Wednesday, August 21, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.16 AM

ഫണ്ടുണ്ടായിട്ടെന്തു കാര്യം, നടപടിയില്ല; പകര്‍ച്ചവ്യാധി ഭീഷണിയില്‍ കോന്നി

uploads/news/2019/06/314266/p2.jpg

കോന്നി:മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട്‌ നല്‍കി സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ പ്രഹസനം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും ചുമതലയിലാണ്‌ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്‌. ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, അയല്‍കൂട്ടം അംഗങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ചാണ്‌ വാര്‍ഡിലെ ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. എന്നാല്‍ ഇത്‌ കാര്യക്ഷമമായി നടക്കുന്നില്ലന്നതാണ്‌ വാസ്‌തവം.
മഴക്കാലം ആരംഭിച്ചിട്ടും മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്‌. ബ്ലോക്ക്‌, പഞ്ചായത്ത്‌ തലങ്ങളില്‍ പേരിനായി അവലോകന യോഗങ്ങള്‍ നടത്തി പിരിയുകയാണ്‌ ചെയ്യുന്നത്‌. ആരോഗ്യ വകുപ്പ്‌ കിണറുകളും ജലാശയങ്ങളും ശുചീകരിക്കാന്‍ ആവശ്യമായ ബ്ലീച്ചിങ്‌ പൗഡറുകളും മറ്റും വാര്‍ഡുകളിലെ കുടുംബശ്രീ, അയല്‍കൂട്ടം അംഗങ്ങളെ ഏല്‍പിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഒരു കിണറില്‍ എത്രമാത്രം ബ്ലീച്ചിങ്‌ പൗഡറും ക്ലോറിനേഷന്‍ സാധനങ്ങളും ഇടണമെന്ന ധാരണ ഇവര്‍ക്കില്ല. പലപ്പോഴും കൂടിയ അളവിലാണ്‌ ഇവ കിണറുകളില്‍ നിക്ഷേപിക്കുന്നത്‌. ഇതു മൂലം കിണറ്റിലെ മീനുകള്‍ ചത്ത്‌ പൊങ്ങും.
പിന്നെ കിണര്‍ വൃത്തിയാക്കാതെ വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഒരാളെങ്കിലും മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഇവരോടൊപ്പം വേണ്ടതാണ്‌. അവലോകന യോഗം ചേര്‍ന്ന്‌ എല്ലാം കൃത്യമായി നടക്കുന്നുവെന്ന്‌ ചുമതലക്കാര്‍ ബോധിപ്പിക്കുകയും ചായ കുടിച്ച്‌ പിരിയുകയുമാണ്‌ പതിവ്‌. ബംഗാളികള്‍ അടക്കമുള്ള ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ വൃത്തിഹീനമായ സാഹചര്യത്തില്‍ വിവിധ ഷെഡുകളിലും മറ്റുമാണ്‌ താമസിച്ച്‌ വരുന്നത്‌. ഒരു മുറിയില്‍ തന്നെ പത്തും പന്ത്രണ്ടും പേരാണ്‌ താമസിക്കുന്നത്‌. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല.
ആഹാരത്തിന്റെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനും മലിനജലം ഒഴുക്കി വിടാനുമുള്ള സൗകര്യങ്ങളുമില്ല. ഇത്തരം ബംഗാളിഹൗസുകളില്‍ ത്വക്‌ രോഗങ്ങളും പകര്‍ച്ച വ്യാധികളും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ഇവിടങ്ങളിലേക്ക്‌ തിരിഞ്ഞു നോക്കുന്നു പോലുമില്ല. അയല്‍വാസികളുടെ പരാതികള്‍ വന്നാല്‍ മാത്രം എത്തി പ്രശ്‌നം രമ്യതയിലെത്തിക്കുകയാണ്‌ പതിവ്‌.
അന്യസംസ്‌ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, ഷെഡുകള്‍ എന്നിവയുടെ ഉടമസ്‌ഥരുമായി ബന്ധപ്പെട്ട്‌ തൊഴിലാളികള്‍ക്ക്‌ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കാനും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടിക്ക്‌ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്ത്‌ അധികൃതരും തയാറാകുന്നില്ലന്നും പരാതിയുണ്ട്‌. ഇവിടങ്ങളില്‍ മാസത്തിലൊരിക്കല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ്‌ പാലിക്കുന്നില്ല. ഇതിനായി ഗ്രാമപഞ്ചായത്തും ശ്രദ്ധ ചെലുത്തുന്നില്ല.
മാലിന്യപ്രശ്‌നം അതിരൂക്ഷമാണ്‌. മാലിന്യ നിര്‍മാര്‍ജനത്തിന്‌ പല നടപടികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടലാസിലൊതുങ്ങുന്നു. നാരായണ പുരം ചന്തയില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ലക്ഷങ്ങള്‍ മുടക്കി സ്‌ഥാപിച്ച ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തന രഹിതമായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇത്‌ നന്നാക്കാനോ, പുതിയത്‌ സ്‌ഥാപിക്കാനോ ഇനിയും നടപടിയായിട്ടില്ല. ഇവിടുത്തെ ബയോഗ്യാസ്‌ പ്ലാന്റിന്റെ അവസ്‌ഥയും പരിതാപകരമാണ്‌. രണ്ട്‌ പ്ലാന്റുകളുടെയും പരിസരം മാലിന്യങ്ങള്‍കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. പരാതികള്‍ ഏറുമ്പോള്‍ ജെ.സി.ബി. ഉപയോഗിച്ച്‌ കുഴിയെടുത്ത്‌ ഇവ മൂടുകയാണ്‌ പതിവ്‌. ഇതു മൂലം ഇപ്പോള്‍ കുഴിയെടുക്കുമ്പോള്‍ മുമ്പ്‌ നിക്ഷേപിച്ച മാലിന്യങ്ങളാണ്‌ പുറത്തേക്ക്‌ വരുന്നത്‌.
പ്രധാന റോഡുകളുടെ വശങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങളാണുള്ളത്‌. പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിന്റെ ഇരുവശം, മുസ്ലിം പള്ളിയിലേക്കുള്ള ഇടവഴി, ചന്ത മൈതാനിയ്‌ക്ക്‌ എതിര്‍വശം, മാമൂട്‌, ചൈനാമുക്കിനു സമീപം, മാരൂര്‍ പാലം, ആനക്കൂട്‌ റോഡ്‌ എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കക്കൂസ്‌ മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കുന്നതു മൂലം അച്ചന്‍ കോവിലാറ്റിലെ വെള്ളവും ഉയര്‍ന്ന അളവില്‍ രോഗാണു വാഹിനിയായി മാറിക്കഴിഞ്ഞു.
ഹോട്ടല്‍ മാലിന്യങ്ങള്‍, തട്ടുകടകള്‍, കോഴിക്കടകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ എന്നിവയും ചാക്കുകളിലാക്കി രാത്രി കാലങ്ങളില്‍ സഞ്ചായത്തുകടവ്‌ പാലത്തില്‍ നിന്നും ആറ്റിലേക്ക്‌ വലിച്ചെറിയുന്നു. നിരവധി കുടിവെള്ളപദ്ധതികളിലേക്കുള്ള കിണറുകള്‍ ആറ്റുതീരത്തോടു ചേര്‍ന്നുണ്ട്‌. പമ്പുഹൗസുകളിലെ വെള്ളം ശുദ്ധിയാക്കാനുള്ള മാനദണ്ഡങ്ങളും പാലിക്കപ്പെടാത്തതു മൂലം പല പമ്പ്‌ ഹൗസുകളില്‍ നിന്നും എത്തുന്നത്‌ മാലിന്യം കലര്‍ന്ന വെള്ളമാണ്‌. പമ്പ്‌ ഓപ്പറേറ്റര്‍മാര്‍ തോന്നുന്നതു പോലെ ചാക്കോടെ ബ്ലീച്ചിങ്‌ പൗഡര്‍ കിണറ്റിലേക്ക്‌ എടുത്തിടുകയാണ്‌ പതിവ്‌.
ചുരുക്കത്തില്‍ പരിസരമാകെ മാലിന്യം നിറയുകയും കുളിക്കാനും കുടിയ്‌ക്കാനും ഉപയോഗിക്കേണ്ട അച്ചന്‍കോവിലാറ്റിലെ വെള്ളം രോഗാണുക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയുമാണ്‌. ഈ സാഹചര്യത്തില്‍ അധികൃതര്‍ നടത്തുന്ന മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിഫലമാകാനാണ്‌ സാധ്യത.

ഷാഹീര്‍ പ്രണവം

Ads by Google
Advertisement
Wednesday 12 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW