Wednesday, August 21, 2019 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.15 AM

വിദ്യാഭ്യാസ ഓഫീസില്‍ വിജിലന്‍സ്‌ പരിശോധന

uploads/news/2019/06/314260/k4.jpg

പൊന്‍കുന്നം: സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിജിലന്‍സ്‌ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലും ജില്ലയിലെ നാലു പ്രധാന സ്‌കൂളുകളിലും കോട്ടയം വിജിലന്‍സ്‌ നടത്തിയ റെയ്‌ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസില്‍ കോട്ടയം വിജിലന്‍സ്‌ യൂണിറ്റ്‌ ഡിവൈ.എസ്‌.പി എസ്‌. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അപ്പീല്‍ ഫയലുകളില്‍ ഏകദേശം 100-ഓളം ഫയലുകളില്‍ നടപടി സ്വീകരിക്കാത്തത്‌ കണ്ടെത്തി.
ഡി.ഇ.ഒ ഓഫീസിലും ഈ ഫയലുകളില്‍ നടപടികള്‍ നടത്താത്തതായി കണ്ടെത്തി. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ ഓഫീസ്‌ രേഖകളില്‍പ്പെടുത്താതെ ഒന്നരലക്ഷത്തോളം രൂപ കൈവശംവെച്ചതായി കണ്ടെത്തി.
ഈരാറ്റുപേട്ട മുസ്ലീം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ റിജോ പി. ജോസഫ്‌ നടത്തിയ റെയ്‌ഡില്‍ അനധികൃതമായി സൂക്ഷിച്ച നാലരലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുള്ളതും പി.ടി.എ ഫണ്ടിലേക്ക്‌ പിരിച്ചെടുത്ത തുക ബാങ്കില്‍ അടയ്‌ക്കാത്ത നിലയിലും കണ്ടെത്തി.
കാഞ്ഞിരപ്പിള്ളി സെന്റ്‌ ഡോമിനിക്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.ഐ. മുബാറക്ക്‌ നടത്തിയ റെയ്‌ഡില്‍ പി.ടി.എ. ഫണ്ടിന്‌ പുറമെ 21,500 രൂപ അനധികൃതമായി പിരിച്ചെടുത്തതായും തുക ബാങ്കില്‍ അടയ്‌ക്കാത്ത നിലയിലും കണ്ടെത്തി.
വൈക്കം കുടവെച്ചൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ സെക്കന്‍ഡറി സ്‌കൂളില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍, വി.ഐ. നിഷാദ്‌മോന്‍ നടത്തിയ റെയ്‌ഡില്‍ പി.ടി.എ ഫണ്ടായ 500 രൂപയ്‌ക്ക് പുറമെ 1320 രൂപ വീതം പല കാരണങ്ങള്‍ പറഞ്ഞ്‌ അനധികൃതമായി പിരിച്ചെടുത്തതായും പി.ടി.എ. ഫണ്ട്‌ പിരിച്ചെടുത്തത്‌ ബാങ്കില്‍ നിക്ഷേപിക്കാത്ത നിലയിലും കണ്ടെത്തി.
കോട്ടയം വിജിലന്‍സ്‌ റെയ്‌ഞ്ച് ഡിവൈ.എസ്‌.പി എം.കെ. മനോജ്‌ കോട്ടയം എം.ഡി. സെമിനാരി എച്ച്‌.എസ്‌.എസില്‍ നടത്തിയ റെയ്‌ഡില്‍ പുതുതായി അഡ്‌മിഷന്‍ നേടിയ കുട്ടികളില്‍നിന്നും പതിനൊന്നുലക്ഷത്തോളം രൂപ സംഭാവന വാങ്ങിയതായി കമ്പ്യൂട്ടര്‍ രേഖകളില്‍ കണ്ടെത്തി. പി.ടി.എ ഫണ്ട്‌ പിരിക്കുന്നതിന്‌ രസീത്‌ നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌്.
സ്‌കൂള്‍ അധികൃതര്‍ പിരിച്ചെടുക്കുന്ന തുകയ്‌ക്ക് യഥാവിധം രസീതുകള്‍ നല്‍കുന്നില്ലെന്നും അവ കണക്കില്‍പ്പെടുത്തുന്നില്ലെന്നും വിജിലന്‍സ്‌ റെയ്‌ഡില്‍ കണ്ടെത്തിയിട്ടുള്ളതാണ്‌.
ഇന്നലെ ഉച്ചയ്‌ക്ക് 12-ന്‌ തുടങ്ങിയ റെയ്‌ഡ് വൈകി തുടരുകയാണ്‌. ഈ റെയ്‌ഡുകളില്‍ കോട്ടയം വിജിലന്‍സിലെ എസ്‌.ഐമാരും എ.എസ്‌.ഐമാരും മറ്റ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW