Monday, August 26, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

വില്‍സന്റെ മരണം: ഉത്തരവാദിത്തം പഞ്ചായത്തിനെന്ന്‌ ആരോപണം

uploads/news/2019/06/316036/p3.jpg

കോഴഞ്ചേരി: കോട്ട എലിമുക്ക്‌ സ്വദേശി വില്‍സണ്‍ എന്ന യുവാവിന്റെ ദാരുണാന്ത്യത്തിന്‌ കാരണമായത്‌ കിടങ്ങന്നൂര്‍ ചന്തയുടെ ആധുനികവല്‍ക്കരണത്തിന്റെ പേര്‌ പറഞ്ഞ്‌ പൊതുകിണറിന്റെ ആള്‍മറ ഇടിച്ചു നിരപ്പാക്കിയത്‌. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആറന്മുള പഞ്ചായത്തിനാണെന്ന്‌ ആരോപണം. സ്‌ഥലം നിരപ്പാക്കിയപ്പോള്‍ കിണര്‍ ഉള്ള ഭാഗത്ത്‌ അപകട സൂചന നല്‍കുകയോ വേലി കെട്ടിത്തിരിക്കുകയോ ചെയ്‌തിരുന്നില്ല. കിണര്‍ നടപ്പാതയിലുണ്ടെന്ന്‌ മനസിലാക്കാതെ വന്ന യുവാവ്‌ ഇതില്‍ വീണു മരിക്കുകയായിരുന്നു. മൃതദേഹം കിണറ്റിലുണ്ടെന്ന്‌ നാട്ടുകാര്‍ അറിഞ്ഞതാകട്ടെ രണ്ടു ദിവസം കഴിഞ്ഞും.
പഞ്ചായത്ത്‌ അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധം അവഗണിച്ചാണ്‌ കിടങ്ങന്നൂര്‍ ചന്തയില്‍ നിര്‍മാണം നടത്തിയത്‌. അത്‌ നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുക്കുകയും ചെയ്‌തു. ചന്ത ആധുനിക വല്‍ക്കരണത്തിനായി പണികള്‍ നടത്തിയപ്പോള്‍ ഭൂമി നിരപ്പിലേക്ക്‌ പൊതു കിണറും കൊണ്ടുവന്നതാണ്‌ അപകടത്തിന്‌ കാരണമായത്‌. ബിവറേജസ്‌ കോര്‍പ്പറേഷന്‍ മദ്യ വില്‍പ്പന ശാലയ്‌ക്ക്‌ മുന്‍പിലുള്ള ഈ പ്രദേശം ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ്‌ നീക്കിക്കിയപ്പോള്‍ തന്നെ വ്യാപാരികളും മറ്റുള്ളവരും അപകട സാധ്യത അധികൃതരെ അറിയിച്ചതാണ്‌. കിണറിന്റെ ചുറ്റുമതില്‍ പൊളിച്ചത്‌ ശ്രദ്ധയില്‍പ്പെട്ട ഒരു ഭരണകക്ഷി അംഗം തന്നെ പഞ്ചായത്തിലെ മരാമത്ത്‌
വിഭാഗത്തിന്റെയും ബന്ധപ്പെട്ട അംഗത്തിന്റെയും മുന്‍പില്‍ ഈ വിഷയം
അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്‌ അവഗണിക്കപ്പെട്ടു. കോട്ടയില്‍ നിന്നും വിത്സനെ കാണാനില്ലെന്ന്‌ പരാതി നല്‍കാന്‍ ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ്‌ കിടങ്ങന്നൂരിലെ അപകടത്തെക്കുറിച്ച്‌ അറിയുന്നത്‌. പിന്നീടുള്ള അന്വേഷണത്തില്‍ മരിച്ചത്‌ വില്‍സനാണെന്ന്‌ തിരിച്ചറിഞ്ഞു. എപ്പോഴും വാഹന ഗതാഗതമുള്ളതും ഏറെ തിരക്കുള്ളതുമായ കിടങ്ങന്നൂര്‍ ചന്തയിലെ കിണറിന്റെ സംരക്ഷണ ഭിത്തി പൊളിച്ചപ്പോള്‍ തന്നെ ഇവിടെ താത്‌ക്കാലിക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത്‌ അധികാരികളുടെ തികഞ്ഞ അനാസ്‌ഥയും നിസംഗതയുമാണ്‌ വില്‍സന്റെ മരണത്തിനിടയാക്കിയതെന്ന്‌ സംശയിക്കുന്നതായി ബി.ജെ.പി ആറന്മുള പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിനായി പന്തളം - ആറന്മുള പ്രധാന പാതയോടെ ചേര്‍ന്നുള്ള പൊതു കിണറിന്റെ സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റി അപകടം ക്ഷണിച്ചു വരുത്തുകയാണ്‌ എല്‍.ഡി. എഫ്‌ പഞ്ചായത്ത്‌ ഭരണ സമിതി ചെയ്‌തതെന്ന്‌ ബി.ജെ.പി കുറ്റപ്പെടുത്തി.
കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക്‌ കേസ്‌ എടുക്കണമെന്നും നഷ്‌ട പരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി കിടങ്ങന്നൂര്‍ ടൗണ്‍ കമ്മിറ്റി കണ്‍വീനര്‍ തോമസ്‌ മാത്യു കടവന്‍കോടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ വി. സുരേഷ്‌ കുമാര്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, മേഖല കണ്‍വീനര്‍ വിജയനാഥന്‍ നായര്‍, മധു കുമാര്‍, അജീഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW