Friday, August 23, 2019 Last Updated 51 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.15 AM

അപകട സാധ്യതയേറി ഇലവുംതിട്ട ജങ്‌ഷന്‍

ഇലവുംതിട്ട: പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടിലെ ഏറ്റവും തിരക്കേറിയ മുക്കവലയായ ലവുംതിട്ട ജങ്‌ഷനില്‍ ഗതാഗത കുരുക്ക്‌ പതിവാകുന്നു. ചെറുതും വലുതുമായ അപകടം കൂടി ഏറിയതോടെ ജങ്‌ഷനില്‍ ഗതാഗത നിയന്ത്രണത്തിന്‌ നടപടി വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിനുള്ള പോലീസ്‌ സ്‌റ്റേഷന്‍ മെഴുവേലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച്‌ മാസങ്ങള്‍ പിന്നിട്ടിട്ടും ഇലവുംതിട്ട ജങ്‌ഷനിലെ ട്രാഫിക്‌ നിയന്ത്രണത്തിന്‌ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മഴക്കാലമായതോടെ ചന്ത ദിവസങ്ങളിലാണ്‌ കുരുക്ക്‌ ഏറിയിട്ടുള്ളത്‌. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ഇവിടെ അപകട സാധ്യത ഏറെയാണ്‌. ആല്‍ത്തറയ്‌ക്ക്‌ ചുറ്റുമുളള ഗ്രൗണ്ടില്‍ ടാക്‌സി- ചരക്ക്‌ വാഹനങ്ങളും പഞ്ചായത്ത്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലെ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ ഓട്ടോറിക്ഷകളുമാണ്‌ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഈ വാഹനങ്ങള്‍ നിരന്തരം വരികയും പോവുകയും ചെയ്യുന്നതു മൂലം ഗതാഗത തടസം വര്‍ധിക്കുന്നു.
വീതി കുറഞ്ഞ റോഡിലൂടെ കുത്തനെയുള്ള കയറ്റം കയറി പത്തനംതിട്ടയില്‍ നിന്ന്‌ വരുന്ന കെ.എസ്‌.ആര്‍.ടി.സി-സ്വകാര്യ ബസുകളും മറ്റ്‌ വാഹനങ്ങളും കൂടി എത്തുന്നതോടെ ഗതാഗതം അഴിയാക്കുരുക്കായി മാറുന്നു. ബസുകള്‍ വീതി കുറഞ്ഞ റോഡിലൂടെ ചെങ്ങന്നൂര്‍ ഭാഗത്തേക്ക്‌ തിരിയുന്നത്‌ അതി സാഹസികമായാണ്‌. ചെങ്ങന്നൂര്‍- കോഴഞ്ചേരി- പന്തളം റൂട്ടുകളില്‍ നിന്ന്‌ പത്തനംതിട്ടയിലേക്ക്‌ വരുന്ന വാഹനങ്ങളും ജങ്‌ഷന്‍ തിരിഞ്ഞ്‌ പത്തനംതിട്ട റോഡിലെ കുത്തിറക്കത്തിലേക്ക്‌ തിരിയുന്നതും കഷ്‌ടപ്പെട്ടാണ്‌.
ബസ്‌ കാത്തു നില്‍ക്കുന്നവരുടെ തിരക്കു കൂടിയാകുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നു. പന്തളം- കോഴഞ്ചേരി റോഡില്‍ ജങ്‌ഷന്‌ തെക്ക്‌ ഭാഗത്തായി ചെറിയ ആല്‍മരച്ചുവട്ടിലായി ഒരു വെയിറ്റിങ്‌ ഷെഡ്‌ മാത്രമാണുള്ളത്‌. കോഴഞ്ചേരി, ചെങ്ങന്നൂര്‍ ഭഗത്തേക്കുളള ബസുകള്‍ പഴയ സിനിമാ തീയറ്ററിന്‌ അടുത്തായി സ്‌റ്റാന്‍ഡ്‌ നിശ്‌ചയിച്ച്‌ നിര്‍ത്തേണ്ടി വരുമ്പോള്‍ ഇത്‌ നിലവിലെ ഓട്ടോസ്‌റ്റാന്‍ഡിന്‌ നടുവിലായാണ്‌ വരുന്നത്‌.
ഇതും അപകടത്തിന്‌ കളമൊരുക്കുന്നു. ജങ്‌ഷന്‍ കഴിഞ്ഞാലും തൊട്ടടുത്ത ഇടങ്ങളും അപകട കെണികളാണ്‌. കോഴഞ്ചേരി, ചെങ്ങന്നൂര്‍ റോഡുകളിലേക്ക്‌ തിരിയുന്ന മുക്കട മുക്കിലും അപകടം പതിയിരിക്കുന്നു. മൂന്നിടങ്ങളില്‍ നിന്ന്‌ വാഹനങ്ങള്‍ കടന്നു വരുന്നത്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരസ്‌പരം കാണാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ സൃഷ്‌ടിക്കുന്നത്‌. മുക്കട മുക്കിനും ഇലവുംതിട്ട ജങ്‌ഷനും ഇടയില്‍ സ്വകാര്യ വ്യാപാര കേന്ദ്രത്തിന്‌ മുന്നില്‍ റോഡിന്‌ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ ഒരു വലിയ വിപത്തായി മാറിയിട്ടുണ്ട്‌.
മുക്കട മുക്ക്‌ പിന്നിട്ടാല്‍ അയത്തില്‍ റേഷന്‍കട പടിയില്‍ നിന്ന്‌ കോഴഞ്ചേരിയിലേക്കും ഇലന്തൂരിലേക്കും തിരിയുന്ന സ്‌ഥലത്തും നിരവധി അപകടങ്ങളാണ്‌ നടന്നു വരുന്നത്‌.
ഇലവുംതിട്ട ജങ്‌ഷനില്‍ നിന്ന്‌ നല്ലാനിക്കുന്നിലേക്കുളള കുത്തിറക്കത്തിലെ മൂന്ന്‌ കൊടുംവളവുകളിലും എണ്ണമറ്റ അപകടങ്ങളാണ്‌ ഉണ്ടായിട്ടുളളത്‌. ജങ്‌ഷനില്‍ നിന്ന്‌ പന്തളം റൂട്ടിലേക്കുളള റോഡില്‍ തടത്തില്‍-മൂന്ന്‌ പിലാവില്‍ക്കുന്ന്‌ പടിയിലെ റോഡിന്റെ കൊടും വളവും അപകടം സൃഷ്‌ടിക്കുന്നു. ഇവിടെ അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ മഴക്കാലം കൂടി മുന്നില്‍ക്കണ്ട്‌ ഇലവുംതിട്ട ജങ്‌ഷനില്‍ ട്രാഫിക്ക്‌ അയലന്റ്‌ സ്‌ഥാപിച്ച്‌ ഗതാഗത നിയന്ത്രണത്തിന്‌ അടിയന്തരസംവിധാനം ഉണ്ടാക്കണമെന്നാണ്‌ നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Ads by Google
Advertisement
Thursday 27 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW