Wednesday, August 21, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പന

uploads/news/2019/07/319515/k2.jpg

പാലാ: സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പ്പന സംഘങ്ങള്‍ സജീവമാകുന്നു.
ഗ്രാമപ്രദേശങ്ങളിലെ ഒഴിഞ്ഞയിടങ്ങളും കോളനികളിലെ വിദ്യാര്‍ത്ഥികളേയും മുന്‍നിര്‍ത്തി കഞ്ചാവ്‌ വില്‌പനസംഘങ്ങള്‍ പിടിമുറുക്കുന്നുവെന്നാണ്‌ നാട്ടുകാരുടെ പരാതി. സ്‌കൂള്‍ തുറന്നതുമുതല്‍ കഞ്ചാവ്‌ വില്‌പനസംഘങ്ങള്‍ സജീവമാണ്‌. പാലാ മേഖലയില്‍ ഒരു മാസത്തിനിടയില്‍ നാലോളം യുവാക്കളെ പോലീസ്‌, എക്‌സൈസ്‌ സംഘങ്ങള്‍ പിടികൂടിയിരുന്നു.
പിടികൂടിയാലും പിന്നീട്‌ പൂര്‍വാധികം ശക്‌തിയോടെ ഇവര്‍ സജീവമാകുന്നതായാണ്‌ കണ്ടുവരുന്നത്‌. ഗ്രാമപ്രദേശങ്ങളിലെ കോളനികളിലേതടക്കം സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന വീടുകളിലെ വിദ്യാര്‍ത്ഥികളായ കുട്ടികളെ പ്രലോഭിപ്പിച്ചാണ്‌ കഞ്ചാവ്‌ വില്‌പനയ്‌ക്ക്‌ തയാറാക്കുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
ഇവരെ കഞ്ചാവിനടിമകളാക്കുന്നതിനൊപ്പം കഞ്ചാവ്‌ വില്‌പനയിലൂടെ വരുമാനം നേടാനാകുമെന്നുകൂടി ധരിപ്പിക്കുന്നതോടെ കൂട്ടുകാര്‍ക്ക്‌ കഞ്ചാവ്‌ വിറ്റഴിച്ച്‌ പണം നേടാനുളള വ്യഗ്രതയും കുട്ടികള്‍ക്കുണ്ടാകുന്നു. കോളനി കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പനസംഘങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നത്‌ ഈ ലക്ഷ്യത്തോടെയാണ്‌. മാതാപിതാക്കള്‍ കൂലിപ്പണിക്കാരായ കുടുംബങ്ങളുടെ സാമ്പത്തികസ്‌ഥിതി മുതലെടുത്ത്‌ കുട്ടികള്‍ക്ക്‌ തുണിയും മൊബൈല്‍ഫോണും സ്‌കൂട്ടറുംവരെ വാങ്ങാന്‍ പണം സമ്പാദിക്കാമൊന്നൊക്കെപ്പറഞ്ഞാണ്‌ ഇവരെ വലയില്‍ വീഴ്‌ത്തുന്നത്‌.
പലരും കഞ്ചാവ്‌ സംഘങ്ങളുടെ പ്രലോഭനത്തില്‍ കുടുങ്ങി ഇരകളായിത്തീരുകയാണ്‌.
വിദ്യാലയ പരിസരങ്ങളിലും നാട്ടിലെ ഒഴിഞ്ഞ കേന്ദ്രങ്ങളിലുംവച്ച്‌ കഞ്ചാവ്‌ പൊതികള്‍ കൈമാറുകയും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നതോടെ പതിയെപ്പതിയെ പലരും കഞ്ചാവിനടിമകളായി സംഘത്തില്‍ ചേരുകയാണ്‌. എക്‌സൈസിന്റേയോ, പോലീസിന്റേയോ പിടിയില്‍ ചിലരെങ്കിലും അകപ്പെടുമ്പോഴാണ്‌ മാതാപിതാക്കള്‍ സംഭവമറിയുന്നത്‌.
അടുത്തിടെ മാറിടം, പുല്ലുമറ്റം, ഇട്ടിയപ്പാറ, കല്ലിട്ടകോളനി, ചേര്‍പ്പുങ്കല്‍, പുല്ലപ്പള്ളി ക്ഷേത്രത്തിനു സമീപം തുടങ്ങിയ സ്‌ഥലങ്ങളിലെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പന സജീവമായിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ കഞ്ചാവ്‌ വില്‌പനസംഘങ്ങളുടെ പ്രലോഭനത്തില്‍പെട്ട്‌ കഞ്ചാവ്‌ ഉപയോഗിക്കാനും വില്‌പന നടത്താനും രംഗത്തിറങ്ങിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇതുപോലെ ജില്ലയിലെ പല സ്‌ഥലങ്ങളിലും സാമ്പത്തികപരാധീനത അനുഭവിക്കുന്ന കുട്ടികളെ പ്രലോഭിപ്പിച്ച്‌ കഞ്ചാവ്‌ വില്‌പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ സജീവമാണ്‌. എക്‌സൈസിന്റേയും പോലീസിന്റേയും നിരന്തര ശ്രദ്ധ ഇതുപോലുള്ളിടങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ ഒട്ടേറെ സാധുകുടുംബങ്ങളിലെ കുട്ടികള്‍ ലഹരിക്കടിപ്പെട്ട്‌ അവരുടെ ജീവിതംതന്നെ ഇല്ലാതാകും. ഒപ്പം അവരെ ഏറെ പ്രതീക്ഷയോടെ വളര്‍ത്തിവലുതാക്കുന്ന മാതാപിതാക്കളുടേയും.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW