Friday, August 23, 2019 Last Updated 51 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

പാമ്പാടി ഫയര്‍സ്‌റ്റേഷനില്‍ ഇല്ലായ്‌മകള്‍ മാത്രം

പാമ്പാടി: ദേശീയപാതയില്‍ കോട്ടയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിലുള്ള ഏക ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സ്‌റ്റേഷനില്‍ ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം. 14 വര്‍ഷം മുന്‍പ്‌ പ്രവര്‍ത്തനമാരംഭിച്ച സ്‌റ്റേഷന്‍ അന്നുതീര്‍ത്ത താല്‍ക്കാലിക ഷെഡിലാണ്‌ പ്രവര്‍ത്തനം തുടരുന്നത്‌. നിന്നുതിരിയാന്‍ ജീവനക്കാര്‍ക്കിടമില്ല. ഷെഡില്‍ രണ്ട്‌ ഫയര്‍ എന്‍ജിനുകളും ഒരു ജീപ്പും സൂക്ഷിച്ചുകഴിഞ്ഞാല്‍ ഒട്ടും സ്‌ഥലമില്ല. ഏഴ്‌ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 38 ഉദ്യോഗസ്‌ഥരാണ്‌ ഇവിടെയുള്ളത്‌. ഒരു ഡ്രൈവറടക്കം മൂന്നു ജീവനക്കാരുടെ കുറവുമുണ്ട്‌.
പാമ്പാടി പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയത്തിനോട്‌ ചേര്‍ന്നാണ്‌ പഞ്ചായത്തുവക സ്‌ഥലത്ത്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. സ്‌ഥലസൗകര്യമില്ലാത്തതിനാല്‍ സ്‌റ്റേഷന്‍ കൂരോപ്പട പഞ്ചായത്തിലെ 12-ാം മൈലിലേക്ക്‌ മാറ്റി സ്‌ഥാപിക്കുവാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാമ്പാടി ഗ്രാമപഞ്ചായത്ത്‌ ഇടപെട്ട്‌ ഈ നീക്കം വേണ്ടെന്നു വെയ്‌പ്പിച്ചു. പഞ്ചായത്തുവക സ്‌ഥലത്ത്‌ ഫയര്‍ഫോഴ്‌സിനു കെട്ടിടം നിര്‍മ്മിച്ചു നല്‍കുവാന്‍ നിയമം അനുവദിക്കാത്തതുകൊണ്ട്‌ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പാമ്പാടി പഞ്ചായത്ത്‌ 10 സെന്റ്‌ സ്‌ഥലം കെട്ടിടം പണിയുന്നതിന്‌ ഫയര്‍ഫോഴ്‌സിനു കൈമാറിയെങ്കിലും നിര്‍മ്മാണം തുടങ്ങുവാന്‍ കഴിഞ്ഞിട്ടില്ല. 10 സെന്റ്‌ സ്‌ഥലത്തിന്റെ ഒരു വശത്ത്‌ റോഡും മറുവശത്ത്‌ ബിയര്‍ ആന്‍ഡ്‌ വൈന്‍ ഷോപ്പുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കൂടുതല്‍ സ്‌ഥലമുണ്ടെങ്കിലേ കെട്ടിടം പണിയുവാന്‍ കഴിയുകയുള്ളൂ എന്ന നിലപാടാണ്‌ ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.
ഉദ്യോഗസ്‌ഥരുടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്‌തിരിക്കുന്നതിനിടയിലാണ്‌ അവരുടെ വസ്‌ത്രങ്ങളും അയകെട്ടി ഇട്ടിരിക്കുന്നത്‌. പ്രാഥമിക കൃത്യനിര്‍വഹണത്തിന്‌ തടസമുണ്ടായപ്പോള്‍ ഒരു നിര്‍മ്മാണ കമ്പനിക്ക്‌ മനസലിവുണ്ടായി രണ്ട്‌ കുളിമുറികള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയതാണ്‌ ഏക ആശ്രയം.
ജീവനക്കാര്‍ക്ക്‌ വിശ്രമിക്കുന്നതിനും മറ്റും ഒരു സൗകര്യവും ഇവിടെയില്ല. സൂക്ഷിക്കുവാന്‍ സ്‌ഥലമില്ലാതിരുന്നതിനാല്‍ ഇവിടെയുണ്ടായിരുന്ന ഒരു ആംബുലന്‍സ്‌ തിരികെ കൊണ്ടുപോവുകയും ചെയ്‌തു.
പാമ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച മറ്റു ഫയര്‍സ്‌റ്റേഷനുകള്‍ക്കു സ്വന്തം കെട്ടിടവും ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയപ്പോഴാണ്‌ പാമ്പാടി സ്‌റ്റേഷന്‌ ഈ ദുര്‍ഗതി.
ഫ്‌ളക്‌സ് ഉപയോഗിച്ച്‌ മറച്ച ഷെഡിനുള്ളിലാണ്‌ ജീവനക്കാര്‍ കഴിയുന്നത്‌. റബ്‌കോ, മീനടം സ്‌പിന്നിംഗ്‌ മില്‍ തുടങ്ങിയ ഫാക്‌ടറികള്‍ ഉള്ളതിനാലാണ്‌ ഫയര്‍സ്‌റ്റേഷന്‍ അനുവദിക്കുന്നത്‌ എളുപ്പമായത്‌.
ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‌ ഫയര്‍ഫോഴ്‌സിന്റെ സേവനം ഇവിടെ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്‌.
പാമ്പാടി, കൂരോപ്പട, മണര്‍കാട്‌, മീനടം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ നാട്ടുകാരുടെ ആശ്രയമായ ഫയര്‍സ്‌റ്റേഷന്റെ ശോച്യാവസ്‌ഥയ്‌ക്ക് പരിഹാരമുണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW