Tuesday, August 20, 2019 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

പോലീസിനെതിരായ വ്യാജ പരാതികള്‍ പ്രോത്സാഹിപ്പിക്കില്ല: വനിതാ കമ്മിഷന്‍

കൊല്ലം: പോലീസിനെതിരായി മുന്നിലെത്തുന്ന വ്യാജപരാതികളുടെ എണ്ണം കൂടുന്ന പശ്‌ചാത്തലത്തില്‍ അവയ്‌ക്കെതിരെ ശക്‌തമായ നിലപാടെടുക്കാനുള്ള തീരുമാനവുമായി സംസ്‌ഥാന വനിതാ കമ്മിഷന്‍.
ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ മെഗാ അദാലത്തിന്‌ പിന്നാലെയാണ്‌ അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്‌. പരിഗണിച്ച നാലു കേസുകളില്‍ പോലീസിന്റെ വിവിധ റാങ്കുകളില്‍ പെട്ട 13 പേര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റിലായവര്‍ സ്‌ത്രീകള്‍ മുഖേനയാണ്‌ പരാതി ഉന്നയിക്കുന്നത്‌. അറസ്‌റ്റിലായ മകനെ പോലീസ്‌ അന്യായമായാണ്‌ കസ്‌റ്റഡിയിലെടുത്തതെന്ന പരാതിയുമായി ചവറ സ്വദേശിയായ അമ്മയാണ്‌ എത്തിയത്‌. വ്യാജപരാതിയാണെന്ന്‌ വ്യക്‌തമായ കമ്മിഷന്‍ പരാതി തള്ളിക്കളഞ്ഞു. എന്നാല്‍ പോലീസിനെതിരായ സത്യസന്ധമായ പരാതികളില്‍ കര്‍ശനമായ നിലപാടുകള്‍ എടുക്കുമെന്നു വ്യക്‌തമാക്കി. കിടപ്പു രോഗികളും വയോധികരുമായ മാതാപിതാക്കളെ ആശ്രയ കേന്ദ്രത്തിലേക്ക്‌ മാറ്റണമെന്നു ശാരീരിക അവശതയുടെ പരിമിതിയുള്ള മകളാണ്‌ ആവശ്യപ്പെട്ടത്‌. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്‌ ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റാനുള്ള നടപടിയാണ്‌ കമ്മിഷന്‍ സ്വീകരിച്ചത്‌. വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാത്ത നാലു ദമ്പതികളും പരാതികളുമായി ഹാജരായി.
കുടുംബ ജീവിതത്തിന്റെ പ്രാധാന്യം യുവതലമുറ വേണ്ടതുപോലെ മനസിലാക്കാത്തതിലും സമാന പരാതികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിലും കമ്മിഷന്‍ ആശങ്ക രേഖപ്പെടുത്തി. പരിഗണിച്ച 123 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. 55 പരാതികള്‍ അടുത്ത അദാലത്തിലേക്ക്‌ മാറ്റി. 40 കേസുകള്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ മാറ്റിവച്ചു.
മറ്റു 11 പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ തേടി. അടുത്ത അദാലത്ത്‌ ജൂണ്‍ ഒന്നിന്‌ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തുമെന്നും അംഗങ്ങള്‍ അറിയിച്ചു.
അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം. രാധ, അഡ്വ. എം.എസ്‌. താര, സി.ഐ. എം. സുരേഷ്‌ കുമാര്‍, അഡ്വ. ആര്‍. സരിത, അഡ്വ. ജയ കമലാസനന്‍, അഡ്വ. ഹേമ ശങ്കര്‍, അഡ്വ. ബെച്ചി കൃഷ്‌ണ, കൗണ്‍സിലര്‍ സിസ്‌റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW