Wednesday, August 21, 2019 Last Updated 35 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

ചരിത്രസമരത്തിന്റെ ഓര്‍മയുമായി ഇടവം പന്ത്രണ്ട്‌

uploads/news/2019/05/310678/2.jpg

കൊല്ലം: 1124 ഇടവം 12. അന്നാണ്‌ കേരളത്തിലെ തൊഴിലാളിവര്‍ഗ സമചരിത്രത്തില്‍ ചവറ ലഹള കേസ്‌ അരങ്ങേറിയത്‌. പറവൂര്‍ പി.കെ നാരായണപിളളയുടെ പോലീസ്‌ തൊഴിലാളികളെ നിഷ്‌കരുണം തല്ലിച്ചതച്ചു. ഒരു പ്രദേശം മുഴുവന്‍ ഒന്നര വര്‍ഷക്കാലം പട്ടാളം തേര്‍വാഴ്‌ച നടത്തുകയും കരിമണലിന്റെ മക്കളെ നിത്യ രോഗികള്‍ ആക്കുകയും ചെയ്‌തു. ഒടുവില്‍ അധികാരി വര്‍ഗത്തിനെതിരെ തൊഴിലാളികളുടെ സമരാവേശം ആഞ്ഞടിച്ചു.
അതാണ്‌ ചവറ ലഹള കേസ്‌. പട്ടംതാണുപിളളയുടെ മന്ത്രി സഭ തകര്‍ന്ന ശേഷം പറവൂര്‍ പി.കെ നാരായണപിളള മന്ത്രി സഭ രൂപീകരിച്ചു. അന്ന്‌ ചവറയില്‍ പ്രവര്‍ത്തിച്ചിരുന്ന മണല്‍ കമ്പനികളില്‍ ഒന്നായ എ.എം.സി തൊഴില്‍ സമരത്തെ തുടര്‍ന്ന്‌ ലോക്കൗട്ട്‌ ചെയ്‌തു. കൊല്ലത്തെ എ.ഡി കോട്ടണ്‍ മില്ലിലും തൊഴില്‍ സമരം നടന്നുവരുകയായിരുന്നു. എന്‍. ശ്രീകണഠന്‍ നായര്‍ ആയിരുന്നു അവിടുത്തെ സമരത്തിന്‌ നേത്യത്വം നല്‍കിയത്‌. ഏറെ നാളായി പൂട്ടികിടന്ന കോട്ടണ്‍ മില്‍ ഒരു മാസം കഴിഞ്ഞ്‌ തുറക്കാമെന്ന്‌ പറഞ്ഞതനുസരിച്ച്‌ 1949 മെയ്‌ 22ന്‌ തൊഴിലാളികള്‍ എത്തി. എന്നാല്‍ ഉടമ മില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. മില്ലിനുളളിലും പുറത്തും പോലീസിന്റെ നീണ്ട നിരയുണ്ടായിരുന്നു. മെയ്‌ 24ന്‌ തൊഴിലാളികള്‍ ഒന്നടങ്കം മില്ലിലേക്ക്‌ തളളിക്കയറാന്‍ ശ്രമിച്ചു.
ഉളളില്‍ കയറിയ തൊഴിലാളികളെ പുറത്തുകൊണ്ടുവരാന്‍ പോലീസ്‌ ബലം പ്രയോഗിച്ച്‌ അറസ്‌റ്റ് ചെയ്‌തു ജയിലിലേക്ക്‌ മാറ്റി. സമരരംഗത്തേക്ക്‌ പാഞ്ഞെത്തിയ എന്‍.ശ്രീകണഠന്‍നായരും മറ്റു നേതാക്കളും പോലീസുമായി ഏറ്റുമുട്ടി. ശ്രീകണ്‌ഠന്‍നായര്‍ ഉള്‍പ്പെടെ അമ്പതോളം പേരെ പോലീസ്‌ ജയിലില്‍ അടച്ചു. വാര്‍ത്ത കാട്ടുതീ പോലെ വ്യാപിച്ചു. മെയ്‌ 26ന്‌ മൈനിങ്‌ തൊഴിലാളികള്‍, മണ്ണുകമ്പനി തൊഴിലാളികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. കോട്ടണ്‍ മില്‍ സമരത്തെ തുടര്‍ന്ന്‌ കൊല്ലം, കരുനാഗപ്പളളി താലുക്കുകളില്‍ നിരോധനാജ്‌ഞ പുറപ്പെടുവിച്ചിരുന്നു. ഏകദേശം എഴായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി ജാഥയായി കോവില്‍ത്തോട്ടം വഴി ശങ്കരമംഗലത്തെത്തി കൊല്ലം ലക്ഷ്യമാക്കി നീങ്ങി. പുത്തേഴത്ത്‌ പി. ഹരിദാസന്‍, പൊന്മന എം.എസ്‌ നീലകണ്‌ഠന്‍ തുടങ്ങിയവരായിരുന്നു ജാഥ നയിച്ചിരുന്നത്‌. നീണ്ടകര, പുത്തന്‍തുറയില്‍ എത്തിയപ്പോള്‍ പോലീസ്‌ ജാഥയെ തടഞ്ഞു. പോലീസിനെ തളളിമാറ്റി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചു.1941ല്‍ കയ്യൂരില്‍ ബ്രിട്ടിഷ്‌ പട്ടാളം നടത്തിയ അക്രമത്തിന്റെ മറ്റൊരു മുഖമായിരുന്നു ചവറയില്‍ ഇടവം 12 മുതല്‍ അരങ്ങേറിയത്‌.
30 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കണ്ടാലറിയുന്ന 94 പേരെ പ്രതിചേര്‍ത്തു കേസും രജിസ്‌റ്റര്‍ ചെയ്‌തു. ഇതാണ്‌ ചവറ ലഹളക്കേസ്‌. സംഭവസമയത്ത്‌ ഉണ്ടായിരുന്നില്ലെങ്കിലും ഒന്നാം പ്രതി ബേബി ജോണായിരുന്നു. രണ്ടാം പ്രതി എം.എസ്‌. നീലകണ്‌ഠനും മൂന്നാം പ്രതി പി. ഹരിദാസനുമായിരുന്നു. പ്രസിദ്ധ നാടകകൃത്ത്‌ സി.എന്‍. ശ്രീകണ്‌ഠനായര്‍ 37-ാം പ്രതിയായിരുന്നു.
ശിക്ഷ അനുഭവിച്ചു ജയിലില്‍ കിടന്ന അവസരത്തിലാണു ബേബി ജോണ്‍ പെരിനാട്‌ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചത്‌.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW