Wednesday, August 21, 2019 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.32 AM

മാണിക്കത്തനാരുടെ ജീവിതം കുട്ടികളുടെ കൂട്ടായ്‌മയില്‍ തിരശീലയിലേക്ക്‌

കുറവിലങ്ങാട്‌: നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം മുമ്പ്‌ കുറവിലങ്ങാട്‌ പള്ളിയുടെ വാദ്യപ്പുരയില്‍ സാധാരണക്കാര്‍ക്കുവേണ്ടി അക്ഷരം കുറിച്ച നിധീരിക്കല്‍ മാണിക്കത്തനാരുടെ വിസ്‌മയജീവിതം ഹൃസ്വ ചിത്രമായി തയാറാക്കുന്നു. മാണിക്കത്തനാരുടെ 115-ാമത്‌ ചരമവാര്‍ഷികദിനമായ ഇന്നലെ കുറവിലങ്ങാട്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌ മറിയം ആര്‍ച്ച്‌ ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ ഫാ.ഡോ. ജോസഫ്‌ തടത്തില്‍ ചിത്രീകരണത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കുറവിലങ്ങാട്‌ സെന്റ്‌ മേരീസ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലെ ഐ.ടി. ക്ലബായ ലിറ്റില്‍ കൈറ്റ്‌സാണ്‌ മാണിക്കത്തനാരുടെ ജീവിതം ഡോക്യുമെന്ററി രൂപത്തില്‍ ചിത്രീകരിക്കുന്നത്‌.
മാണിക്കത്തനാര്‍ മലയാളത്തിന്റെ മാണിക്യം എന്നാണ്‌ ഡോക്യുമെന്ററിയുടെ പേര്‌. കോഴായിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ ഭവനം, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായി ഒരു മാസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഡോക്യുമെന്ററി ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ്‌ തയാറാക്കുന്ന്‌ത്‌. കുറവിലങ്ങാട്‌ പള്ളിയുടെ വികാരിയായിരുന്ന മാണിക്കത്തനാര്‍ 1894 ജനുവരിയിലാണ്‌ കുറവിലങ്ങാട്ട്‌ ഇംഗ്ലീഷ്‌ പള്ളിക്കൂടം ആരംഭിച്ചത്‌. പളളിയോട്‌ ചേര്‍ന്നുളള വാദ്യപ്പുരയിലായിരുന്നു തുടക്കം. സാധാരണക്കാരായ ആളുകള്‍ക്ക്‌ അക്ഷരവും അറിവും അന്യമായിരുന്ന കാലത്തായിരുന്നു മാണിക്കത്തനാര്‍ ഇംഗ്ലീഷ്‌ പള്ളിക്കൂടം തുടങ്ങിയത്‌.
വാദ്യപ്പുരയില്‍ ആരംഭിച്ച്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലേക്കെത്തിയ ഇവിടെനിന്ന്‌ ഇന്‍ഡ്യയുടെ പ്രസിഡന്റായിരുന്ന ഡോ. കെ.ആര്‍. നാരായണന്‍, ഡോ.പി.ജെ. തോമസ്‌, കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി, ഷെവ. വി.സി. ജോര്‍ജ്‌ എന്നിവരടക്കം അനവധി മഹാരഥന്മാരാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പടിയിറങ്ങിയത്‌. ഇന്ന്‌ സെന്റ്‌ മേരീസ്‌ നേഴ്‌സറി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാന്‍ ഉപകരിക്കുന്ന വിദ്യാലയങ്ങളും ദേവമാതാ കോളജും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണുളളത്‌.
കോട്ടയം വികാരിയാത്തിന്റെ വികാരി ജനറാള്‍ സ്‌്ഥാനം ഉള്‍പ്പെടെ സഭയിലും സമൂഹത്തിലും ഏറെ അവിസ്‌മരണീയമായ മൂഹൂര്‍ത്തങ്ങള്‍ക്കാണ്‌ മാണിക്കത്തനാര്‍ നിമിത്തമായത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാണിക്കത്തനാരുടെ പേരും പ്രതാപവും നവോത്ഥാന നായകരുടെ മുന്‍നിരയില്‍ ആയിരുന്നു. മാണിക്കത്തനാര്‍ ബഹുവിദ്യാ വല്ലഭനും ബഹുഭാഷാ പണ്ഡിതനും ആയിരുന്നു. പതിനെട്ടിലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്‌തിരുന്ന മാണിക്കത്തനാര്‍ മലയാളഭാഷയുടെ നവീകരണത്തിനു വേണ്ടി യത്‌നിച്ചു. സാഹിത്യപ്രവര്‍ത്തകന്‍, കവി, സമുദായനേതാവ്‌ തുടങ്ങിയ വിശേഷണങ്ങള്‍ക്കുപരി സ്വന്തം ജന്മനാടിനോട്‌ പ്രതിബദ്ധത പുലര്‍ത്തിയ വൈദികനെന്ന സ്‌ഥാനവും അദേഹത്തിനുണ്ട്‌. പഴയ തലമുറയിലെ പ്രധാനപ്പെട്ട അഞ്ചലാഫീസ്‌ കുറവിലങ്ങാട്ട്‌ ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും മാണിക്കത്തനാരായിരുന്നു.

Ads by Google
Advertisement
Friday 21 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW