Thursday, August 22, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

പൂവം-പെരുമ്പുഴക്കടവ്‌ പാലത്തിനു പുനര്‍ജനി

ചങ്ങനാശേരി: അധികാര കേന്ദ്രങ്ങളുടെ അവഗണനയില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷം അവഗണിക്കപ്പെട്ടു കിടന്ന പൂവം-പെരുമ്പുഴക്കടവ്‌ പാലത്തിന്റെ സമീപ പാത പുനര്‍നിര്‍മ്മിക്കാന്‍ നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.എഫ്‌. തോമസ്‌ എം.എല്‍.എ. അറിയിച്ചു. കഴിഞ്ഞ മാസം മംഗളം പത്രം യാത്രാ ക്ലേശം മൂലം ഉയര്‍ന്ന ജനകീയ ആവശ്യം ചൂണ്ടിക്കാട്ടി വഴി നടക്കാന്‍ വഴികള്‍ തേടുന്നു എന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കിയിരുന്നു.
2010 ല്‍ മാര്‍ച്ച്‌ മാസം ഔദ്യോഗികമായി തുറക്കും മുമ്പു ട്രയല്‍ ഗതാഗതത്തിനായി തുറന്ന പാതയിലെ അപ്രോച്ച്‌ റോഡ്‌ മണ്ണു കയറ്റി ലോറികള്‍ കടന്നു പോയതോടെ താഴുകയും ഗതാഗതയോഗ്യമല്ലാത്ത നിലയിലാവുകയുമായിരുന്നു. അതേ നിലയില്‍ പാലവും റോഡും കഴിഞ്ഞ 9 വര്‍ഷമായി കാടും മരങ്ങളും പടര്‍ന്നു കയറി ഭരണ കെടുകാര്യസ്‌ഥതയുടെ സ്‌മാരകമായി മാറിയിരുന്നു.
പൂവം ഗ്രാമവാസികള്‍ നിരന്തരമായി സമീപന പാത നിര്‍മ്മാണ ആവശ്യമുന്നയിച്ച്‌ അധികാരികളെ സമീപിച്ചുവെങ്കിലും സ്‌ഥല പരിശോധനയും മണ്ണു പരിശോധിക്കലുമായി കാലങ്ങള്‍ കടന്നു. ഒടുവില്‍ പ്രക്ഷോഭത്തിനുള്ള അണിയറ നീക്കങ്ങള്‍ ചൂടുപിടിച്ചു തുടങ്ങിയതോടെ സ്‌ഥലം എം.എല്‍.എ. സി.എഫ്‌.തോമസ്‌ ശക്‌തമായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതോടെയാണു കടുത്ത സംസ്‌ഥാന സര്‍ക്കാര്‍ 4 കോടി രുപ പൂവം- പെരുമ്പുഴക്കടവ്‌ പാലത്തിന്റെ സമീപന പാതയുടെ പുനര്‍ നിര്‍മ്മാണത്തിനായി അനുവദിച്ചത്‌.
വര്‍ഷങ്ങളായി വയല്‍ വരമ്പുകളിലും തോട്ടിറമ്പുകളിലും യാത്രാ മാര്‍ഗം കണ്ടെത്തിയ പൂവം ഗ്രാമത്തിന്റെ പ്രതീക്ഷയാണു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സമീപ പാതയുടെ രൂപത്തില്‍ ചെളിയില്‍ താഴ്‌ന്നത്‌. പാലവും റോഡും നിര്‍മ്മാണം പൂര്‍ത്തിയാക്കി ആഘോഷങ്ങള്‍ക്കും ഉദ്‌ഘാടനത്തനും കാത്ത ഗ്രാമം പാതയുടെ തകര്‍ച്ചയോടെ വഴിയടഞ്ഞ പ്രദേശവാസികളായി. പിന്നീടു വയല്‍ വരമ്പുപോലുള്ള മറ്റു വഴികളില്‍ കൂടിയാണവര്‍ നഗരത്തിലെത്തിയിരുന്നത്‌. സഞ്ചാര മാര്‍ഗം വര്‍ഷങ്ങളായി തേടിയവരുടെ നീണ്ട കാത്തിരിപ്പാണു സര്‍ക്കാര്‍ തുക അനുവദിച്ചതോടെ ഫലം കാണുന്നത്‌.
പായിപ്പാട്‌ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട 16 ാം വാര്‍ഡിലാണു പൂവം പാലവും റോഡുമുള്ളത്‌. 750 ല്‍ പരം കുടുംമ്പങ്ങളിലായി അയ്യായിരത്തോളം ജനങ്ങളാണു നിത്യം ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരുന്നത്‌.
പൂവം പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു പൂവം പ്രദേശവാസികൂടിയായ ഇരിക്കൂര്‍ എം.എല്‍.എ. കെ.സി.ജോസഫ്‌ മന്ത്രി കെ. കൃഷണന്‍കുട്ടിക്കു നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടി വേഗത്തിലാക്കാന്‍ സി.എഫ്‌. തോമസാണു നിരന്തര സമ്മര്‍ദം ചെലുത്തിയതെന്ന്‌ ഇറിഗേഷന്‍ വകുപ്പ്‌ ഉന്നതര്‍ വെളിപ്പെടുത്തി.
ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ നെല്ലറകൂടിയാണു പൂവം പ്രദേശം. പാലവും റോഡും സഞ്ചാര യോഗ്യമാകുന്നതോടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും വലിയ അനുഗ്രഹമാകും ഈ പാത.
നഗരത്തില്‍ നിന്നും , തിരിച്ചും വേഗം എത്താന്‍ സാധിക്കുന്ന സമീപന പാതയുടെ നിര്‍മ്മാണത്തിനു ഭരണാനുമതി ലഭിച്ചതോടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സാങ്കേതികാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഇന്‍ലാന്റ്‌ നാവിഗേഷന്‍ ഡയറക്‌ടര്‍ ഓഫീസില്‍ പുരോഗമിക്കുകയാണ്‌.
ചീഫ്‌ എന്‍ജിനീയറുടെ സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജോലിക്കുള്ള ടെന്‍ഡര്‍ വിളിക്കുമെന്ന്‌ എം.എല്‍.എ. അറിയിച്ചു.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW