Tuesday, August 20, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

ജില്ലയില്‍ 10 ലക്ഷം പേര്‍ക്ക്‌ ആയിരംകോടി നല്‍കി: മന്ത്രി സുധാകരന്‍

ആലപ്പുഴ: ജില്ലയില്‍ പ്രളയാനന്തര ദുരിതാശ്വാസമായി 10 ലക്ഷം പേര്‍ക്ക്‌ 1000 കോടി രൂപ ഇതുവരെ വിതരണം ചെയ്‌തതായി പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍. പ്രളയാനന്തരം ജില്ലയില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിന്‌ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പരിപാടി നഗരസഭാ ടൗണ്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
1000 കോടി ഇതു വരെ നല്‍കിയ തുകയാണ്‌. 400 കോടി രൂപ കൂടി ഇനിയും നല്‍കും. അര്‍ഹരായ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ ഇനിയും അവസരം നല്‍കും. അതിനായി അദാലത്തുകള്‍ നടത്തും. അസാധ്യമെന്ന്‌ തോന്നിയതാണ്‌ ഇവിടെ നടത്തുന്നത്‌. സംസ്‌ഥാനത്ത്‌ 5000 കോടി രൂപയോളം പല ഭാഗത്തുനിന്നും സ്വമേധയാ ലഭിച്ചിട്ടുണ്ട്‌. 23,000 കി.മി. റോഡ്‌ പുനഃസ്‌ഥാപിച്ചു. പൊതുമരാമത്തുവകുപ്പ്‌ മാത്രം 300 കോടി രൂപ ജില്ലയില്‍ ചെലഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡ്‌ 15 സ്‌ഥലങ്ങളില്‍ നാലുമീറ്റര്‍ വരെ ഉയര്‍ത്തി 34 ചെറിയ പാലങ്ങള്‍ നിര്‍മിച്ച്‌ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുകയാണ്‌. ഇതിന്‌ 150 കോടി മാറ്റിവച്ചു.
അമ്പലപ്പുഴ തിരുവല്ല റോഡ്‌ സെപ്‌റ്റംബറില്‍ തുറക്കും. 2020ല്‍ കുട്ടനാട്ടിലെ സകല റോഡും മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ കേരളം സൃഷ്‌ടിക്കുന്നതിനുള്ള നിശ്‌ചയദാര്‍ഢ്യത്തോ ടെയുള്ള പ്രവര്‍ത്തനമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
സംസ്‌ഥാന സര്‍ക്കാരിന്‌ പല കാര്യങ്ങളിലും പരിമിതികളുണ്ടായി. പരിസ്‌ഥിതിയോട്‌ നമ്മള്‍ ചെയ്‌ത അനീതിയാണ്‌ പ്രളയദുരന്തത്തിന്റെ പ്രധാന കാരണം. ജീവിതത്തിന്റെ സമസ്‌ത മേഖലയിലും കനത്ത നഷ്‌ടമാണ്‌ ഉണ്ടായത്‌. നമ്മുടെ സാമ്പത്തിക സ്‌ഥിതിയെ ആകെ ഉലച്ചു. 50ലക്ഷത്തിലതികം പേരാണ്‌ ക്യാമ്പുകളിലേക്ക്‌ പോയത്‌. സംസ്‌ഥാന സര്‍ക്കാരിന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക്‌ പല രീതിയില്‍ തടസവാതങ്ങള്‍ ഉന്നയിക്കുന്ന സംഭവങ്ങളുമുണ്ടായെന്ന്‌ മന്ത്രി പറഞ്ഞു.സഹകരണ വകുപ്പും വിവിധ സഹകരണ ബാങ്കുകളുമായി ചേര്‍ന്നു നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 201 വീടുകളാണ്‌ കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മിക്കുന്നത്‌.
റീബില്‍ഡ്‌ കേരളയുടെ രണ്ട്‌ വീടുകളുടെ താക്കോല്‍ ദാനവും നടത്തി. ഐആം ഫോര്‍ ആലപ്പി വേള്‍ഡ്‌ വിഷന്റെ സഹായത്തോടെ 36 പേര്‍ക്ക്‌ നല്‍കിയ ചെറുവള്ളങ്ങളുടെ വിതരണവും മന്ത്രിമാര്‍ നിര്‍വഹിച്ചു. ബാംഗ്ലൂര്‍ രാമകൃഷ്‌ണ മിഷന്‍ നിര്‍മിച്ചു നല്‍കിയ എട്ടു അംഗനവാടികളുടെ താക്കോല്‍ ദാനവും നടത്തി. പ്രളയകാലത്ത്‌ സന്നദ്ധസേവനം അനുഷ്‌ടിച്ച എന്‍.ജി.ഒ. കള്‍ക്കുള്ള മെമന്റോ വിതരണവും മികച്ച സേവനം നല്‍കിയ വകുപ്പ്‌ തലവന്മാര്‍ക്കുളള പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു.
ദുരിതാശ്വാസ ക്യാമ്പുകള്‍ നടന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സബ്‌ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജ, വെളിയനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു, കൈനകരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല, എ.ഡി.എം. ഐ. അബ്‌ദുല്‍ സലാം, ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW