Tuesday, August 20, 2019 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

കോന്നിയിലെ വഴിയോരക്കച്ചവടം:നടപടി കടലാസില്‍ മാത്രം

കോന്നി: വഴിയോരക്കച്ചവടത്തിനെതിരെ ഗ്രാമപഞ്ചായത്തും പോലീസും എടുത്ത നടപടികള്‍ കടലാസിലൊതുങ്ങുന്നു. പുനലൂര്‍-മൂവാറ്റുപുഴ ദേശീയപാതയ്‌ക്ക്‌ ഇരുവശങ്ങളിലും പെട്ടി ഓട്ടോകളിലും ടെമ്പോകളിലുമായെത്തി അനധികൃതമായി നടത്തുന്ന കച്ചവടത്തിനെതിരെ വ്യാപാരി-വ്യവസായികള്‍ നിരവധി പരാതികള്‍ പഞ്ചായത്തിനു നല്‍കുകയും, സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിന്റെ ഫലമായി വഴിയോരക്കച്ചവടത്തിനെതിരെ പഞ്ചായത്ത്‌ ശക്‌തമായ നടപടികള്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ അധികൃതരുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാര്‍ക്ക്‌ താക്കീത്‌ നല്‍കി. ഇവരെ വഴിയോരങ്ങളില്‍ നിന്ന്‌ നീക്കം ചെയ്‌തു. പാതയോരത്ത്‌ ടാര്‍പ്പാളിന്‍ കെട്ടിയും മറ്റും സ്‌ഥിരമായി സന്ധ്യയോടെ ആരംഭിക്കുന്ന മല്‍സ്യ, പച്ചക്കറി ഉള്‍പ്പെടെയുള്ള വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ച്‌ പൂട്ടിക്കുകയും, വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.ഇതിനു ശേഷം ഏതാനും ആഴ്‌ചകള്‍ക്ക്‌ പിന്നിട്ടപ്പോള്‍ വീണ്ടും വഴിയോര കച്ചവടം കൂടുതല്‍ ശക്‌തി പ്രാപിച്ചിരിക്കുകയാണ്‌. അഡ്വാന്‍സും, വാടകയും, വൈദ്യുതി ചാര്‍ജും നല്‍കി കടമുറികള്‍ വാടകയ്‌ക്കെടുത്ത്‌ വ്യാപാരം നടത്തുന്ന നിരവധി വ്യാപാരികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന അവസ്‌ഥയിലേക്കാണ്‌ വഴിയോര കച്ചവടം നീങ്ങുന്നത്‌.
ചെറുകിട വ്യാപാരികളില്‍ നിരവധി പേര്‍ ഈ ദുരവസ്‌ഥ കാരണം കച്ചവടം മതിയാക്കി വീട്ടിലിരിപ്പിലാണ്‌. ഇതിനെതിരെ വ്യാപാരികള്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമ്പോള്‍ ഗ്രാമ പഞ്ചായത്ത്‌ അധികൃതരും, പോലീസും പ്രഹസനത്തിനായി നടപടികള്‍ സ്വീകരിക്കുകയും പിന്നീട്‌ ഇതു മറന്ന മട്ടിലുമാണ്‌. വഴിയോര കച്ചവടം വ്യാപകമായതോടെ നാരായണപുരം ചന്ത നോക്കു കുത്തിയായി.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മല്‍സ്യ മാര്‍ക്കറ്റ്‌ കോടികള്‍ മുടക്കി നിര്‍മ്മിച്ചെങ്കിലും ഇവിടെ മത്സ്യവ്യാപാരികള്‍ കച്ചവടം നടത്താതെ പുറത്ത്‌ ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയാണ്‌ മല്‍സ്യ വ്യാപാരം പകല്‍ നടത്തുന്നത്‌. ഉച്ച കഴിഞ്ഞാല്‍ പഞ്ചായത്ത്‌ അതിര്‍ത്തിയിലെ ദേശീയ പാതയില്‍ മീന്‍, പച്ചക്കറി മറ്റ്‌ നിത്യോപയോഗ സാധനങ്ങള്‍ അടക്കം വഴിയോര കച്ചവടക്കാര്‍ കുറഞ്ഞ വിലയില്‍ ഗുണ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിറ്റഴിക്കുന്നു. ഇത്‌ കോന്നിയിലെ വ്യാപാരികളെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW