Tuesday, August 20, 2019 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി കുടംബങ്ങള്‍ കണ്ണീരോടെ ചോദിക്കുന്നു...

വെള്ളമുണ്ട: മഴ പെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ്‌ വീഴേണ്ടത്‌?. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ ജനപ്രതിനിധകളുടെ ഓഫീസിലും കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന്‍ നമ്പിയുടെ ചോദ്യമാണിത്‌.
കൈക്ക്‌ വോട്ടു ചെയ്യാത്തതിന്റെ പേരില്‍ പഞ്ചായത്തില്‍ നിന്നും മടക്കി അയക്കുമ്പോള്‍ വോട്ടു ലഭിച്ചവരുടെ പാര്‍ട്ടിക്കാരനായ സ്‌ഥലം എം.എല്‍.എയും കനിവ്‌ കാണിക്കുന്നില്ലെന്ന്‌ കോളനിനിവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു കോളനിക്ക്‌ പുറകില്‍ നിന്നും മണ്ണിടിഞ്ഞ്‌ വീണത്‌. കോളനിയിലെ വാസുവിന്റെ വീട്‌ പൂര്‍ണ്ണമായും മണ്ണിനടിയിലായി.
വീടിനുള്ളില്‍ ദോശയുണ്ടാക്കുകയായിരുന്ന മകള്‍ പത്ത്‌ വയസ്സുകാരി രമ്യയുടെ ദേഹത്ത്‌ തീ പടര്‍ന്ന്‌ 70 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം ജില്ലാ അശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്ന രമ്യ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയെങ്കിലും ഇപ്പോഴും സ്‌ഥിരമായി സ്‌കൂളില്‍ പോവാന്‍ കഴിയാറില്ല.മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന്‌ സബ്‌ കളക്‌ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധകളും കോളനിയിലെത്തി മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി.
ഇവര്‍ താമസിച്ചു വന്നിരുന്ന സ്‌ഥലം വാസയോഗ്യമല്ലെന്ന്‌ റവന്യു വകുപ്പും ട്രൈബല്‍ വകുപ്പും വിധിയെഴുതിയതോടെയാണ്‌ ഇവരുടെ തുടര്‍ ജീവിതം കൂടുതല്‍ ദുരിതത്തിലായത്‌. ഒരു മാസത്തോളം ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച ശേഷമാണ്‌ കോളനിയിലേക്ക്‌ മടങ്ങിയത്‌. ഭൂമി വാസയോഗ്യമല്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞതോടെ നേരത്തെ തുടങ്ങിവെച്ച മൂന്ന്‌ വീടുകളുടെ തുടര്‍ നിര്‍മാണം നിലച്ചു.
കോളനിയിലെ നമ്പി, ചാല, രാജിത എന്നിവര്‍ക്കായിരുന്നു ട്രൈബല്‍ വകുപ്പ്‌ വീട്‌ അനുവദിച്ചത്‌. ഇത്‌ പ്രകാരം നിര്‍മാണം ആരംഭിച്ച വീടിന്റെ തറകളിലാണ്‌ നിലവില്‍ കുടുംബങ്ങള്‍ പ്ലാസ്‌റ്റിക്‌ കൂരകളുണ്ടാക്കി കഴിയുന്നത്‌. ഇവര്‍ക്ക്‌ തുടര്‍ ഫണ്ട്‌ വകുപ്പ്‌ തടയുകയായിരുന്നു. സ്‌ഥലം വാസയോഗ്യമല്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ വാക്കാല്‍ പറഞ്ഞെങ്കിലും വര്‍ഷം ഒന്ന്‌ പിന്നിട്ടിട്ടും ഇവരെ പുനഃരധിവസിപ്പിക്കാന്‍ യാതൊരു നടപടികളുമായിട്ടില്ല. കോളനിയിലെ ആറ്‌ കുടുംബങ്ങളില്‍ ഒരു കുടംബം മാത്രമാണ്‌ റീബില്‍ഡ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടത്‌. മുഴുവന്‍ കുടുംബങ്ങളും പട്ടികയിലുള്‍പ്പെടാന്‍ വിദഗ്‌ദസമിതി റിപ്പോര്‍ട്ട്‌ വേണം.
റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ മാത്രമെ പകരം ഭൂമി കണ്ടെത്തി പുനഃരധിവാസിപ്പിക്കാന്‍ കഴിയുകയുള്ളു. കേവലം റിപ്പോര്‍ട്ടിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കില്‍ സ്‌ഥലവും വീടും ലഭിക്കാന്‍ ഇനിയെത്രകാലം കാത്തിരിക്കണെമെന്നതാണ്‌ കോളനിനിവാസികളെ ആശങ്കയിലാക്കുന്നത്‌.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW