Monday, August 26, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

നാടിന്‌ മാതൃകയായി അല്‍ക്കയുടെയും വിഷ്‌ണുവിന്റെയും ഹരിത വിവാഹം

പന്തളം: കുരുത്തോലയും പച്ചോലയും പൂക്കളും കൊണ്ടുള്ള അലങ്കാരങ്ങള്‍. പാനീയങ്ങള്‍ നല്‍കാന്‍ മണ്‍ ഗ്ലാസ്‌. സദ്യയ്‌ക്ക്‌ വാഴയിലയും സ്‌റ്റീല്‍ ഗ്ലാസുകളും. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക്‌ സമ്മാനമായി തുണി സഞ്ചിയില്‍ വൃക്ഷത്തൈയും പച്ചക്കറി വിത്തുകളും. മാലിന്യം ശേഖരിക്കാന്‍ മെടഞ്ഞ ഓലയിലുള്ള വല്ലം. നാടിന്‌ മാതൃകയായി ഹരിത വിവാഹം. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ അനിലിന്റെയും അനില്‍കുമാറിന്റെയും മകളായ അല്‍ക്ക അനിലും ചെന്നീര്‍ക്കര സ്വദേശി വി.കെ. മോഹനന്റെയും രാജി മോഹനന്റെയും മകന്‍ വിഷ്‌ണു മോഹനനും തമ്മിലുള്ള വിവാഹമാണ്‌ പ്രകൃതിക്ക്‌ ദോഷമുണ്ടാകാത്ത രീതിയില്‍ മാലിന്യത്തിന്റെ അളവ്‌ കുറച്ച്‌ ഹരിതചട്ടം പാലിച്ച്‌ നടത്തിയത്‌.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാദേവി തുടങ്ങി ഒട്ടേറെ രാഷ്ര്‌ടീയ, സാമൂഹിക പ്രവര്‍ത്തകരും, പൊതുജനങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. ഒരുമാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ്‌ ഹരിതകേരളം മിഷനും ശുചിത്വമിഷനും നിര്‍ദേശിച്ച രീതിയില്‍ ഹരിതചട്ടം പാലിച്ച്‌ വിവാഹം നടത്തിയത്‌. തന്റെ മകളുടെ വിവാഹം പ്രകൃതിക്ക്‌ ദോഷം വരാത്ത രീതിയില്‍ ഹരിത മംഗല്യം ആയി നടത്തണമെന്ന്‌ രേഖാ അനില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷിനെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്‌. വരന്റെ വീട്ടുകാരും പൂര്‍ണ സമ്മതം അറിയിച്ചു.
പ്രകൃതിക്ക്‌ സംരക്ഷണമാകുന്ന രീതിയില്‍ മാലിന്യത്തിന്റെ അളവ്‌ കുറച്ച്‌ ഹരിതാഭമായ വിവാഹ ചടങ്ങ്‌ ഒരുക്കിയ ദമ്പതികള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ കലക്‌ടര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ഒപ്പിട്ട ജില്ലാ ഭരണകൂടത്തിന്റെ മംഗളപത്രം ചിറ്റയംഗോപകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാദേവി, മുന്‍ എം.എല്‍.എ കെ.സി. രാജഗോപാല്‍, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേഷ്‌, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്‌, ശുചിത്വ മിഷന്‍ അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ടി.എം. ജോസഫ്‌, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍. അജയ്‌്, ടെക്‌നിക്കല്‍ ഓഫീസര്‍ ജെറിന്‍ ജയിംസ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സമ്മാനിച്ചു.
സാധാരണ വിവാഹചടങ്ങുകളില്‍ കാണുന്ന ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, കുപ്പിവെള്ളം എന്നിവ പൂര്‍ണമായും ഒഴിവാക്കിയാണ്‌ വിവാഹം നടത്തിയത്‌. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഓല കൊണ്ടു നിര്‍മിച്ച വല്ലമാണ്‌ പ്ലാസ്‌റ്റിക്‌ ബിന്നിന്‌ പകരമായി ഉപയോഗിച്ചത്‌.
സ്‌റ്റേജിലേയും മറ്റും അലങ്കാരത്തിനും പ്ലാസ്‌റ്റികും ഫ്‌ളക്‌സുകളും ഒഴിവാക്കി പൂര്‍ണമായും പ്രകൃതി സൗഹൃദ വസ്‌തുക്കളാണ്‌ ഉപയോഗിച്ചത്‌. പ്ലാസ്‌റ്റിക്‌ റാപ്പര്‍ ഒഴിവാക്കുന്നതിനായി വിവാഹാനന്തരം നല്‍കുന്ന മിഠായി ഒഴിവാക്കി. വിവാഹ സല്‍ക്കാരത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ കൊണ്ടുവന്ന ഉപഹാരങ്ങള്‍ പായ്‌ക്ക്‌ ചെയ്‌ത പ്ലാസ്‌റ്റിക്‌ കവറുകള്‍ അവിടെ സൂക്ഷിച്ചിരുന്ന ഓല കൊണ്ടു നിര്‍മിച്ച വല്ലത്തില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനായി ആറന്മുളയിലെ പ്ലാസ്‌റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റിലേക്ക്‌ കൊണ്ടു പോയി. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തുണിസഞ്ചിയില്‍ വൃക്ഷതൈയും പച്ചക്കറി വിത്തുകളും വിതരണം ചെയ്‌തു. വധു വരന്മാരുടെ വീടുകളിലും ഹരിതചട്ടം പാലിച്ചാണ്‌ പാര്‍ട്ടി ഒരുക്കിയിരുന്നത്‌. പങ്കെടുത്തവരെല്ലാം ഒരേ മനസോടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW