Friday, August 23, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

സാജുവും കുടുംബവും കാത്തിരിക്കുന്നു... സ്വന്തമായൊരു കിടപ്പാടത്തിനായി

അമ്പലപ്പുഴ: സ്വന്തമായി ഭൂമിയുള്ള എല്ലാവര്‍ക്കും വീടെന്ന്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ പറയുമ്പോഴും ഒരു കിടപ്പാടത്തിനായി ഈ കുടുംബം കയറി ഇറങ്ങാത്ത പടികളില്ല. പറക്കമുറ്റാത്ത രണ്ടുകുട്ടികളുമൊത്ത്‌ അന്തിയുറങ്ങാന്‍ കെട്ടുറപ്പുള്ള ഒരു വീട്‌ വെയ്‌ക്കാന്‍ നിവൃത്തിയില്ലാതെ ഈ കുടുംബം മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടക്കുകയായിരുന്നു.
അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ മാമ്പലത്തറ കൃഷ്‌ണകൃപയില്‍ സാജു(45)വും കുടുംബവുമാണ്‌ എട്ട്‌ വര്‍ഷമായി വീടിനായി കയറിയിറങ്ങുന്നത്‌. കെട്ടുറപ്പില്ലാത്ത ഷീറ്റ്‌ മേഞ്ഞ ഒറ്റമുറിക്കൂരക്കുള്ളിലാണ്‌ രണ്ടുകുട്ടികളടങ്ങുന്ന സാജുവിന്റെ കുടുംബം കഴിയുന്നത്‌. ശക്‌തമായ കാറ്റടിച്ചാല്‍ കുട്ടികളെ മാറോട്‌ചേര്‍ത്ത്‌ ഉറക്കമിളച്ച്‌ സാജുവും ഭാര്യയും നേരം വെളുപ്പിക്കും. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയിലൂടെ മുറിക്കുള്ളിലേക്ക്‌ വെള്ളം കുത്തിയൊലിച്ചു. കൂലിപ്പണിക്കാരനാണ്‌ സാജു. കാര്‍ഷികമേഖലയില്‍ വല്ലപ്പോഴും ലഭിക്കുന്ന തൊഴിലില്‍ നിന്നുള്ള വരുമാനം കുടുംബത്തിന്റെ നിത്യച്ചെലവിനുപോലും തികയില്ല. ഭാര്യ സിനുവിനാകട്ടെ രോഗം ഒഴിഞ്ഞ ദിവസങ്ങളുമില്ല. ഏറെക്കാലമായി തൈറോയിഡ്‌ സംബന്ധമായ ചികിത്സയിലാണ്‌ സിനു. ഇപ്പോള്‍ ശ്വാസതടസം കൂടി പിടിപെട്ടപ്പോള്‍ ഉറക്കെ ശബ്‌ദിക്കാന്‍ പോലും പലപ്പോഴും കഴിയാറില്ല.
ആരോഗ്യം അനുവദിക്കാത്തതിനാല്‍ തൊഴിലുറപ്പ്‌ ജോലിക്ക്‌ പോലും പോകാന്‍ സിനുവിന്‌ കഴിയുന്നില്ല. വീടിനായി പഞ്ചായത്തില്‍ പലപ്പോഴും അപേക്ഷനല്‍കി. നിരാശമാത്രമായിരുന്നു ഫലം. പിന്നീട്‌ പി.എം.എ. വൈ പദ്ധതിക്കായി അപേക്ഷ നല്‍കി കാത്തിരുന്നു. പരിശോധനക്കെത്തിയപ്പോള്‍ വീട്ടില്‍ ആളില്ലെന്ന കാരണത്താല്‍ അവിടെയും തഴയപ്പെട്ടു. അവസാനമായി സാജുവും കുടുംബവും കലക്‌ടറുടെ കനിവ്‌ തേടിയിരിക്കുകയാണ്‌ .

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW