Friday, August 23, 2019 Last Updated 53 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

ഉത്രപ്പള്ളിയാറിന്റെ സര്‍വേ നിലച്ചു; ഗതിമാറ്റി ഒഴുക്കാന്‍ നിര്‍ദേശം

ചെങ്ങന്നൂര്‍: വരട്ടാറിനു മുമ്പ്‌ പുനരുജ്‌ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉത്രപ്പള്ളിയാറിന്റെ സര്‍വേ നടപടികള്‍ കുളിക്കാംപാലത്ത്‌ നിലച്ചു. റീസര്‍വേ പ്രകാരം ഇവിടം മുതല്‍ മുമ്പ്‌ ഉത്രപ്പള്ളിയാര്‍ ഒഴുകിയിരുന്ന ഭാഗങ്ങള്‍ പട്ടയഭൂമിയാണെന്നും റവന്യു രേഖകളില്‍ ആറ്റുകണ്ടം എന്ന നിലയിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വേ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.
തുടര്‍ന്ന്‌ കുളിക്കാംപാലം മുതല്‍ പുഴയുടെ ഗതി മാറ്റി പമ്പയിലെത്തിക്കാന്‍ സജി ചെറിയാന്‍ എം.എല്‍.എ റവന്യു ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഉത്രപ്പള്ളിയാര്‍ വീണ്ടെടുക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ റവന്യു, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ്‌ തീരുമാനം.
വെണ്‍മണി, ആലാ, ചെറിയനാട്‌, പുലിയൂര്‍, ബുധനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹെക്‌ടര്‍കണക്കിന്‌ പാടശേഖരങ്ങളില്‍ ജലം എത്തിയിരുന്നത്‌ ഉത്രപ്പള്ളിയാറ്റിലൂടെയായിരുന്നു. നദി ഇല്ലാതായതോടെ പാടശേഖരങ്ങള്‍ തരിശു കിടക്കുകയാണ്‌. മുന്‍ എം.എല്‍.എ: കെ.കെ.രാമചന്ദ്രന്‍ നായരാണ്‌ ഉത്രപ്പള്ളിയാര്‍ വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഉത്രപ്പള്ളിയാര്‍ അളന്നു തിട്ടപ്പെടുത്തി അതിരു നിര്‍ണയിക്കാനും കൈയേറ്റം ഒഴിപ്പിച്ച്‌ പൂര്‍വസ്‌ഥിതിയിലാക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത്‌ ശാര്‍ങ്ങക്കാവില്‍ നിന്നും അളവ്‌ ആരംഭിച്ചു. ചെറിയനാട്‌ കുളിക്കാപാലം വരെയുള്ള 10 കിലോമീറ്റര്‍ ഭാഗം റവന്യു ഉദ്യോഗസ്‌ഥര്‍ അളന്ന്‌ തിട്ടപ്പെടുത്തി സര്‍വേക്കല്ലുകള്‍ സ്‌ഥാപിച്ചു. 48 പേര്‍ നദി കൈയേറിയതായി കണ്ടെത്തിയ 48 പേര്‍ക്കു നോട്ടീസും നല്‍കി. എതിര്‍പ്പു പ്രകടിപ്പിക്കാതെ വസ്‌തു നദിക്കായി വിട്ടുനല്‍കാന്‍ ഇവര്‍ സമ്മതപത്രം നല്‍കിയതായും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ അളന്നു തിട്ടപ്പെടുത്തിയ ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. റവന്യു ഉദ്യോഗസ്‌ഥരുടെ പുതിയ വെളിപ്പടുത്തലോടെ സര്‍വേ നടപടികള്‍ കുളിക്കാംപാലത്ത്‌ അവസാനിക്കുന്ന സ്‌ഥിതിയാണ്‌. കുളിക്കാംപാലം മുതല്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ ഇല്ലിമലയിലെത്തി പമ്പനദിയിലാണ്‌ ഉത്രപ്പള്ളിയാര്‍ അവസാനിക്കുന്നത്‌. ഈ ഭാഗത്ത്‌ വ്യാപക കൈയേറ്റമാണുള്ളത്‌. പഴയരേഖകള്‍ പരിശോധിക്കാതെയാണ്‌ റവന്യു ഉദ്യോഗസ്‌ഥരുടെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ നദി ഗതി മാറ്റി പമ്പയിലെത്തിക്കാനുളള നീക്കം നടക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW