Friday, August 23, 2019 Last Updated 38 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

വീട്ടില്‍ അപൂര്‍വ പുരാവസ്‌തു ശേഖരവുമായി കര്‍ഷകന്‍

uploads/news/2019/06/314928/i3.jpg

കട്ടപ്പന:സ്വന്തം വീട്‌ മ്യൂസിയമാക്കി മാറ്റിയ കര്‍ഷകനാണ്‌ കട്ടപ്പന തൂങ്കുഴി കണ്ടത്തില്‍ ടോമി. വീട്‌ പുരാവസ്‌തുക്കള്‍ കൊണ്ടു നിറഞ്ഞതോടെ വീടിനോട്‌ ചേര്‍ന്ന്‌ ഒരു മ്യൂസിയംതന്നെ ടോമി പണികഴിപ്പിച്ചു. ടോമിയുടെ പുരാവസ്‌തു ശേഖരം കാണുവാന്‍ ദൂര സ്‌ഥലങ്ങളില്‍നിന്നുപോലും ആളുകളും വിദ്യാര്‍ഥികളും തൂങ്കുഴിയിലെത്തുന്നുണ്ട്‌.
വിവിധ കാലഘട്ടങ്ങളിലെ കൃഷി ഉപകരണങ്ങള്‍, ആയുധങ്ങള്‍, ഗൃഹോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, ഓട്ടുപാത്രങ്ങള്‍, താളിയോലകള്‍, മാന്ത്രിക ഗ്രന്ഥങ്ങള്‍, നാണയങ്ങള്‍ തുടങ്ങി മൂന്നു നൂറ്റാണ്ട്‌ മുമ്പുള്ള വാള്‍ വരെ ടോമിയുടെ മ്യൂസിയത്തിലുണ്ട്‌. യാദൃച്‌ഛികമായി കൈയ്യില്‍ കിട്ടിയ ചെമ്പ്‌, പിച്ചള നാണയങ്ങളാണ്‌ പിന്നീട്‌ പുരാവസ്‌തു ശേഖരത്തിലേക്ക്‌ ടോമിയെ നയിച്ചത്‌.
രണ്ടരയേക്കര്‍ ഏലകൃഷിക്ക്‌ നടുവിലാണ്‌ ടോമിയുടെ വീടും വീടിനോട്‌ ചേര്‍ന്ന മ്യൂസിയവയും. വീടിനു മുന്‍ ഭാഗത്തായി ടോമീസ്‌ മ്യൂസിയമെന്ന വലിയ ബോര്‍ഡ്‌ കാണാം.
വീട്ടു മുറ്റത്ത്‌ വിവിധയിനം പേരകള്‍, ഓറഞ്ച്‌, അമ്പഴം, വിദേശരാജ്യങ്ങളില്‍ വളരുന്ന ഡ്രാഗണ്‍ ഫ്രൂട്ട്‌സ്‌ എന്നിവ കാണാം. വീടിനു തൊട്ടു മുന്നിലും പിന്നിലുമായി രണ്ടു കുളങ്ങള്‍. ഇതില്‍ നിറയെ മത്സ്യങ്ങളും. മ്യൂസിയത്തിലേക്ക്‌ കയറണമെങ്കില്‍ ചെരുപ്പൂരി കാല്‍ കഴുകണം. മ്യൂസിയത്തില്‍ അപൂര്‍വമായ വിശുദ്ധ ഗ്രന്ഥങ്ങളും താളിയോലകളും ഉള്ളതിനാല്‍ ഭക്‌തിയോടെയും വിശുദ്ധിയോടെയുമേ ഇതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കൂ.
മ്യൂസിയത്തിനുള്ളിലെ കാഴ്‌ചകള്‍ ആരെയും അമ്പരിപ്പിക്കുന്നവയാണ്‌. രാജഭരണ കാലത്തെ വാളുകള്‍, അമൂല്യമായ താളിയോല ഗ്രന്ഥങ്ങള്‍, ആമാടപ്പെട്ടി, എഴുത്തോല, ഒന്നര നൂറ്റാണ്ട്‌ മുമ്പത്തെ വാല്‍ക്കിണ്ടി, കുന്തം, നെയ്‌ത്തുയന്ത്രം, രാജാക്കന്മാരുടെ വിനോദോപാധിയായ പകിട, ഗ്രാമഫോണ്‍, ചെമ്പ്‌, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, യന്ത്രം, ഹുക്ക, ചുണ്ണാമ്പിന്‍ ചൂത്‌, വെറ്റിലചെല്ലം, കാട്ടുനാഴി, ചെമ്പാണി, അറ താക്കോല്‍, വിവിധ രാജ്യങ്ങളിലെ അപൂര്‍വ നാണയങ്ങള്‍, സ്‌റ്റാമ്പുകള്‍, ടെലിപ്രിന്റര്‍, അളവു പാത്രങ്ങള്‍, തൂക്ക്‌ കല്ലുകള്‍, പഴയ കാമറ, പഴയ ഫോണുകള്‍, വിക്‌ടോറിയ രാജ്‌ഞിയുടെ മുദ്രപത്രം, ബ്രിട്ടീഷ്‌ ഭരണകാലത്തെ വാളുകള്‍ അങ്ങനെ കാഴ്‌ചകള്‍ അനവധിയാണ്‌.
മ്യൂസിയത്തിനുള്ളിലെ ഗുഹാ കവാടത്തിലായി വിശുദ്ധ ഗ്രന്ഥങ്ങളും താളിയോലകളും സൂക്ഷിച്ചിരിക്കുന്നു. പാക്കിസ്‌ഥാനിലെ ലാഹോറില്‍ നിന്ന്‌ കൊണ്ടുവന്ന 150 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍, മരത്തിന്റെ കറ ഉപയോഗിച്ചെഴുതിയ 110 വര്‍ഷം പഴക്കമുള്ള ബൈബിള്‍, താളിയോലയില്‍ എഴുതിയ രാമായണം, മാന്ത്രിക ഗ്രന്ഥങ്ങള്‍ എന്നിവയാണ്‌ പ്രത്യേകം തയാര്‍ ചെയ്‌ത സ്‌ഥലത്ത്‌ സൂക്ഷിച്ചിരിക്കുന്നത്‌.
മ്യൂസിയം നിര്‍മിച്ചിട്ട്‌ ഒരു വര്‍ഷം തികയുകയാണ്‌. എന്നാല്‍ പുരാവസ്‌തുക്കളുടെ ശേഖരം തുടങ്ങിയിട്ട്‌ വര്‍ഷം പത്തായി. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ടോമി ഇതിനായി ചെലവഴിച്ചിരിക്കുന്നത്‌.
പുരാവസ്‌തുക്കള്‍ തേടി ഇപ്പോഴും ടോമി യാത്ര ചെയ്യാറുണ്ട്‌. പലതിനും പറയുന്ന വിലയില്‍ സ്വന്തമാക്കുകയും ചെയ്യും. ഭാര്യ എല്‍സമ്മ, മക്കള്‍: ജോമോന്‍, ജോബി, ജ്യോതി.

എസ്‌.സൂര്യലാല്‍

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW