Wednesday, August 21, 2019 Last Updated 46 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.32 AM

എം.ജി. സര്‍വകലാശാല ഐ.ഐ.ആര്‍.ബി.എസ്‌. പ്രവര്‍ത്തനം അവതാളത്തില്‍

കോട്ടയം: പണം അനുവദിക്കാത്തതിനാല്‍, എം.ജി. സര്‍വകലാശാല ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റര്‍ഗ്രേറ്റഡ്‌ പ്രോഗ്രാംസ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബേസിക്‌ സയന്‍സി(ഐ.ഐ.ആര്‍.ബി.എസ്‌)ന്റെ പ്രവര്‍ത്തനം അവതാളത്തില്‍. സിന്‍ഡിക്കേറ്റ്‌ യോഗത്തിന്റെ തീരുമാനം അനുസരിച്ചു സര്‍വകലാശാല രജിസ്‌ട്രാര്‍ ഇറക്കിയ ഉത്തരവില്‍ കേന്ദ്രത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിനു കര്‍ശന നിര്‍ദേശമാണുള്ളത്‌. കേന്ദ്രത്തിന്റെ കോഴ്‌സ്‌ നടത്തിപ്പിനെക്കുറിച്ച്‌ പരിശോധിക്കുവാന്‍ നിയോഗിച്ച നാലു സിന്‍ഡിക്കേറ്റ്‌ അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിങ്ങ്‌ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. ഡോ. എ. ജോസ്‌, ഡോ. കെ. ജയചന്ദ്രന്‍, ഡോ. ആര്‍. പ്രഗാഷ്‌, പ്രഫ. ടോമിച്ചന്‍ ജോസഫ്‌ എന്നിവരാണു കമ്മിറ്റിയിലുള്ളത്‌.
ഏപ്രില്‍ 30നു ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗമാണ്‌ കോഴ്‌സിന്റെ നടത്തിപ്പ്‌ പരിശോധനക്കായി നാലുപേരെ നിയോഗിച്ചത്‌. മേയ്‌ 31നു ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗം നാലംഗസമിതി നല്‍കിയ റിപ്പോര്‍ട്ടും ശുപാര്‍ശകളും അംഗീകരിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ ഓണററി ഡയറക്‌ടറുടെ പ്രതിമാസ സാമ്പത്തിക അധികാര പരിധി 25,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ക്ലാസെടുക്കാനായി വിവിധ അധ്യാപകരെ കൊണ്ടുവരുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. ബേസിക്‌ സയന്‍സ്‌ പഠനത്തിലും ഗവേഷണത്തിലും മാതൃകയായ സ്‌ഥാപനത്തില്‍ 2019-20ല്‍ പ്രവേശനം പോലും നടത്തിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടിട്ടും അഡ്‌മിഷന്‍ നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന്‌ വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രഗല്‍ഭരായ അധ്യാപകരെ ഇന്ത്യയ്‌ക്കകത്തുനിന്നും വിദേശത്തുനിന്നും ഗസ്‌റ്റ്‌ ഫാക്കല്‍റ്റിയായി ക്ഷണിച്ചാണ്‌ അക്കാദമിക്‌ നിലവാരം ഉയര്‍ത്തിയത്‌. ഇപ്പോള്‍ ഇതിന്‌ സര്‍വകലാശാല തയാറാകാത്തതു മികച്ച നിലവാരത്തിലുള്ള ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക്‌ നഷ്‌ടമാകുകയാണ്‌.
ആറു മാസമായി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാത്തതില്‍ ക്ലാസുകള്‍ മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ എട്ടു മാസമായി വിദ്യാര്‍ഥികളാണ്‌ ഓഫിസിലെ ബില്ല്‌ പാസാക്കാന്‍ മുന്‍കൈ എടുത്തു വിവിധ സെക്ഷനുകളില്‍ കയറി ഇറങ്ങുന്നത്‌. ബില്ലുകള്‍ ഒന്നുംപാസാക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പ്രശ്‌നത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ വിദ്യാര്‍ഥി പ്രതിനിധികളായരാകേന്ദു എന്‍. പ്രമോദ്‌, വി. റിന്‍ഷാദ്‌, മനു ജ്യോതി രവി, പി.ആര്‍.ഗായന്ത്രി, നിഹാല റഷീദ്‌, സബീറ യൂനൂസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 21 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW