Tuesday, August 20, 2019 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.23 AM

49 വര്‍ഷത്തിനു ശേഷം ചരിത്രമായി രാജമ്മയുടെയും രാഹുല്‍ഗാന്ധിയുടെയും കൂടിക്കാഴ്‌ച

uploads/news/2019/06/313689/1.jpg

കല്‍പ്പറ്റ: 49 വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലെ ആശുപത്രിയില്‍ പിറന്ന ആ ചോരക്കുഞ്ഞിനെ ഏറ്റുവാങ്ങിയ നഴ്‌സ് രാജമ്മയുടെ ഉള്ളം തുടിക്കുകയായിരുന്നു, ആ മകനെ അടുത്തുകാണാനും ഒന്ന്‌ കെട്ടിപ്പുണരാനും. വര്‍ഷങ്ങളായി താലോലിച്ചിരുന്ന ആ മോഹം ഇന്നലെ സഫലമായി. കല്‍പ്പറ്റ റസ്‌റ്റ് ഹൗസില്‍ വച്ച്‌ ഇന്നലെ രാവിലെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജമ്മയും തമ്മില്‍ കണ്ടു. ജനിച്ചു വീണയുടന്‍ സോണിയയ്‌ക്കും രാജീവ്‌ ഗാന്ധിക്കും മുമ്പേ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകള്‍ കൊണ്ട്‌ രാഹുലിനെ രാജമ്മ വാരിപ്പുണര്‍ന്നു. വികാര ഭരിതമായിരുന്നു കൂടിക്കാഴ്‌ച. മൂന്ന്‌ ദിവസത്തെ വയനാട്‌ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഞായറാഴ്‌ച ഈങ്ങാപ്പുഴക്കും മുക്കത്തിനും റോഡ്‌ ഷോയ്‌ക്കായി പുറപ്പെടും മുമ്പാണ്‌ രാജമ്മയെയും കുടുംബത്തെയും കണ്ടത്‌. ഡല്‍ഹി ഹോളിക്രോസ്‌ ആശുപത്രിയിലെ നഴ്‌സായിരുന്നു രാജമ്മ. ഇപ്പോള്‍ ഭര്‍ത്താവും ആര്‍മിയില്‍ നായ്‌ബ് സുബേദാറുമായിരുന്ന വാവത്തില്‍ രാജപ്പനുമൊത്ത്‌ വയനാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ ഫെയ്‌സ്ബൂക്കിലൂടെ ഇരുവരുടെയും കൂടിക്കാഴ്‌ച്ചയുടെ വിവരംപുറത്തുവിട്ടത്‌. 1970 ജൂണില്‍ ഡല്‍ഹി ഹോളിക്രോസ്‌ ആശുപത്രിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ജനനം. ആ ആശുപത്രിയിലെ നഴ്‌സായിരുന്നു രാജമ്മ.
72 കാരിയായ രാജമ്മ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവ വികാസങ്ങളും ഇന്നലെയെന്ന പോലെ ഓര്‍മ്മിക്കുന്നു. 1970 ജൂണ്‍ 19ന്‌ ഉച്ചകഴിഞ്ഞായിരുന്നു രാഹുലിന്റെ ജനനം. ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ ആശുപത്രിയില്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും ആഹ്ലാദത്തിലായിരുന്നു, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയുടെ ജനനം, കുഞ്ഞിനെ ആദ്യമായി കാണാനുള്ള അവസരം. സുന്ദരനായിരുന്നു ആ ആണ്‍ കുഞ്ഞ്‌, സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടെത്‌. വെളുത്ത കുര്‍ത്തയണിഞ്ഞ്‌ രാജീവ്‌ ഗാന്ധിയും സഞ്ചയ്‌ ഗാന്ധിയും ലേബര്‍ റൂമിന്‌ പുറത്ത്‌ കാത്തിരുന്നു. ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും അവര്‍ പുറത്ത്‌ കാത്തിരുന്നു. പാട്‌നയില്‍ പര്യടനത്തില്‍ ആയിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നാം ദിവസമാണ്‌ പേരക്കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തിയത്‌.
പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റായിരുന്ന ഡോ: ഗായിയും രാജമ്മ ഉള്‍പ്പെടെ അഞ്ച്‌ നഴ്‌സുമാരും നഴ്‌സിംഗ്‌ സൂപ്രണ്ടും സോണിയാ ഗാന്ധിയുടെ പ്രസവ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നു. കണ്ണൂര്‍ മുഴക്കുന്ന്‌ നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ പിന്നീടാണ്‌ 1971 ല്‍ വയനാട്‌ കല്ലൂര്‍ വാവത്തില്‍ രാജപ്പനെ വിവാഹം കഴിച്ചത്‌. ആര്‍മിയില്‍ ലാബ്‌ ടെക്‌നീഷ്യനായിരുന്നു രാജപ്പന്‍. 1972 ല്‍ യുദ്ധകാലത്ത്‌ രാജമ്മക്കും നഴ്‌സായി ആര്‍മിയില്‍ ജോലി ലഭിച്ചു. 1988 ലാണ്‌ നായ്‌ബ് സുബേദാറായി രാാജപ്പന്‍ വിരമിച്ചതെങ്കിലും 82ല്‍ കംപാഷണേറ്റ്‌ റിട്ടയര്‍മെന്റ്‌ പ്രകാരം രാജമ്മ ആര്‍മി വിട്ടു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം യെമനിലും മറ്റ്‌ പലയിടത്തും ജോലി ചെയ്‌തു. ഏക മകന്‍ രാജേഷും നഴ്‌സായ ഭാര്യ സിന്ധുവും കുടുംബസമേതം കുവൈറ്റിലാണ്‌ താമസം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ഥം വീട്ടിലെത്തിയ അയല്‍വാസിയായ ഒരു പൊതു പ്രവര്‍ത്തകന്‍ വഴിയാണ്‌ രാജമ്മയുടെ രാഹുല്‍ രഹസ്യം പുറം ലോകം അറിഞ്ഞത്‌.
രാഹുല്‍ ഗാന്ധി ജനിച്ചപ്പോള്‍ ആദ്യമായി കൈകളിലെടുത്ത ആശുപത്രി നഴ്‌സായ രാജമ്മയെ കാണാന്‍ രാഹുലും കാത്തിരിക്കുകയാണന്ന്‌ പ്രിയങ്ക ഗാന്ധി ഫെയ്‌സ് ബുക്കില്‍ കറിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിലൂടെയാണ്‌ വയനാട്‌ ബത്തേരിക്കടുത്ത കല്ലൂര്‍ വാവത്തില്‍ രാജപ്പന്റെ ഭാര്യ രാജമ്മയെക്കുറിച്ച്‌ രാഹുലും പ്രിയങ്കയും അറിഞ്ഞത്‌.

Ads by Google
Advertisement
Monday 10 Jun 2019 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW