Saturday, August 24, 2019 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

ചിറ്റാര്‍ മാര്‍ക്കറ്റ്‌ ജങ്‌ഷനില്‍ മാലിന്യം കുന്നുകൂടുന്നു

ചിറ്റാര്‍: മാര്‍ക്കറ്റ്‌ ജങ്‌ഷനില്‍ മാലിന്യം കുന്നു കൂടുന്നു. ഗ്രാമപഞ്ചായത്ത്‌ ബസ്‌ സ്‌റ്റാന്‍ഡും ചന്തയുടെ പരിസരത്തുമാണ്‌ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നത്‌.
യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതാണ്‌ കുമിഞ്ഞു കൂടാന്‍ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു. മഴ പെയ്യുന്നതോടു കൂടി മാലിന്യം ഒലിച്ചിറങ്ങി പരിസര പ്രദേശങ്ങളുടെ പുരയിടങ്ങളില്‍ കെട്ടി നില്‍ക്കുന്നതായും പരാതിയുണ്ട്‌.
2007 ല്‍ സംസ്‌ഥാനത്ത്‌ പടര്‍ന്നു പിടിച്ചതും 200 പേരുടെ ജീവന്‍ എടുത്തതുമായ ചിക്കുന്‍ ഗുനിയയുടെ പ്രഭവ സ്‌ഥാനം ഈ ഗ്രാമപഞ്ചായത്താണെന്നുള്ളത്‌ നിലവിലുള്ള പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൈതച്ചെടികളില്‍ കെട്ടി നിന്ന വെള്ളത്തില്‍ ഈഡിസ്‌ കൊതുകള്‍ പെരുകിയതാണ്‌ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന്‌ പിന്നീട്‌ ആരോഗ്യ വകുപ്പ്‌ സ്‌ഥീരീകരിച്ചിരുന്നു. ഇത്‌ ടൗണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചിട്ടുണ്ട്‌. സമാന സ്‌ഥിതിയിലാണ്‌ ഇപ്പോള്‍ ഗ്രാമപഞ്ചായത്ത്‌.
മിക്ക ഭാഗങ്ങളിലും അതിര്‍ത്തി പങ്കിടുന്ന റാന്നി-പെരുനാട്‌ ഗ്രാമപഞ്ചായത്തിലും കൈതകൃഷി വ്യാപകമായിട്ടുണ്ട്‌. ഇതിനോടൊപ്പം രണ്ടു ഗ്രാമപഞ്ചായത്തിലും മാലിന്യം സംസ്‌കരണവും യഥാസമയം നടക്കുന്നില്ല. ഇതിനോടൊപ്പം രാഷ്ര്‌ടപതിയില്‍ നിന്നും നിര്‍മല്‍ പുരസ്‌കാരം ലഭിച്ച ഗ്രാമപഞ്ചായത്തില്‍ ടൗണിലെത്തുന്നവര്‍ക്ക്‌ പ്രാഥമിക സൗകര്യങ്ങള്‍ക്ക്‌ സൗകര്യമില്ലെന്നുള്ളതും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ബസ്‌ സ്‌റ്റാന്‍ഡിനും മാര്‍ക്കറ്റിനും ഇടയിലായി ശുചിമുറികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും തുറന്നു നല്‍കാന്‍ നടപടിയുണ്ടാവാത്തതും യാത്രക്കാരുടെയും മാര്‍ക്കറ്റിലെത്തുന്നവരുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.
ടോയ്‌ലറ്റ്‌ ബ്ലോക്ക്‌ കാടു കയറി മൂടിയ നിലയിലാണ്‌. ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ ഭാഗമായി നിര്‍മിച്ചിട്ടുള്ള മുറികളിലും മാലിന്യം നിറഞ്ഞ നിലയിലാണ്‌. കടമുറികള്‍ ലേലം ചെയ്യാത്തതിനെ തുടര്‍ന്ന്‌ രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്‌. ആരോഗ്യ വകുപ്പും സംഭവത്തില്‍ ഇടപെടാത്തത്‌ ജനജീവിതം കൂടുതല്‍ ദുസഹമാക്കി.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW