Tuesday, August 20, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

മത്സ്യത്തൊഴിലാളികളെ ആദരിച്ചു; ആനുകൂല്യവും വിതരണം ചെയ്‌തു

കൊല്ലം: പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പരിപാടിയുടെ വേദിയില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു.
പുനര്‍നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം, വാങ്ങി നല്‍കിയ വസ്‌തുവിന്റെ ആധാരം കൈമാറല്‍, പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്‌ ആദ്യം ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആദരം എന്നിവയാണ്‌ നടന്നത്‌. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ഉപയോഗിച്ച്‌ പൂര്‍ത്തിയാക്കിയ 27 വീടുകളുടെ താക്കോലുകള്‍ ഗുണഭോക്‌താക്കള്‍ ഏറ്റുവാങ്ങി. പടിഞ്ഞാറേ കല്ലട സൂര്യഭവനത്തില്‍ ലീലയ്‌ക്ക് പുതുതായി വസ്‌തു വാങ്ങി നല്‍കിയതിന്റെ ആധാരം ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൈമാറി. പ്രളയരക്ഷാ ദൗത്യവുമായി ജില്ലയില്‍ നിന്ന്‌ ആദ്യം പുറപ്പെട്ട വിനീതമോള്‍, ഇന്‍ഫന്റ്‌ ജീസസ്‌, പത്ത്‌ കല്‌പന എന്നീ യാനങ്ങളിലെ എട്ടു മത്സ്യത്തൊഴിലാളികളെ പ്രതീകാത്മകമായി പൊന്നാടയണിയിച്ചു ആദരിച്ചു. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന മണ്‍ട്രോതുരുത്ത്‌ വില്ലേജില്‍ പ്രീതിയുടെ വീട്‌ പുനര്‍നിര്‍മിച്ച ബില്‍ഡിംഗ്‌ മെറ്റീരിയല്‍ സ്‌ഥാപനത്തിന്റെ ഉടമ സുധീഷിനെയും ആദരിച്ചു.
ലീലയ്‌ക്ക് ഇനി വീട്‌ ഒരുങ്ങും സര്‍ക്കാര്‍ തണലില്‍ ലീലയ്‌ക്കും കുടുംബത്തിനും ഇനി സര്‍ക്കാരിന്റെ തണലില്‍ സ്വന്തം ഭൂമിയില്‍ വീടു പണിയാം. കഴിഞ്ഞ പ്രളയത്തില്‍ സ്വന്തം സ്‌ഥലവും വീടും നഷ്‌ടമായ പടിഞ്ഞാറേകല്ലട സൂര്യ ഭവനത്തില്‍ ലീലയ്‌ക്കാണ്‌ അഞ്ച്‌ സെന്റ്‌ ഭൂമി വാങ്ങി നല്‍കിയത്‌. കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ സുദര്‍ശനനും മകന്‍ സൂര്യജിത്തും അടങ്ങുന്ന കുടുംബത്തിന്‌ സര്‍ക്കാരിന്റെ കൈത്താങ്ങായ വസ്‌തുവിന്റെ ആധാരം കൈമാറിയത്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പടിഞ്ഞാറേകല്ലട ഉള്ളുരുപ്പ്‌ പ്രദേശത്താണ്‌ ഇവര്‍ക്കായി സര്‍ക്കാര്‍ സ്‌ഥലം വാങ്ങി നല്‍കിയത്‌. കേരളത്തെ ആകെ വിഴുങ്ങിയ പ്രളയത്തിലാണ്‌ ഇവരുടെ വീടും വസ്‌തുവും പൂര്‍ണമായും നഷ്‌ടമായത്‌. കല്ലടയാറിന്റെ സമീപത്തായിരുന്നു ഇവരുടെ താമസം. ഈ കുടുംബത്തിന്‌ ഷീറ്റ്‌ മേഞ്ഞ പഴയ വീട്ടില്‍ നിന്ന്‌ ഇനി മോചനമാകും. സുരക്ഷിത സ്‌ഥലത്ത്‌ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാകും പുതിയ ജീവിതം. സര്‍ക്കാര്‍ ധനസഹായത്തോടു കൂടിയാണു വീടു നിര്‍മാണം നടക്കുക.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW