Friday, August 23, 2019 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

പുതിയ ബഹുനിലമന്ദിരം റെഡി; പ്രവര്‍ത്തനം ആരംഭിക്കാന്‍ മടി

പാലാ: കോടികള്‍ ചെലവഴിച്ച്‌ നിര്‍മിച്ച പാലാ ജനറല്‍ ആശുപത്രിയുടെ കെട്ടിടങ്ങള്‍ രോഗികള്‍ക്ക്‌്്‌ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. 30 കോടി രൂപ മുടക്കി ബഹുനില കെട്ടിടങ്ങളും മറ്റ്‌ അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
2004-ല്‍ നിര്‍മിച്ച ഏഴുനില കെട്ടിടത്തില്‍ വീര്‍പ്പുമുട്ടിയാണ്‌ ആശുപത്രിയുടെ പ്രവര്‍ത്തനം. രണ്ടു നിലകളിലായി ക്രമീകരിച്ചിട്ടുള്ള ഒ.പി വിഭാഗത്തില്‍ നിന്നുതിരിയാനുള്ള ഇടമില്ല.
ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടവയാണ്‌. ഒ.പിക്കും ഭരണവിഭാഗം ഓഫീസിനുമായി പ്രത്യേക കെട്ടിടമാണ്‌ 17.50 കോടി ചെലവഴിച്ച്‌ നിര്‍മിച്ചിട്ടുള്ളത്‌. ആശുപത്രിയുടെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റണമെങ്കില്‍ ഇനിയും കാത്തിരിക്കണം. പെയിന്റ്‌ ചെയ്‌ത ഗ്ലാസ്‌ കവറിംഗുള്ള കെട്ടിടം ചിലന്തിവലകളും പൊടിപടലങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. നെഫ്രോളജി വിഭാഗത്തിനും ഡയാലിസിസിനും അതോടൊപ്പം കാത്ത്‌ ലാബോടുകൂടിയ ഹൃദ്‌രോഗചികിത്സാ വിഭാഗത്തിനും മാത്രമായി 8.80 കോടി രൂപ ചെലവില്‍ മറ്റൊരു ബഹുനില സമുച്ചയവും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.
പത്തു കോടി മുടക്കി നിര്‍മിച്ച രോഗനിര്‍ണയകേന്ദ്രം മൂന്നു വര്‍ഷമായി പൊടിപിടിച്ചു കിടക്കുകയാണ്‌. ഇവിടെ സ്‌ഥാപിക്കാനുള്ള ഉപകരണങ്ങള്‍ക്കായി 2014 ല്‍ത്തന്നെ തുക അനുവദിച്ചിരുന്നെങ്കിലും ഉപകരണങ്ങള്‍ വാങ്ങാന്‍ ആരോഗ്യവകുപ്പ്‌ തയാറായിട്ടില്ല. പുതിയ മന്ദിരങ്ങളിലേക്ക്‌ ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കും മറ്റും തുക വകയിരുത്തിയിരുന്നെങ്കിലും അതെല്ലാം വകമാറ്റി ചെലവഴിച്ചതായി ആക്ഷേപമുണ്ട്‌.
പുതുതായി തുക ലഭ്യമാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. ചുറ്റുമതിലും ആര്‍ച്ച്‌ഗേറ്റുകളും നിര്‍മിക്കാന്‍ സ്‌ഥലം വിട്ടുനല്‍കുന്നതിനായുള്ള തര്‍ക്കവും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുകയും മറ്റ്‌ കാര്യങ്ങള്‍ക്കായി വക മാറ്റുകയായിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ പ്രത്യേക താത്‌പര്യപ്രകാരമാണ്‌ 40 കോടിയോളം രൂപ ജനറല്‍ ആശുപത്രിക്കായി അനുവദിച്ചത്‌. ഇതിനിടയില്‍ ഡോക്‌ടര്‍മാരുടെ തസ്‌തികകള്‍ ഓരോന്നായി മറ്റ്‌ ആശുപത്രികളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഓര്‍ത്തോ, സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ ദിനംപ്രതി നൂറുകണക്കിനു രോഗികളാണെത്തുന്നത്‌. ആശുപത്രി പ്രവര്‍ത്തനം പുതിയ മന്ദിരത്തിലേക്ക്‌ മാറ്റുന്നതിനുള്ള പരിശ്രമത്തിലാണെന്നു സൂപ്രണ്ട്‌ ഡോ. അഞ്‌ജു സി. മാത്യുവും ആര്‍.എം.ഒ ഡോ. അനീഷ്‌ ഭദ്രനും പറഞ്ഞു. എല്ലാവിധ അടിസ്‌ഥാന സൗകര്യവും ഉറപ്പായിട്ടുള്ള ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗവും വെന്റിലേറ്റര്‍, കാത്ത്‌ ലാബ്‌ സൗകര്യവും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ്‌ നടപടി സ്വീകരിക്കണമെന്ന്‌ നഗരസഭാധ്യക്ഷ ബിജി ജോജോ, ആശുപത്രി വികസനസമിതിയംഗം ജയ്‌സണ്‍ മാന്തോട്ടം എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW