Wednesday, August 21, 2019 Last Updated 43 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

തലസ്‌ഥാനത്തെ ചോരക്കളി: തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന്‌ നേതാക്കള്‍

uploads/news/2019/07/321734/i1.jpg

കട്ടപ്പന: രക്‌തസാക്ഷി അഭിമന്യുവിന്റെ സ്‌മരണകളുണര്‍ത്തി 45-ാമത്‌ എസ്‌.എഫ്‌.ഐ ജില്ലാ സമ്മേളനത്തിനു കട്ടപ്പനയില്‍ തുടക്കം. സമ്മേളനം ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന പ്രസിഡന്റ്‌ എസ്‌. സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. തെറ്റുപറ്റിയെങ്കില്‍ അത്‌ തിരുത്തി മുന്നോട്ടുപോകുന്ന സംഘടനയാണ്‌ എസ്‌.എഫ്‌.ഐ എന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ ഉദ്ധരിച്ചു സതീഷ്‌ പറഞ്ഞു.
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ്‌ കടന്നുപോകുന്നതെന്നും ചരിത്ര സ്‌മാരകങ്ങളെ വില്‍ക്കുകയാണ്‌ രാജ്യം ഭരിക്കുന്നവരെന്നും സതീഷ്‌ പറഞ്ഞു. രാജ്യത്തെ സ്‌ഥിരം തൊഴില്‍ എന്ന സ്വപ്‌നം ഇല്ലാതാക്കുന്നു. കര്‍ഷകര്‍ ജീവിക്കാനായുള്ള സമരത്തിലാണ്‌. രാജ്യത്തുയരുന്ന കര്‍ഷക സമരങ്ങള്‍ ഇതിന്റെ തെളിവാണ്‌.
യു.പി.എ സര്‍ക്കാരിന്റെ കോര്‍പറേറ്റ്‌ നയങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായി ബി.ജെ. പി സര്‍ക്കാര്‍ മാറി. ഈ നയങ്ങള്‍ രാജ്യത്തെ തകര്‍ക്കുകയാണ്‌. ഇന്നത്തെ കോണ്‍ഗ്രസ്‌ നാളത്തെ ബി.ജെ.പി ആകുന്ന കാഴ്‌ചയാണ്‌ കാണാനാവുന്നത്‌.
പൊതു വിദ്യാഭ്യാസ രംഗത്ത്‌ കേന്ദ്രസര്‍ക്കാരിന്റെയും യു.ഡി.എഫിന്റെയും നയങ്ങള്‍ക്ക്‌ ബദല്‍ സൃഷ്‌ടിക്കുകയാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍. യു.ഡി.എഫ്‌ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിച്ചപ്പോള്‍ സാമൂഹിക നീതി ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പരിഷ്‌കാരമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയത്‌.
നഗരസഭ ടൗണ്‍ഹാളില്‍ ഇന്നലെ ആരംഭിച്ച സമ്മേളനം ഇന്ന്‌ ഉച്ചയോടെ സമാപിക്കും. ജില്ലാ പ്രസിഡന്റ്‌ തേജസ്‌.കെ. ജോസ്‌ പതാക ഉയര്‍ത്തി. ടൗണ്‍ ഹാളിന്‌ മുന്നില്‍ ഒരുക്കിയ രണകുടീരത്തില്‍ പ്രതിനിധികള്‍ പുഷ്‌പാര്‍ച്ചന നടത്തി. 250 പ്രതിനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.
അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത്‌ സമ്മേളന വേദിയിലെത്തിയത്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശമായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.എന്‍ വിജയന്‍, കെ.എസ്‌ മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ശിവരാജന്‍, എസ്‌.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ്‌, എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടറി എം.എസ്‌ ശരത്ത്‌, എസ്‌.എഫ്‌.ഐ നേതാക്കളായ വി.എ ബിനീഷ്‌, വി.പി ശരത്‌ പ്രസാദ്‌, എ.പി അന്‍വര്‍, കെ.എം അരുണ്‍, എസ്‌.അഷിത, വിഷ്‌ണു ഗോപാല്‍, സംഘാടക സമിതി ചെയര്‍മാന്‍ വി.ആര്‍ സജി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു, കെ.പി സുമോദ്‌, ടിജി എം.രാജു, എം.പി ഹരി, ജഗന്‍ വിനോദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ ഉച്ചക്ക്‌ ശേഷം ഗ്രൂപ്പ്‌ ചര്‍ച്ചയും തുടര്‍ന്ന്‌ പൊതുചര്‍ച്ചയും നടന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവം എസ്‌.എഫ്‌.ഐക്ക്‌ ചീത്തപ്പേരുണ്ടാക്കിയതായും അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളായവരെ മുഴുവന്‍ പിടികൂടാത്തതിലുള്ള അമര്‍ഷവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ഇന്ന്‌ രാവിലെ പൊതുചര്‍ച്ച തുടരും, മറുപടി പ്രസംഗം, യാത്രയയപ്പ്‌, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും.സമ്മേളനം ഇന്ന്‌ ഉച്ചയോടെ സമാപിക്കും.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW