Saturday, August 24, 2019 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

ബ്രിട്ടീഷ്‌ പ്രൗഢി ചോരാതെ ഫാര്‍ ലൈബ്രറി

uploads/news/2019/06/316035/p2.jpg

കോന്നി:ബ്രിട്ടീഷ്‌, രാജ ഭരണകാലങ്ങളില്‍ ആരംഭിച്ച വായനാശാലകള്‍ ഇന്നും കോന്നിയൂരിന്‌ അറിവിന്റെ പ്രകാശം പകരുന്നു. ഒരു നൂറ്റാണ്ടോളമായി കോന്നി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചിരകാല സ്‌മരണ ഉണര്‍ത്തി, വായനാ വാരാചരണ വേളയിലും വായന കാലഹരണപ്പെട്ട പ്രക്രിയ അല്ലെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌.
റിപ്പബ്ലിക്കന്‍ വോക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകമായി സജ്‌ജീകരിച്ചിട്ടുള്ള ഫാര്‍ സായിപ്പിന്റെ സ്‌മരണയിലുള്ള ദി ഫാര്‍ ലൈബ്രറിയില്‍ നിന്നും അറിവിന്റെ വിശാല ലോകത്തേക്ക്‌ അനേകം തലമുറകള്‍ പടികടന്നു പോയിട്ടുണ്ട്‌.
ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ കല്ലേലി തോട്ടം സൂപ്രണ്ടായിരുന്ന ഫാര്‍ സായിപ്പ്‌, 1928 ല്‍ അന്ന്‌ കിഴക്കന്‍ മലയോര മേഖലകളിലെ ഏക ഇംഗ്ലീഷ്‌ മീഡിയമായ എന്‍.എസ്‌.എസ്‌ സ്‌കൂളിലെ (ഇന്നത്തെ കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) വിദ്യാര്‍ഥികള്‍ക്ക്‌ ഇംഗ്ലീഷുമായി കൂടുതല്‍ അടുത്തിടപെടാനും പ്രാവീണ്യം നേടാനും സഹായിക്കാനാണ്‌ വിലയും, മൂല്യവുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇവിടേക്ക്‌ സംഭാവന ചെയ്‌തത്‌. അന്നത്തെ സ്‌കൂള്‍ മാനേജര്‍ കല്ലറേത്ത്‌ മാധവന്‍ പിള്ളയുമായി ഫാര്‍ സായിപ്പിന്‌ ഉണ്ടായിരുന്ന അടുപ്പവും ഇതിന്‌ കാരണമായതായി പറയപ്പെടുന്നു.
എല്‍.പി വിഭാഗത്തില്‍ ആരംഭിച്ച സ്‌കൂള്‍ പിന്നീട്‌ യു.പിയായും, ഹൈസ്‌കൂളായും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആയും ഉയര്‍ത്തപ്പെട്ടെങ്കിലും 90 വര്‍ഷത്തിലേറെയായി ഫാര്‍ സായിപ്പ്‌ നല്‍കിയ ഗ്രന്ഥങ്ങള്‍ തലമുറകള്‍ കഴിഞ്ഞിട്ടും കനകത്തിനു തുല്യമായി സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം സൂക്ഷിച്ചു വരികയാണ്‌. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി സ്‌ഥാപിച്ചിരിക്കുകയാണ്‌ ഫാര്‍ ലൈബ്രറി. ഗൃഹാതുരത ഉണര്‍ത്തുന്ന ഗന്ധവും ബ്രിട്ടീഷ്‌ ഭരണ കാലത്തെ ഓര്‍മ്മകളും ഇവിടെ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വേറിട്ട അനുഭവമാകുന്നു. ഉന്നത സ്‌ഥാനങ്ങളിലെത്തിയ നിരവധി മഹാരഥന്മാര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്‌. ഇവര്‍ക്കെല്ലാം ഫാര്‍ ലൈബ്രറി തുണയായിട്ടുണ്ടെന്നത്‌ പുതുതലമുറയ്‌ക്കും മറക്കാനാവുന്നതല്ല.
നിറംമങ്ങി പുറംചട്ടകള്‍ ദ്രവിച്ചു തുടങ്ങിയെങ്കിലും പഴയ കാലത്തെ കടലാസുകള്‍ക്ക്‌ ഒരു കോട്ടവും സംഭവിച്ചിട്ടില്ല.ലണ്ടന്‍ ഓക്‌സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റി പ്രസില്‍ പ്രിന്റ്‌ ചെയ്‌ത പുസ്‌തകങ്ങളാണ്‌ ഏറെയും.15,000 ത്തോളം പുസ്‌തകങ്ങളുടെ അമൂല്യ ശേഖരമാണുള്ളത്‌. പ്രശസ്‌തരായ ബ്രിട്ടീഷ്‌ എഴുത്തുകാരുടെ ചെറുകഥകള്‍, ജീവചരിത്രം, കവിതകള്‍ തുടങ്ങിയവയെല്ലാം ഈ കൂട്ടത്തിലുണ്ട്‌.
വില്യം മോറിസിന്റെ കവിതകള്‍, ചാള്‍സ്‌ ഡിക്കന്‍സിന്റെ ഗ്രേറ്റ്‌ എക്‌സ്‌പെക്‌റ്റേഷന്‍, ജോസഫ്‌ സ്‌റ്റാലിന്റെ ജീവചരിത്രം, എഡ്വേര്‍ഡ്‌ വില്യം ലെയ്‌നിന്റെ അറേബ്യന്‍ നൈറ്റ്‌സ്‌ എന്റര്‍റ്റൈന്‍മെന്റ്‌ തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്‌.
ഗതാഗത സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത്‌ കല്ലേലിയില്‍ നിന്ന്‌ കുതിര സവാരി ചെയ്‌തായിരുന്നു ഫാര്‍ സായിപ്പ്‌ കോന്നിയിലെത്തി മടങ്ങിപ്പോയിരുന്നത്‌. പഴമക്കാരുടെ മനസില്‍ സായിപ്പിന്റെ ചിത്രം ഇപ്പോഴും നിറം കെടാതെ കിടക്കുന്നു. പുതു തലമുറയ്‌ക്ക്‌ സായിപ്പിന്റെ സ്‌മരണ നിലനിര്‍ത്താന്‍ ദി ഫാര്‍ ലൈബ്രറിയും.

ഷാഹീര്‍ പ്രണവം

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW