Monday, August 19, 2019 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

ചാലച്ചിറ തോട്‌ ചീഞ്ഞുനാറുന്നു

ചങ്ങനാശേരി: കാലവര്‍ഷം ചതിച്ചതോടുകൂടി ചാലച്ചിറ തോട്ടില്‍ ഒഴുക്കില്ലാതെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ചീഞ്ഞു നാറുന്നു. ദുര്‍ഗന്ധം സഹിക്കാനാവാതെ സമീപവാസികളുടെ ജീവിതം ദുരിതത്തിലുമായി. രൂക്ഷമായ ഗന്ധം മൂലം പ്രായമായവരും കൊച്ചുകുട്ടികളും ഛര്‍ദിക്കുന്നതായി വീട്ടമ്മമാര്‍ പറയുന്നു. തോട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെവരെയുള്ള വീടുകളിലേക്കു വരെ ദുര്‍ണന്ധം എത്തിയതോടെ തദ്ദേശവാസികള്‍ ദുരിതത്തിലാണ്‌.അസഹനീയമായ ദുര്‍ഗന്ധം മൂലം വീട്ടിലിരുന്ന്‌ ആഹാരം കഴിക്കാനും കിടന്നുറങ്ങാനും ഇവര്‍ക്കുകഴിയുന്നില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത ചെറിയ മഴയില്‍ ഇത്തിത്താനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും മറ്റും തോട്ടില്‍ ഒഴുകി എത്തിയിരുന്നു. ഇതുകൂടാതെ തോട്ടിലേക്കു മാലിന്യം വലിച്ചെറിയുന്നതും ദൂരസ്‌ഥലങ്ങളില്‍ നിന്നും അറവ്‌മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലവും വെള്ളം മലിനമാകുന്നു.
ഒഴുക്കില്ലാത്തതുമൂലം ഇത്തരം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്‌ പല സാക്രമിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു. അടുത്ത കാലത്ത്‌ കല്ലുകടവില്‍ എലിപ്പനി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തോടിന്റെ കരയില്‍ സ്‌ഥിതിചെയ്യുന്ന മരങ്ങളുടെ ചില്ലകള്‍ തോട്ടിലേക്ക്‌ ഒടിഞ്ഞുവീഴുന്നതുമൂലവും മാലിന്യങ്ങള്‍ ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നു.
ആരോഗ്യവകുപ്പ്‌ അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചെങ്കിലും തോട്ടിലെ ഒഴുക്ക്‌ സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയല്ലാതെ മറ്റുമാര്‍ണ്മങ്ങളില്ലെന്ന്‌ അവര്‍ വ്യക്‌തമാക്കി. മീന്‍പിടിക്കാനായി കെട്ടുന്ന ഒടക്കുവലകള്‍ പിന്നീട്‌ അഴിച്ചുമാറ്റാത്തതും മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നുണ്ട്‌. ചാലച്ചിറ തോട്ടിലെ വെള്ളം ഉപയോഗിച്ച്‌ ഇപ്പോള്‍ നാലോളം കുടിവെള്ള പദ്ധതികളാണു പ്രവര്‍ത്തിക്കുന്നത്‌. കല്ലുകടവിലുള്ള ഇത്തിത്താനം ശുദ്ധജലവിതരണ സമിതിയിലൂടെയും കരിക്കണ്ടം കുടിവെള്ള പദ്ധതിയിലൂടെയും രണ്ടു ജലനിധികളിലൂടെയുമായി നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കുടിവെള്ളം എത്തിക്കുന്നത്‌ ചാലച്ചിറ തോട്ടില്‍ നിന്നുമാണ്‌. കൂടാതെ ചാലച്ചിറ തോട്ടിലെ ജലത്തിന്റെ ലഭ്യത അനുസരിച്ചാണു സമീപപ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം ലഭിക്കുന്നത്‌. എന്നാല്‍ ഈ തോട്ടിലെ വെള്ളം കറുത്തിരുണ്ടു ദുര്‍ഗന്ധം വമിക്കുന്നരീതിയിലാണ്‌ ഇപ്പോള്‍ കാണപ്പെടുന്നത്‌.
ചാലച്ചിറ തോടിന്റെ ഒരുഭാഗം കളമ്പാട്ടുചിറയില്‍ നിന്നും പിരിഞ്ഞു പനച്ചിക്കാടു പഞ്ചായത്തിലൂടെ പടിയറക്കടവിലെത്തി കൊടൂരാറില്‍ പതിക്കുന്നു. മറ്റൊരു ഭാഗം കുറിച്ചി പഞ്ചായത്തിലൂടെ പടിഞ്ഞാറോട്ടൊഴുകി ചാലച്ചിറ ഇളങ്കാവു വഴി വാഴപ്പള്ളി പഞ്ചായത്തിലെ പാലാത്രച്ചിറവഴി കൊടൂരാറില്‍ പതിക്കുന്നു. മീനച്ചിലാര്‍മീനന്തലയാര്‍കൊടൂരാര്‍ നദീസംയോജനത്തിന്റെ ഭാഗമായി പടിയറക്കടവു ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കിയെങ്കിലും ആ തോടിന്റെ ഭാഗമായ ചാലച്ചിറ തോടിനോട്‌ അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നുവെന്ന്‌ ആക്ഷേപമുണ്ട്‌.
ആയിരക്കണക്കിനു ജനങ്ങള്‍ക്ക്‌ ഉപയോഗപ്രഥമാകേണ്ട ചാലച്ചിറ തോട്‌ അധികൃതരുടെ അനാസ്‌ഥമൂലം അഴുക്കുചാലായി മാറിയിരിക്കുകയാണ്‌. ചാലച്ചിറ തോട്‌ ആഴംകൂട്ടി ശൂചീകരിക്കുവാനും, ഒഴുക്കിനു തടസം നില്‍ക്കുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജനപ്രതിനിധികളും അധികാരികളും തയ്യാറാകണമെന്നും സി.പി.എം പുളിമൂട്‌ ബ്രാഞ്ച്‌ കമ്മറ്റി ആവശ്യപ്പെട്ടു. 36 ഏക്കര്‍ വരുന്ന കരിക്കണ്ടം പാടശേഖരത്തില്‍ വര്‍ഷങ്ങളായി കൃഷി ഇല്ലാത്തതുമൂലം പുല്ലു ചീഞ്ഞുനാറി തോട്ടിലേക്ക്‌ ഒഴുകിയെത്തുന്നതും ദുര്‍ഗന്ധത്തിന്‌ കാരണമാണ്‌. കരിക്കണ്ടം പാടശേകരം കൃഷിയോഗ്യമാക്കി അടിയന്തിരമായി കൃഷി ചെയ്യുവാനുള്ള നടപടി സ്വീകരിക്കണമെന്നും ബ്രാഞ്ച്‌ കമ്മറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW