Wednesday, August 21, 2019 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

വിശ്വസാഹിത്യകാരന്റെ ഓര്‍മയില്‍ ഇന്നും പാലാംകടവ്‌ കടത്തുകടവ്‌

വൈക്കം:വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ വിടവാങ്ങിയിട്ട്‌ കാല്‍നൂറ്റാണ്ട്‌ പിന്നിടുമ്പോഴും ഇദ്ദേഹത്തിന്റെ ഓര്‍മകളെ തലോടുകയാണ്‌ നൂറ്റാണ്ടിന്റെ പെരുമയുമായി നിലകൊള്ളുന്ന പാലാംകടവ്‌ കടത്തുകടവ്‌. ഇമ്മിണി ബല്യ സാഹിത്യകാരന്റെ സാഹിത്യസൃഷ്‌ടികളിലെല്ലാം കടത്തുകടവ്‌ ഒരു ഭാഗമായിരുന്നു.
വാഹനഗതാഗതം സുഗമമല്ലാതിരുന്ന കാലത്ത്‌ തലയോലപ്പറമ്പിലേക്കെത്തുവാന്‍ മറ്റു പഞ്ചായത്തുകള്‍ ആശ്രയിച്ചിരുന്നത്‌ പാലാംകടവ്‌ കടത്തിനെയായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പാലാംകടവില്‍ പാലം വരുന്നതിനുമുന്‍പ്‌ വരെ കടത്തുകടവ്‌ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരമായിരുന്നു.
ബഷീറിന്റെ ബാല്യകാലത്തില്‍ കടത്തുകടവിന്‌ ഏറെ പ്രാധാന്യമുണ്ട്‌. മറവന്‍തുരുത്ത്‌ പഞ്ചായത്തിലെ മണകുന്നത്തുള്ള വീട്ടില്‍നിന്നും തലയോലപ്പറമ്പിലുള്ള മുഹമ്മദിയന്‍ എല്‍.പി സ്‌കൂളിലേക്ക്‌ ദിവസേന എത്തിയിരുന്നത്‌ ഈ കടത്തുകടവിലൂടെയായിരുന്നു. ഇപ്പോള്‍ ഈ സ്‌കൂള്‍ പൊളിച്ചുമാറ്റി. ബസ്‌ സ്‌റ്റാന്റ്‌ ആരംഭിക്കുന്നതിനുവേണ്ടിയാണ്‌ സ്‌കൂള്‍ ഇവിടെ നിന്ന്‌ മാറ്റിയത്‌. ബഷീറിന്റെ ഓര്‍മകള്‍ നിലകൊള്ളുന്ന സ്‌കൂള്‍ അല്‍പം ദൂരെയായി ഇപ്പോഴും സ്‌ഥിതി ചെയ്യുന്നു.
ബേപ്പൂരില്‍നിന്ന്‌ ഫാബിയെ വിവാഹം ചെയ്‌ത്‌ ജന്മനാട്ടില്‍ എത്തിയപ്പോഴും കുടുംബവീട്ടിലേക്ക്‌ പോകുവാന്‍ ആശ്രയിച്ചിരുന്നതും ഈ കടത്തുവള്ളത്തെ തന്നെയാണ്‌. ഇന്ന്‌ ഓര്‍മകള്‍ അലയടിക്കുന്ന ഈ കടത്തുകടവ്‌ അധികാരികളുടെ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്‌. നാലു വര്‍ഷം മുന്‍പ്‌ ഫാബി വിടപറഞ്ഞപ്പോള്‍ ബഷീറിനെ സ്‌നേഹിക്കുന്നവരെല്ലാം കടത്തുകടവിന്റെ ഓര്‍മകളെ തലോടി. ഇമ്മിണി ബല്യ സാഹിത്യകാരന്റെ ഓര്‍മകള്‍ നിലനിര്‍ത്തുവാന്‍ ജന്മനാട്ടില്‍ നിരവധി സ്‌മാരകങ്ങള്‍ ഉയരുമ്പോഴും കടത്തുകടവിനെ മാത്രം മറക്കുന്നു. കടത്തുകടവിന്‌ സമീപം ബഷീര്‍ സ്‌മാരകം പണിതുയര്‍ത്തിയവരും ഇതിനെ വിസ്‌മരിച്ചു. എന്നാല്‍ പുതുതലമുറപോലും കടത്തുകടവിനെ കാണുമ്പോള്‍ ബഷീറിനെ ഓര്‍ത്തെടുക്കാറുണ്ട്‌. ഇത്‌ ജന്മനാട്‌ ബഷീറിനെ ഇന്നും അകമഴിഞ്ഞു സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്‌.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW