Saturday, August 24, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

ജി.എം: കാലത്തിന്റെ മര്‍മം അറിഞ്ഞ പത്രപ്രവര്‍ത്തകന്‍

ക്ഷിപ്രകോപിയെപ്പോലും ശാന്തനാക്കി മാറ്റുന്ന അപൂര്‍വ വ്യക്‌തിത്വമായിരുന്നു ബുധനാഴ്‌ച അന്തരിച്ച ജി.എം എന്ന വി. ജോര്‍ജ്‌ മാത്യു. ആദ്യ ദര്‍ശനത്തില്‍ വിരിയുന്ന പുഞ്ചിരിയും തുടര്‍ന്നുള്ള ഹസ്‌തദാനവും ആകര്‍ഷകമായ സംസാരവും ഒത്തു ചേരുമ്പോഴാണ്‌ ജോര്‍ജ്‌ മാത്യു പൂര്‍ണനാകുന്നത്‌. ജി.എമ്മിന്റെ സംസാരശൈലി കേള്‍ക്കുന്ന അപരിചിതന്‍ പോലും ചോദിക്കുന്ന ചോദ്യമുണ്ട്‌. "ആരാണദ്ദേഹം?".
പത്രപ്രവര്‍ത്തകന്‍ അടിയന്തര ഘട്ടത്തില്‍ എങ്ങനെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ ജി.എം. കാട്ടിത്തന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ട്‌. 1999- ജനുവരി 14 ന്‌ ശബരിമലയിലുണ്ടായ ദുരന്തം റിപ്പോര്‍ട്ട്‌ ചെയ്‌ത ജോര്‍ജ്‌ മാത്യുവിന്റെ ശൈലി തന്നെയാണ്‌ അതിന്‌ ഉദാഹരണം. അന്ന്‌ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്നു ജി.എം. ഞാനായിരുന്നു ശബരിമല റിപ്പോര്‍ട്ടിങ്ങിന്‌ നിയോഗിക്കപ്പെട്ടത്‌. മകരവിളക്ക്‌ ദിനത്തില്‍ പമ്പയും സന്നിധാനവും ശാന്തമായിരുന്നു. വിളക്ക്‌ കഴിഞ്ഞതോടെയാണ്‌ പമ്പാ ഹില്‍ടോപ്പില്‍ ദുരന്തം ഉണ്ടായത്‌.
ദര്‍ശനം കഴിഞ്ഞ്‌ ഹില്‍ടോപ്പില്‍ നിന്നും ഇരച്ചിറങ്ങിയ ജനക്കൂട്ടത്തിന്‌ അടിതെറ്റി. ഒന്നിന്‌ പുറകെ ഒന്നായി ഭക്‌തര്‍ നിലം പതിച്ചു. വൈകിട്ട്‌ 6.45ന്‌ ശേഷമായിരുന്നു ദുരന്തം. എന്നാല്‍, സന്നിധാനത്തുള്ള പത്രപ്രവര്‍ത്തകരാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ജീവന്‍ നഷ്‌ടപ്പെട്ട 26 ഭക്‌തരുമായി ആംബുലന്‍സുകള്‍ പത്തനംതിട്ടയിലേക്ക്‌ പാഞ്ഞു. പാതി ജീവനുമായി മരണത്തോട്‌ മല്ലിട്ടവരെ പമ്പാ ഗവ. ആശുപത്രിയിലേക്ക്‌ മാറ്റി. ഈ സമയം കഥയറിയാതെ പമ്പാ ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ മകര വിളക്ക്‌ ദര്‍ശനത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു ശബരിമലയിലെ മാധ്യമ പ്രവര്‍ത്തകര്‍. പത്തനംതിട്ടയില്‍ നിന്നും ജോര്‍ജ്‌ മാത്യുവിന്റെ ഫോണ്‍ കോള്‍ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ്‌ അവിടെയുള്ളവര്‍ വിവരമറിയുന്നത്‌. വൈകാതെ ദുരന്ത വാര്‍ത്ത ശബരിമലയിലും പരന്നു. ഉടന്‍ തന്നെ ശബരിമലയില്‍ നിന്നു ഞാന്‍ പമ്പയിലെത്തി. പമ്പാ ഗവ. ആശുപത്രിയില്‍ 25 പേരുടെ മൃതദേഹം കണ്ടു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌ കോട്ടയം ഡസ്‌കിലേക്ക്‌ നല്‍കി. ദുരന്തത്തില്‍ മരിച്ചവര്‍ എത്ര എന്നത്‌ ചോദ്യചിഹ്‌നമായി. കാരണം പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്ക്‌ കൊണ്ടു പോയ മൃതദേഹങ്ങളെപ്പറ്റി ഒരു വിവരവും പമ്പ ഗവ. ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഒമ്പതരയോടെ ജോര്‍ജ്‌ മാത്യു കൃത്യമായ മരണവിവരം എന്നെ അറിയിച്ചു. മരിച്ചത്‌ 51 പേര്‍. അതിനിടെ അദ്ദേഹം ആദ്യ റിപ്പോര്‍ട്ട്‌ കോട്ടയത്തേക്ക്‌ അയച്ചു കഴിഞ്ഞിരുന്നു. അവസാന എഡിഷന്‍ അടിക്കുന്നതു വരെ ജോര്‍ജ്‌ മാത്യു എന്നെ വിളിച്ചുകൊണ്ടേ ഇരുന്നു.
എന്നും എപ്പോഴും സ്‌നേഹത്തിന്റെ ഭാഷയില്‍ മാത്രം സംസാരിച്ചിട്ടുള്ള ജോര്‍ജ്‌ മാത്യു എനിക്ക്‌ ജേ്യഷ്‌ഠതുല്യനായിരുന്നു. തിരുവല്ല ലേഖകനായി അദ്ദേഹം ഇരിക്കുന്ന സമയത്താണ്‌ കവി വിഷ്‌ണു നാരായണന്‍ നമ്പൂതിരിയും തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്‌. മറ്റൊരു പത്രത്തിലും വരാത്ത എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോറികള്‍ ജോര്‍ജ്‌ മാത്യുവിന്റെതായി മംഗളം ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.
10 വര്‍ഷം മുമ്പ്‌ മംഗളം വിട്ട്‌ തിരുവല്ല മാക്‌ഫാസ്‌റ്റ്‌ റേഡിയോയുടെ ചുമതലഏറ്റപ്പോള്‍ കമ്മ്യൂണിറ്റി റേഡിയോ എന്ന സങ്കല്‍പ്പം മലയാളിക്ക്‌ അന്യമായിരുന്നു. ആദ്യമായി സ്വകാര്യ റേഡിയോയിലൂടെ വാര്‍ത്ത പ്രക്ഷേപണം നടത്തിയത്‌ ജി.എം. ആയിരുന്നു. കാലത്തിനൊപ്പം സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‌ യൗവനത്തില്‍ തന്നെ കൈമുതലായ പക്വതയായിരുന്നു വിജയ സാരഥിയായത്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW