രം ഒരു തട്ടിക്കൂട്ടു സഹകരണസംഘം ഉണ്ടാക്കിയ ജയലാല്‍ രാജി വയ്‌ക്കുന്നതുവരെ ശക്‌തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ്‌ മുന്നോട്ടു പോകുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ പറഞ്ഞു. ക്രിമിനല്‍ കേസുകളിലെ പ്രതികളെയും ബ്ലാക്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട കരാറുകാര്‍ ഉള്‍പ്പടെയുള്ളവരെയും കൂട്ടുപിടിച്ചാണ്‌ അഷ്‌ടമുടി ആശുപത്രി വാങ്ങുന്നതിനു വേണ്ടി സംഘം രൂപീകരിച്ചത്‌. എം.എല്‍.എ. ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ പേരില്‍ വാഹനം വാങ്ങി ഉപയോഗിക്കുന്നതിന്‌ ബിനാമി എന്നല്ലാതെ മറ്റെന്തു പേരാണു വിളിക്കേണ്ടതെന്ന്‌ ജയലാല്‍ തന്നെ പൊതുജനങ്ങളോട്‌ വ്യക്‌തമാക്കണം.
പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസം എത്തിക്കുന്നതിന്‌ പകരം വാചകമേള നടത്തിയാല്‍ മാത്രം പോരെന്നും ബിന്ദുകൃഷ്‌ണ പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ എം.എല്‍.എയുടെയും അദ്ദേഹത്തിന്റെ ബിനാമികളുടെയും സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്‌ അന്വേഷിച്ച്‌ നടപടി എടുക്കണമെന്ന്‌ യു.ഡി.എഫ്‌. ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
സ്വകാര്യ മെഡിക്കല്‍ കോളജിന്‌ വേണ്ടി പാരിപ്പള്ളിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണവും നേരത്തെ എം.എല്‍.എക്കെതിരെയുണ്ടെന്നും മെഡിക്കല്‍ കോളജിലെ ചില ഡോക്‌ടര്‍മാരും ജീവനക്കാരും പുതിയ കച്ചവടത്തില്‍ പങ്കാളികളായി പണം മുടക്കിയിട്ടുണ്ടെന്നും യു.ഡി.എഫ്‌. ജില്ലാ നേതൃത്വം ആരോപിക്കുന്നു. എം.എല്‍.എ. രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ: ബിന്ദുകൃഷ്‌ണയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 12 മണിക്കൂര്‍ ഉപവാസസമരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി സര്‍ക്കാര്‍ പാരിപ്പള്ളി ഇ.എസ്‌.ഐ. മെഡിക്കല്‍ കോളജ്‌ സ്വകാര്യമേഖലക്ക്‌ കൈമാറാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ്‌. നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ അത്‌ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെ തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ച എം.എല്‍.എ. വീണ്ടും പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറക്കാന്‍ ശ്രമിക്കുന്നതായും എം.പി. ആരോപിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW