Wednesday, August 21, 2019 Last Updated 27 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.03 AM

മാലിന്യസംസ്‌കരണം: കുമരകത്ത്‌ മിന്നല്‍പരിശോധന

uploads/news/2019/06/315772/k2.jpg

കുമരകം: ഗ്രാമ പഞ്ചായത്തിലെ മാലിന്യസംസ്‌കരണം, പ്ലാസ്‌റ്റിക്ക്‌ നിര്‍മ്മാജ്‌ജനം എന്നിവ പരിശോധിച്ച്‌ ഉറപ്പു വരുത്താന്‍ ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചയത്തും സംയുക്‌തമായി ഇന്നലെ മിന്നല്‍ പരിശോധന നടത്തി. കുമരകം ചന്തക്കവലയില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ആശുപത്രി അടക്കം നിരവധി സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ കുമരകം ചന്തക്കവലയിലെ ഭൂരിഭാഗം വ്യാപാരസ്‌ഥാനങ്ങളും പഞ്ചായത്ത്‌ ലൈസന്‍സ്‌ എടുക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു വ്യക്‌തമായി.
കുമരകത്തെ സ്വകാര്യ ആശുപത്രിയായ ശാന്തി ഹോസ്‌പിറ്റലിന്‌ ആരോഗ്യ വകുപ്പു നോട്ടീസ്‌ നല്‍കി. വൃത്തിഹീനമായ അന്തരീക്ഷം , മാലിന്യസംസ്‌കരണത്തിലെ അപാകത, മരുന്നുകള്‍ സൂക്ഷിക്കുന്നതിലെ അപാകം , ഉപയോഗ ശൂന്യമായ മരുന്നുകള്‍ തുറന്ന പ്രദേശത്തു കത്തിക്കുന്നത്‌, പഞ്ചായത്തു ലൈസന്‍സ്‌ ഇല്ലാത്തതു തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാണു കത്തു നല്‍കിയിരിക്കുന്നത്‌. ഏഴു ദിവസത്തിനകം ലൈസന്‍സ്‌ അടക്കമുള്ള കാര്യങ്ങള്‍ കൃത്യമാക്കണമെന്നും അല്ലാത്തപക്ഷം മേല്‍നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത്‌ സെക്രട്ടറിയും ആരോഗ്യവകുപ്പും ഹോസ്‌പിറ്റല്‍ അധികൃതരെ അറിയിച്ചു.
മത്സ്യ മാംസ വ്യാപാര സ്‌ഥാപനങ്ങളില്‍ ഭൂരിഭാഗവും ലൈസന്‍സ്‌ ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നത്‌. ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കണമെന്നും ആരോഗ്യവകുപ്പു നിര്‍ദേശിച്ചു. ചന്തക്കവലയിലെ ഗ്രാന്റ്‌ സല്‍ക്കാര ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണ സാമഗ്രഹികള്‍ പിടിച്ചെടുത്തു. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ചിക്കന്‍ , മീന്‍ , കളറുകള്‍ , ഭക്ഷണ സാധനങ്ങള്‍ എന്നിവയാണു പിടിച്ചെടുത്തു നശിപ്പിച്ചത്‌. വൃത്തിഹീനമായ അടുക്കളയില്‍ നിന്നും മാലിന്യങ്ങള്‍ പൊതു സ്‌ഥലത്തേക്ക്‌ ഒഴുക്കി വിടുന്നതും , മാലിന്യ സംഭരണ ടാങ്ക്‌ ഇല്ലാത്തതും പഞ്ചായത്തു ലൈസന്‍സ്‌ ഇല്ലാത്തതും മൂലം ഹോട്ടലിനും ബേക്കറിക്കും ആരോഗ്യ വകുപ്പു നോട്ടീസ്‌ നല്‍കി.
കുമരകം ഗ്രാമപ്പഞ്ചായത്ത്‌ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്‌റ്റിക്ക്‌ ക്യാരി ബാഗുകള്‍ പൂര്‍ണമായി നിരോധിച്ചു. പ്ലാസ്‌റ്റിക്ക്‌ ക്യാരിബാഗില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതല്ലെന്ന ബോര്‍ഡ്‌ വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. മൂന്നു കിലോ വരെയുള്ള സാധന സാമഗ്രഹികള്‍ ഉള്‍ക്കൊള്ളുന്ന ക്യാരിബാഗിനു പത്തു രൂപയും മൂന്നു കിലോയ്‌ക്കു മുകളിലുള്ള ബാഗിനു പതിനഞ്ചു രൂപയും വ്യാപാരിക്കു വില ഈടാക്കാം. തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവും പഞ്ചായത്തു വ്യാപാരികള്‍ക്കു വിതരണം ചെയ്യുന്നുണ്ട്‌. ചന്തക്കവല മാര്‍ക്കറ്റിനു പിന്നിലുള്ള പുന്നത്താഴെ തോട്ടിലെ മാലിന്യസംസ്‌കരണത്തിനു പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. പുന്നത്താഴെ തോട്ടിലേക്കു ജനങ്ങള്‍ തുറന്നു വച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.
കുമരകം ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി ടി.സുരേഷ്‌ കുമാര്‍ , ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.സലിമോന്‍ , പഞ്ചായത്ത്‌ ഉദ്യോഗസ്‌ഥര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജേഷ.പി.ആര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മിനിവര്‍ഗീസ്‌ , ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥരായ ജോസ്‌ അഗസ്‌റ്റീന്‍ , അശോകന്‍ , ബിജി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത.്‌

Ads by Google
Advertisement
Wednesday 19 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW