Monday, August 26, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.18 AM

ആര്‍ദ്രമായ കാഴ്‌ചകളുടെ അരങ്ങൊരുക്കി ആതിര മല

uploads/news/2019/06/317019/p1.jpg

പന്തളം: ആര്‍ദ്രമായ കാഴ്‌ചകളുടെ അരങ്ങൊരുക്കുകയാണ്‌ കുരമ്പാലയിലെ ആതിരമല. ഐതിഹ്യങ്ങളും വാമൊഴി വഴക്കങ്ങളും ആതിരമലയുടെ ചരിത്രമെഴുതുമ്പോള്‍ പ്രകൃതിഭംഗിയുടെ കൂത്തരങ്ങായി മാറുകയാണ്‌ ഈ ജൈവവൈവിധ്യ പ്രദേശം. അന്യദേശങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളും ഭക്‌തജനങ്ങളും എത്താറുള്ള ഇവിടം കേന്ദ്രമാക്കി തീര്‍ഥാടന ടൂറിസം ആരംഭിക്കണമെന്നാണ്‌ നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഭക്‌തിയും പ്രകൃതിഭംഗിയും ഇഴചേരുന്ന ഇവിടേക്ക്‌ കൂടുതല്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന്‌ ആതിര മലനട ശിവപാര്‍വ്വതി ക്ഷേത്ര ഭരണ സമിതി അംഗവും പൊതു പ്രവര്‍ത്തകനുമായ രജനീഷ്‌ കുരമ്പാല പറയുന്നു. ദക്ഷിണ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ ഒന്നും ജില്ലയിലെ എറ്റവും ഉയരം കൂടിയ മലയുമാണ്‌ ഇത്‌.
സമുദ്രനിരപ്പില്‍ നിന്ന്‌ ഏകദേശം 2000 അടി ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന ആതിരമല നല്ലൊരു വ്യൂപോയിന്റ്‌ കൂടിയാണ്‌. സമീപ പ്രദേശ ങ്ങളായ കുരമ്പാല,പന്തളം, തട്ട, അടൂര്‍ ഇലവുംതിട്ട, കോന്നി, നൂറനാട്‌, കരിങ്ങാലി പാടശേഖരം തുടങ്ങിയ സ്‌ഥലങ്ങള്‍ ഈ മലമുകളില്‍ നിന്ന്‌ വ്യക്‌തമായി കാണാന്‍ കഴിയും. നീണ്ടുനിവര്‍ന്ന്‌ കിടക്കുന്ന വയലേലകളും അങ്ങിങ്ങ്‌ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന അരുവികളും വിദൂര കാഴ്‌ചകളുടെ മനോഹാരിത കൂട്ടുന്നു. കുരമ്പാല തെക്കാണ്‌ ആതിരമല സ്‌ഥിതി ചെയ്യുന്നത്‌.
മലയുടെ അടിവാരത്തില്‍ നിന്ന്‌ ചെങ്കുത്തായ 700 മീറ്ററോളം ദൂരമുള്ള കോണ്‍ക്രീറ്റ്‌ പാതയുണ്ട്‌. ആദിദ്രാവിഡ ഗോത്ര സംസ്‌കാരത്തില്‍ മലകളും കുന്നുകളുമായി ബന്ധപ്പെട്ട്‌ വനമൂര്‍ത്തികളെയും നായാട്ട്‌ ധര്‍മമുള്ള ദൈവങ്ങളെയും വിളിച്ച്‌ ചൊല്ലി വച്ചാരാധന നടത്തിയിരുന്നു. പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാള്‍, മുത്തപ്പന്‍, മലക്കരി തുടങ്ങി മലദൈവങ്ങള്‍ അനേകമുണ്ട്‌. ആതിരമലയിലും ഇപ്രകാരമുള്ള ഒരു വച്ചാരാധന നില നിന്നിരുന്നു. പച്ചമരുന്നുകളുടെ ഒരു കലവറ തന്നെയായിരുന്നു ഇവിടം. അതുരന്‍ എന്ന അസുരന്‍ ഇവിടെ വസിച്ചിരുന്നെന്നും അതുകൊണ്ട്‌ അസുരമല എന്ന പേരു വന്നുവെന്നുമാണ്‌ ഒരു ഐതിഹ്യം. പാണ്ഡവരുമായി ബന്ധപ്പെട്ട്‌ ഐതിഹ്യത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്‌തതിനാല്‍ അടുക്കള മലയെന്നു പേരുണ്ടായിരുന്നെന്നും പറയുന്നു.
കാലാന്തരത്തില്‍ ഈ വിളിപ്പേരുകള്‍ ആതിരമലയായി അറിയപ്പെട്ടു തുടങ്ങി. പണ്ടു കാലത്ത്‌ കിഴക്ക്‌ ശബരിമല മകരവിളക്കും പടിഞ്ഞാറ്‌ അറബിക്കടലും കാണാമായിരുന്നെന്ന്‌ പഴമക്കാര്‍ പറയുന്നു. ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണിവിടം. മലകളുടെ അധിപനായ മലയച്‌ഛന്‍ (അപ്പൂപ്പന്‍) കുടികൊള്ളുന്ന ഇവിടം കാലക്രമത്തില്‍ ഇന്നു കാണുന്ന ആതിരമലനട ശിവപാര്‍വ്വതി ക്ഷേത്രമായി മാറി.
ആദിദ്രാവിഡ തിരുശേഷിപ്പുകളായി മല വിളിച്ചിറക്കി പടേനി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാന്‍ വയ്‌പ്‌ എന്നീ ചടങ്ങുകള്‍ ഇന്നും നിലനില്‍ക്കുന്നു. ഈ മലയ്‌ക്ക്‌ ദൃഷ്‌ടി ദോഷമുണ്ടെന്നും ഒരു വിശ്വാസമുണ്ട്‌. മലയുടെ ദൃഷ്‌ടി പതിയുന്ന ഭവനങ്ങളില്‍ കഷ്‌ടനഷ്‌ടങ്ങളും അനര്‍ഥങ്ങളുമുണ്ടാകും. പരിഹാര കര്‍മങ്ങള്‍ മലനടയില്‍ വന്ന്‌ ചെയ്യുന്ന മുറയ്‌ക്ക്‌ അവ ഒഴിഞ്ഞു പോകുമത്രേ. മകര സംക്രമ ദിവസം ഇവിടെ ഉത്സവം നടക്കും.
ശിവനും പാര്‍വതിയും ഒരു ശ്രീകോവിലില്‍ കുടി കൊള്ളുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഉപദേവതകളായി ഗണപതി, രക്ഷസ്‌, യോഗീശ്വരന്‍, ശ്രീഭദ്ര. കാവില്‍ നാഗരാജാവ്‌, നാഗയക്ഷി എന്നിവയുമുണ്ട്‌.
ക്ഷേത്രത്തിന്‌ കിഴക്ക്‌ ഭാഗത്താണ്‌ മലയപ്പൂപ്പന്റെ സ്‌ഥാനം. അപ്പൂപ്പന്‍ നടയില്‍ ഉദ്ദിഷ്‌ടകാര്യ സിദ്ധിക്ക്‌ മണി, അടുക്ക്‌, കള്ള്‌, ചാരായം, കറുപ്പുകച്ച, കറുത്തമുണ്ട്‌ കരിക്ക്‌, വറപ്പൊടി, പ്രകൃതി വിഭവങ്ങള്‍ ചുട്ട്‌ എടുത്തത്‌ എന്നിവ സമര്‍പ്പിക്കാം. ആദി ദ്രാവിഡ സംസ്‌കാരത്തില്‍ കരിങ്കോഴിയെ വെട്ടി ഗുരുതി എന്ന അനുഷ്‌ഠാനം നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു. സന്താനലബ്‌ധി, വിവാഹ തടസം, വിദ്യാഭ്യാസ തടസം, കാര്യതടസം എന്നിവയ്‌ക്ക്‌ മലയപ്പൂപ്പനെ മനമുരുകി വിളിച്ച്‌ ചടങ്ങുകള്‍ നടത്തിയാല്‍ അതിന്റെ ഫലം ഉണ്ടാകുമെന്നാണ്‌ വിശ്വാസം. എല്ലാ വര്‍ഷവും ധനു രണ്ടിന്‌ ക്ഷേത്രത്തിലെ കൊടി എഴുന്നെള്ളത്ത്‌ ആരംഭിക്കും. പന്തളം-അടൂര്‍ റൂട്ടില്‍ കുരമ്പാല ജങ്‌ഷനില്‍ പെട്രോള്‍ പമ്പിന്റെ സമീപത്ത്‌ നിന്ന്‌ വലത്തോട്ട്‌ പഴകുളം റൂട്ടില്‍ രണ്ടര കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ആതിരമലയില്‍ എത്താം. പറന്തല്‍ സെന്റ്‌ ജോര്‍ജ്‌ പളളി ജങ്‌ഷനില്‍ നിന്നും വലത്തോട്ട്‌ രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളില്‍ എത്താന്‍ കഴിയും.

Ads by Google
Advertisement
Monday 24 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW