Thursday, August 22, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.04 AM

മ്ലാവ്‌ വേട്ടക്കേസിലെ പ്രതിയെ വനപാലകര്‍ മര്‍ദിച്ചതായി പരാതി

uploads/news/2019/06/316270/1.jpg

പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസില്‍ തുടരന്വേഷണത്തിന്‌ കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതിയെ വനപാലകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന്‌ പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകന്‍ മര്‍ദന വിവരം മജിസ്‌ട്രേറ്റിനോട്‌ തുറന്നു പറഞ്ഞതോടെ പോലീസ്‌ കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രതടസവും വാരിയെല്ലിന്‌ പൊട്ടലും ശരീരമാസകലം പരുക്കുമേറ്റ പ്രതിയുടെ നില ഗുരുതരമാണ്‌.
തേക്കുതോട്‌ പാറക്കുളം പുന്നമൂട്ടില്‍ ശിവന്‍കുട്ടി(40)യാണ്‌ മര്‍ദനമേറ്റ്‌ ചികില്‍സയിലുള്ളത്‌. കഴിഞ്ഞ 31 നാണ്‌ മ്ലാവിനെ വേട്ടയാടിയ കേസുണ്ടായത്‌. മൊത്തം നാലു പ്രതികള്‍ ആയിരുന്നു. ഇതില്‍ ഒരാളെ വനപാലകര്‍ അറസ്‌റ്റ്‌ ചെയ്യുകയും മൂന്നു പേര്‍ പത്തനംതിട്ട കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു.
ഒന്നും രണ്ടും പ്രതികളുടെ മൊഴി പ്രകാരം വേട്ടയ്‌ക്ക്‌ ഉപയോഗിച്ച തോക്ക്‌ കണ്ടെത്തുന്നതിന്‌ വേണ്ടി മൂന്നാം പ്രതിയായ ശിവന്‍കുട്ടിയെയും നാലാം പ്രതി ഉണ്ണിയെയും ബുധനാഴ്‌ച കോടതിയില്‍ നിന്ന്‌ കസ്‌റ്റഡിയില്‍ വാങ്ങി.
തോക്ക്‌ കാണിച്ചു തരാമെന്ന്‌ പറഞ്ഞ്‌ പോയ പ്രതികള്‍ സ്‌ഥലത്ത്‌ ചെന്നപ്പോള്‍ വാക്ക്‌ മാറ്റുകയായിരുന്നു. ജയിലില്‍ കിടക്കുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശമാണ്‌ തോക്കെന്നായിരുന്നു ഇവര്‍ പറഞ്ഞത്‌. മ്ലാവിന്റെ ജഡത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതിനാല്‍ കൊല്ലാനുപയോഗിച്ച ആയുധം കോടതിയില്‍ ഹാജരാക്കേണ്ടത്‌ അത്യാവശ്യമായിരുന്നുവെന്ന്‌ കോന്നി റേഞ്ച്‌ ഓഫീസര്‍ സലിം പറഞ്ഞു.
കസ്‌റ്റഡിയില്‍ കിട്ടിയ ഇവര്‍ കള്ളക്കളി തുടര്‍ന്നതോടെ ഇന്നലെ കോടതിയില്‍ തിരികെ നല്‍കി, നാലു പ്രതികളെയും ഒന്നിച്ചു കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ്‌ തീരുമാനിച്ചിരുന്നതെന്നും ആര്‍. ഓ പറഞ്ഞു. ഈ നീക്കം മണത്തറിഞ്ഞ്‌ കേസ്‌ ദുര്‍ബലപ്പെടുത്തുന്നതിനായി പ്രതികളും അഭിഭാഷകനും ചേര്‍ന്ന്‌ മെനഞ്ഞുണ്ടാക്കിയതാണ്‌ മര്‍ദന കഥയെന്നും ആര്‍.ഒ അറിയിച്ചു.
അതേസമയം, ഇന്നലെ രാവിലെ രണ്ടാം ക്ലാസ്‌ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കുമ്പോള്‍ ശിവന്‍കുട്ടി അവശ നിലയിലായിരുന്നുവെന്ന്‌ പറയുന്നു. പ്രതിക്കൂട്ടില്‍ ഇയാള്‍ തളര്‍ന്നു നില്‍ക്കുന്നത്‌ കണ്ട്‌ മജിസ്‌ട്രേറ്റ്‌ വിവരം ആരാഞ്ഞപ്പോഴാണ്‌ മര്‍ദന വിവരം അഭിഭാഷകന്‍ പറഞ്ഞത്‌. ഇതോടെ പത്തനംതിട്ട പോലീസ്‌ ഇന്‍സ്‌പെക്‌ടറോട്‌ ശിവന്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ വാരിയെല്ലിന്‌ പൊട്ടലുണ്ടെന്ന്‌ കണ്ടത്‌. മൂത്രതടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു. കടുത്ത പനി കൂടി ബാധിച്ച ഇയാളെ ഡോക്‌ടര്‍മാര്‍ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തു.
തങ്ങള്‍ക്ക്‌ കിട്ടിയ വിവരം അനുസരിച്ച്‌ ശിവന്‍കുട്ടിക്ക്‌ 102 ഡിഗ്രി പനി മാത്രമേ ഉള്ളൂവെന്ന്‌ കോന്നി റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു. അയാളുടെ ശരീരത്ത്‌ പരുക്കുകള്‍ ഒന്നുമില്ല. വനപാലകര്‍ അയാളെ മര്‍ദിച്ചുവെന്നത്‌ കെട്ടിച്ചമച്ച കഥയാണ്‌. വാരിയെല്ലിന്‌ പൊട്ടലുണ്ടെന്ന്‌ പറയുന്നത്‌ ഇപ്പോഴുണ്ടായത്‌ ആകാന്‍ സാധ്യതയില്ലെന്നും റേഞ്ച്‌ ഓഫീസര്‍ അവകാശപ്പെടുന്നു.
മര്‍ദനം നടന്നതായി തെളിഞ്ഞാല്‍ ഉത്തരവാദികളായ വനപാലകര്‍ക്കെതിരേ കോടതി സ്വമേധയാ കേസ്‌ എടുക്കാനും സാധ്യതയുണ്ട്‌.

Ads by Google
Advertisement
Friday 21 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW