Saturday, August 24, 2019 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.52 AM

ഓണ്‍ലൈന്‍ തട്ടിപ്പ്‌ വ്യാപകം;കൈമലര്‍ത്തി പോലീസ്‌

uploads/news/2019/06/314775/i1.jpg

ചെറുതോണി: ഓണ്‍ലൈന്‍ തട്ടിപ്പ്‌ വ്യാപകമായിട്ടും നടപടിയെടുക്കാന്‍ കഴിയാതെ പോലീസ്‌. കഴിഞ്ഞ ദിവസം ചെറുതോണിയില്‍ കൊറിയര്‍ സര്‍വീസ്‌ വഴിയെത്തിയ ഫോണ്‍ പണം നല്‍കിയശേഷം തുറന്നു നോക്കിയപ്പോഴാണ്‌ മാര്‍ബിള്‍ കഷണമാണെന്നു മനസിലായത്‌. ഉടന്‍ തന്നെ കൊറിയര്‍ സര്‍വീസിന്റെ ഓഫീസിലെത്തിവിവരം പറഞ്ഞെങ്കിലും അവര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ്‌ അറിയിച്ചത്‌. 23990 രൂപയ്‌ക്കാണ്‌ മൊബൈല്‍ഫോണ്‍ വാങ്ങിയത്‌.
മൊബൈല്‍ഫോണ്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കമ്പനിയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ അന്‍പത്‌ ശതമാനവും അതില്‍ കുറച്ചും ഓഫര്‍ നല്‍കിയാണ്‌ തട്ടിപ്പു നടത്തുന്നത്‌. മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ്‌ ഏറ്റവും കൂടുതല്‍ കബളിപ്പക്കപ്പെടുന്നത്‌.
വിലകൂടിയ ഡ്രസുകള്‍, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവയ്‌ക്കെല്ലാം വലിയ വാഗ്‌ദാനങ്ങളാണ്‌ കമ്പനികള്‍ നല്‍കുന്നത്‌. പ്രമുഖ കമ്പനികളുടെ ബാഗുകള്‍, ഷൂസുകള്‍, ഡ്രസുകള്‍, എന്ന ലേബല്‍ ഒട്ടിച്ച്‌ കൊറിയറില്‍ വരുന്ന സാധനങ്ങളെല്ലാം വ്യാജനാണ്‌. വ്യാജ സ്‌റ്റിക്കറൊട്ടിച്ചും ടാക്‌സ്‌ വെട്ടിച്ചും അയയ്‌ക്കുന്ന ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കും സര്‍ക്കാരിനും കഴിയുന്നില്ല. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ വ്യാജ പേരിലാണ്‌ ഓഫീസുകള്‍ നടത്തുന്നത്‌.
ഫ്‌ളിപ്പ്‌ കാര്‍ട്ട്‌ എന്ന ലിങ്കില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ വേറെ ലിങ്കിലേക്കാണ്‌ ഇവരുടെ മെസേജ്‌ പോകുന്നത്‌. മെസേജ്‌ സ്വീകരിക്കുന്ന കമ്പനി വ്യാജനാണ്‌. ഈ വിലാസത്തില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയില്ല. രണ്ടു മാസം കഴിയുമ്പോള്‍ പുതിയ വിലാസത്തിലും ഫോണ്‍ നമ്പരിലുമാണ്‌ ഇടപാടുകള്‍ നടത്തുന്നത്‌.
ചെറുതോണിയില്‍ ഫോണിന്‌ പകരം മാര്‍ബിള്‍ അയച്ചത്‌ ആന്ധ്രയില്‍ നിന്നാണെന്നാണ്‌ രേഖകളില്‍ കാണുന്നത്‌. കൊറിയര്‍ സര്‍വീസുകാര്‍ക്ക്‌ തട്ടിപ്പുമായി ബന്ധമില്ലെന്നാണ്‌ പറയുന്നത്‌. ഇവര്‍ക്ക്‌ സര്‍വീസ്‌ ചാര്‍ജ്‌ മാത്രമേ ലഭിക്കുന്നുള്ളൂ. മൂന്നു മാസം മുമ്പ്‌ കുമളിയിലും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നു. ജില്ലാ പോലീസ്‌ മേധാവിയുടെ സ്‌ക്വാഡ്‌ വളരെ നാളത്തെ പരിശ്രമത്തിന്‌ ശേഷമാണ്‌ പ്രതികളെ പിടികൂടിയത്‌. ജില്ലയില്‍ മാത്രം ദിവസേന ലക്ഷക്കണക്കിന്‌ രൂപയുടെ വ്യാപാരമാണ്‌ നടക്കുന്നത്‌. ഇത്തരം വ്യാപാരങ്ങള്‍ നടത്തുന്നതിന്‌ അന്‍പതോളം ഓഫീസുകള്‍ വിവിധ സ്‌ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ ഓഫീസുകളുടെ കീഴില്‍ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയുമാണ്‌ പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നതിനായി നിയമിച്ചിട്ടുള്ളത്‌. ബൈക്കിലെത്തുന്ന ജീവനക്കാര്‍ വീടുകളില്‍ പാഴ്‌സല്‍ എത്തിച്ചു നല്‍കുകയാണ്‌. പണംവാങ്ങി ഇവര്‍ പോയശേഷമാണ്‌ പലരും തട്ടിപ്പ്‌ മനസിലാക്കുന്നത്‌. അബദ്ധം പറ്റിയവര്‍ പുറത്തു പറയാത്തതിനാല്‍ വീണ്ടും വീണ്ടും ജനങ്ങള്‍ വഞ്ചിതരായികൊണ്ടിരിക്കുകയാണ്‌.
പാഴ്‌സലിലെത്തുന്ന ചെരുപ്പുകളും ബാഗുകളും കാഴ്‌ചയില്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ്‌ ലഭിക്കുന്നത്‌. ഇവ ഉപയോഗിക്കാന്‍ തുടങ്ങിയാലുടന്‍ നശിക്കുകയാണ്‌ പതിവ്‌. വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ്‌ കൂടുതലും തട്ടിപ്പില്‍പ്പെടുന്നത്‌. തട്ടിപ്പിനിരയാകുന്ന ഉപഭോക്‌താക്കള്‍ പലപ്പോഴും കൊറിയര്‍ സര്‍വീസിലെ ജീവനക്കാരുമായി ബഹളംവയ്‌ക്കാറുണ്ടെങ്കിലും നടപടിയില്ല.
പോലീസില്‍ പരാതി നല്‍കിയെങ്കിലും കൊറിയര്‍ സര്‍വീസിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. അതിനാല്‍ ഇത്തരം തട്ടിപ്പിനതിരെ നടപടിയെടുക്കുകയോ ഓണ്‍ലൈന്‍ വ്യാപാരം നിരോധിക്കുകയോ ചെയ്യണമെന്ന്‌ നാട്ടുകാരും ഉപഭോക്‌താക്കളും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 14 Jun 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW