Friday, August 23, 2019 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ്‌ സേഫ്‌ടി സെല്‍

പത്തനംതിട്ട: നിരത്തുകളിലെ അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ്‌ ഉറപ്പു വരുത്തുന്നതിനും, വിവര ശേഖരണം നടത്തുന്നതിനുമായി ജില്ലയില്‍ റോഡ്‌ സേഫ്‌ടി സെല്‍ രൂപീകരിക്കുന്നു.
പോലീസ്‌, പൊതുമരാമത്ത്‌, മോട്ടോര്‍ വാഹന വകുപ്പ്‌ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തിയാണ്‌ സെല്‍ രൂപീകരിക്കുന്നത്‌. ജില്ലയില്‍ നടക്കുന്ന അപകടങ്ങള്‍ കൃത്യമായി അറിയുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ കലക്‌ടര്‍ പി.ബി നൂഹ്‌ പറഞ്ഞു.
റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതവേഗം, മദ്യപിച്ചു വാഹനമോടിക്കല്‍, മൊബൈല്‍ ഉപയോഗം, വാഹനങ്ങളിലെ അമിതഭാരം, തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ 553 ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.
സസ്‌പെന്‍ഷന്‍ കാലയളവില്‍ വാഹനം വീണ്ടും ഓടിക്കുകയാണെങ്കില്‍ ലൈസന്‍സ്‌ റദ്ദാക്കും. ഗതാഗതത്തിന്‌ തടസമുണ്ടാക്കുകയും, വാഹന അപകടങ്ങള്‍ക്ക്‌ കാരണമാകുന്ന തരത്തിലും സ്‌ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ ഹൈക്കോടതി നല്‍കിയ ഉത്തരവുകള്‍ പാലിച്ചിട്ടുണ്ടോ എന്നറിയുന്നതിന്‌ റിപ്പോര്‍ട്ട്‌ വാങ്ങാനും യോഗത്തില്‍ തീരുമാനമായി.
റിങ്‌ റോഡില്‍ സി.സി.ടി. വി സ്‌ഥാപിക്കുന്നതിന്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കാന്‍ പൊതുമരാമത്തിനെ ചുമതലപ്പെടുത്തി. അശാസ്‌ത്രീയമായി നിര്‍മിച്ചിട്ടുളള അബാന്‍ ജങ്‌ഷനിലെ ട്രാഫിക്‌ സിഗ്‌നല്‍ ലൈറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന്‌ പോലീസ്‌ വകുപ്പിന്‌ കൈമാറുന്നതിനായി നഗരസഭാ സെക്രട്ടറിക്ക്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ ആസ്‌ഥാനത്തെ റിങ്‌ റോഡ്‌ മോഡല്‍ റോഡ്‌ ആക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന്‌ പൊതുമരാമത്ത്‌ (നിരത്ത്‌ വിഭാഗം) എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറെ ചുമതലപ്പെടുത്തി. റോഡ്‌ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തിലെ തെരുവ്‌ വിളക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നുവെന്ന്‌ നഗരസഭ ഉറപ്പാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു.വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്‌ ജില്ലയിലുട നീളം ബോധവത്‌കരണ ക്ലാസുകള്‍ നടത്തുമെന്നും കലക്‌ടര്‍ പറഞ്ഞു. സ്‌കൂള്‍, കോളജ്‌ തലത്തിലും ബോധവത്‌കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. അശാസ്‌ത്രീയ ഹമ്പുകള്‍, സ്‌പീഡ്‌ ബ്രേക്കറുകള്‍ എന്നിവ നീക്കം ചെയ്‌ത്‌ ഇവ ശാസ്‌ത്രീയമായി പുനര്‍ നിര്‍മിക്കാനും തീരുമാനമായി.
യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവ്‌, അടൂര്‍ ജോയിന്റ്‌ ആര്‍.ടി.ഓ സി. ശ്യാം, തിരുവല്ല ജോയിന്റ്‌ ആര്‍.ടി.ഓ എന്‍. സി. അജിത്‌ കുമാര്‍, മല്ലപ്പള്ളി സബ്‌ ആര്‍.ടി.ഒ എസ്‌. സുബി, റാന്നി സബ്‌ ആര്‍.ടി.ഒ ബി. അജികുമാര്‍, കൊട്ടാരക്കര കെ.എസ്‌.ടി.പി അസിസ്‌റ്റന്റ്‌ എന്‍ജിനിയര്‍ രാഖി എം. ദേവ്‌, പൊതുമരാമത്ത്‌ ഗതാഗത വിഭാഗം എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, ഡി.എം.ഓ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW