Saturday, August 24, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.51 AM

ഹരിത ഫിനാന്‍സ്‌ തട്ടിയത്‌ കോടികള്‍; നടന്നത്‌ ആസൂത്രിത നീക്കം

നെടുങ്കണ്ടം:തൂക്കുപാലത്ത്‌ ഹരിതാ ഫൈനാന്‍സിന്റെ മറവില്‍ നടന്നത്‌ കോടികളുടെ ഇടപാട്‌. സ്‌ഥാപനത്തിന്റെ പിന്നില്‍ വന്‍ തട്ടിപ്പുസംഘമുള്ളതായും സംശയം. ആസൂത്രിതമായി മാസങ്ങള്‍ക്ക്‌ മുമ്പേ പ്രവര്‍ത്തനം ആരംഭിച്ച സ്‌ഥാപനത്തിന്റെ ഓഫീസ്‌ തുറന്നത്‌ കഴിഞ്ഞ മാസം മാത്രമാണ്‌.
എന്നാല്‍ മാസങ്ങള്‍ക്കു മുമ്പേ ആളുകളുടെ കൈയില്‍ നിന്നും വായ്‌പ നല്‍കാമെന്ന വ്യവസ്‌ഥയില്‍ നേരിട്ട്‌ തുക സമാഹരിച്ചതായാണ്‌ ഇടപാടുകാര്‍ നല്‍കുന്ന വിവരങ്ങള്‍. വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ തുടങ്ങി നിരവധി പേരില്‍ നിന്നും ഇത്തരത്തില്‍ വന്‍തുക സമാഹരിച്ചതിനു ശേഷമാണ്‌ അഞ്ചുപേരടങ്ങുന്ന ജെ.എല്‍.ജികള്‍ രൂപീകരിച്ച്‌ ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്‌പ നല്‍കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയത്‌്.
ഇങ്ങനെ സംഘങ്ങള്‍ രൂപീകരിച്ച്‌ വരുന്നവരെ വിശ്വാസത്തിലെടുക്കുന്നതിനു വേണ്ടിയാണ്‌ അവസാനം ഓഫീസ്‌ തുറന്നത്‌. പെട്ടന്ന്‌ തട്ടിക്കൂട്ടുന്ന സംഘങ്ങള്‍ക്കു പോലും വായ്‌പ ലഭിക്കുമെന്ന്‌ അറിഞ്ഞതോടെ അയല്‍വാസികളായ നാലും അഞ്ചും പേരടങ്ങുന്ന വനിതകള്‍ ചേര്‍ന്ന്‌ സംഘം രൂപീകരിച്ച്‌ ഇവരുടെ വലയില്‍ വീഴുകയായിരുന്നു.
സംഘം രജിസ്‌റ്റര്‍ ചെയ്യാന്‍ എത്തുമ്പോള്‍ തന്നെ സംഘാംഗങ്ങളുടെ ഫോട്ടോയും, ആധാര്‍ കാര്‍ഡിന്റെ കോപ്പിയും, പാസ്‌ ബുക്കിന്റെ കോപ്പിയും വാങ്ങി പ്രത്യേകം ഫയലിലാക്കി തയാറാക്കി ഇവരെ വിശ്വാസത്തിലെടുക്കുകയായിരുന്നു പതിവ്‌. വായ്‌പ നല്‍കുന്നതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 1000 രൂപ മുതല്‍ 5000 രൂപ വരെ അടക്കണമെന്നും എത്രയും വേഗം തുക അടച്ചാല്‍ അത്രയും വേഗം വായ്‌പ ലഭിക്കുമെന്നും ചുമതലപ്പെട്ടവര്‍ ഉറപ്പു നല്‍കും ചെയ്യും. ഇതോടെ കുടുംബശ്രീയില്‍ നിന്നും മറ്റും വായ്‌പ എടുത്ത്‌ തുക അടക്കാന്‍ ഇവര്‍ തയാറാകും.
ഒരാള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ ലഭിക്കത്തക്ക രീതിയില്‍ അഞ്ച്‌ പേര്‍ അടങ്ങുന്ന ഒരു സംഘം 10,000 രൂപയാണ്‌ സ്‌ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്‌. നിക്ഷേപിക്കുന്ന ഈ തുകയ്‌ക്ക്‌ സ്‌ഥാപനത്തിന്റെ പേര്‌ മാത്രമുള്ള വ്യാജ രസീതാണ്‌ നല്‍കിയിട്ടുള്ളത്‌. രസീതില്‍ സ്‌ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല. രസീതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരുകള്‍ ഇവിടുത്തെ ജീവനക്കാര്‍ എന്നു പറയുന്നവരുടെയാണ്‌ നല്‍കിയിട്ടുള്ളത്‌. ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ തുക നല്‍കിയതായതാണ്‌ വിവരങ്ങള്‍.
ഓഫീസിനുള്ളില്‍ സൂക്ഷിച്ച രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച്‌ ഒരു കോടിയില്‍ അധികം തുക സമാഹരിച്ചതായിട്ടാണ്‌ പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
ഇത്‌ ഓഫീസ്‌ തുടങ്ങിയതിന്‌ ശേഷമുള്ള രേഖകള്‍ മാത്രമാണ്‌. ഇത്തരത്തില്‍ മാസങ്ങള്‍ക്കു മുമ്പേ സമാഹരിച്ച തുക കൂടിയാകുമ്പോള്‍ കോടികളുടെ തട്ടിപ്പാണ്‌ ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നത്‌.
കുഴിത്തൊളു, കമ്പംമെട്ട്‌, തൂക്കുപാലം, പുഷ്‌പക്കണ്ടം, മുണ്ടിയെരുമ, ആനക്കല്ല്‌, കോമ്പയാര്‍, നെടുങ്കണ്ടം, കല്ലാര്‍, താന്നിമൂട്‌ അടക്കമുള്ള ഒട്ടേറെ സ്‌ഥലങ്ങളില്‍ നിന്നുമുള്ളവര്‍ ഈ തട്ടിപ്പിന്‌ ഇരയായിട്ടുണ്ട്‌. വായ്‌പ ലഭിക്കാതെ വന്നതോടെ ചില പരാതികള്‍ വന്നപ്പോള്‍ കഴിഞ്ഞ ആഴ്‌ചകളില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പണം നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിനും ചര്‍ച്ചകള്‍ നടന്നതായും പറയപ്പെടുന്നുണ്ട്‌.
ഈ ചര്‍ച്ചകളിലും പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ്‌ പൊതുജനങ്ങള്‍ വിവരങ്ങള്‍ അറിഞ്ഞത.്‌ ഇതോടെ ബിജെപി നെടുങ്കണ്ടം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ്‌ ചന്ദ്രന്‍, പാമ്പാടുംപറ പ്രസിഡന്റ്‌ പി. അനില്‍കുമാര്‍ എന്നിവരാണ്‌ വിഷയം പൊതുജനമധ്യത്തില്‍ എത്തിച്ചതും പോലീസില്‍ അറിയിച്ചു സ്‌ഥാപനം പൂട്ടിച്ചതും. ജില്ല കണ്ടതില്‍വെച്ച്‌ ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പിന്റെ അന്വേഷണം ഉന്നതതലത്തില്‍ നിന്നുതന്നെ ഉണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 14 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW