Tuesday, August 20, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

മണ്‍സൂണ്‍: തയാറെടുപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കൊല്ലം: മണ്‍സൂണ്‍ മഴക്കാലത്തെ ദുരന്ത സാധ്യതകളുടെ പശ്‌ചാത്തലത്തില്‍ പഴുതടച്ച തയാറെടുപ്പുമായി ജില്ലാ ദുരന്തരനിവാരണ അതോറിറ്റി. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ ഇന്‍സിഡന്റ്‌ റെസ്‌പോണ്‍സ്‌ സിസ്‌റ്റം ജില്ലാതലത്തില്‍ രൂപീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ വകുപ്പ്‌ മേധാവികള്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും.
ജൂണ്‍ മൂന്നിന്‌ അധ്യയനം ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ രേഖകള്‍ 31-നകം ഹെഡ്‌മാസ്‌റ്റര്‍മാര്‍ ബന്ധപ്പെട്ട എ.ഇ.ഒമാര്‍ക്ക്‌ സമര്‍പ്പിക്കണം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ അധ്യയനത്തിന്‌ ഉപയോഗിക്കാന്‍ പാടില്ല. മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായി മാത്രമേ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്‍ജിനീയര്‍മാര്‍ നല്‍കാന്‍ പാടുള്ളൂ. സ്‌കൂളിലും പരിസരത്തും അപകടാവസ്‌ഥയിലുള്ള മരങ്ങളോ ചില്ലകളോ ഉണ്ടെങ്കില്‍ അടിയന്തരമായി മുറിച്ചുമാറ്റണം.
സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്കു യാത്രാസുരക്ഷ സംബന്ധിച്ച പരിശീലനം നല്‍കിയതായി ആര്‍.ടി.ഒ. അറിയിച്ചു. ഇതിനോടകം ആയിരത്തോളം ജീവനക്കാര്‍ പരിശീലനം നേടിയിട്ടുണ്ട്‌. വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ പരിശോധന 31 നകം പൂര്‍ത്തിയാകും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദുരന്തനിവാരണ സമിതികള്‍ യോഗം ചേര്‍ന്നു കഴിഞ്ഞു. വാര്‍ഡ്‌തല ശുചിത്വ സമിതികള്‍ക്ക്‌ 15,000 രൂപാവീതം നല്‍കിയിട്ടുണ്ട്‌. അപകടാവസ്‌ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
പരവൂര്‍-പൊഴിക്കര റെഗുലേറ്ററുകളുടെ ഷട്ടര്‍ മണ്‍സൂണ്‍ കാലത്ത്‌ ഉയര്‍ത്തുന്നതിന്‌ നടപടി സ്വീകരിക്കുന്നതിന്‌ മേജര്‍ ഇറിഗേഷനെ ചുമതലപ്പെടുത്തി. കാക്കത്തോപ്പ്‌, കുളത്തിപ്പാടം മേഖലയില്‍ നടന്നു വരുന്ന 14 പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. അഴീക്കല്‍ തീരശോഷണം തടയുന്നതിന്‌ താല്‍കാലികമായി ജിയോബാഗുകള്‍ അടുക്കണം. മൈനര്‍ ഇറിഗേഷന്റെ അധീനതിയിലുള്ള കനാലുകളിലും തോടുകളിലും സുഗമമായ ജലമൊഴുക്ക്‌ ഉറപ്പാക്കുന്നതിന്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. റെഗുലേറ്ററുകളുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. തെന്മല ഡാം ഷട്ടറുകളെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന്‌ കെ.ഐ.പി. പ്രതിനിധി അറിയിച്ചു. കടല്‍ സുരക്ഷയ്‌ക്കു കരുതലുമായി ഫിഷറീസ്‌ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നീണ്ടകരയില്‍ പ്രവര്‍ത്തനം തുടങ്ങി. തങ്കശേരിയിലും അഴീക്കലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ രക്ഷാസംവിധാനങ്ങള്‍ കൂടാതെ ഫിഷറീസ്‌ വകുപ്പിന്റെ മൂന്നു ബോട്ടുകളും 40 പേരടങ്ങുന്ന രക്ഷാസ്‌ക്വാഡുകളും പ്രവര്‍ത്തന സജ്‌ജമാണ്‌. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ ബോയെ തുടങ്ങിയവ വിതരണം ചെയ്‌തു വരുന്നു.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലം വരെ സജീവമാക്കിയതായി ഡി.എം.ഒ. യോഗത്തില്‍ അറിയിച്ചു. എ.ഡി.എം. ജെ. മോബി, പുനലൂര്‍ ആര്‍.ഡി.ഒ. ടി.എസ്‌. നിഷാറ്റ്‌, ജൂനിയര്‍ സൂപ്രണ്ട്‌ അസീംസേട്ട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW