Saturday, August 24, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.35 AM

കോട്ടയം അങ്കം കഴിഞ്ഞു; ഇനി ഒരുക്കം പാലായില്‍

uploads/news/2019/05/310455/k2.jpg

കോട്ടയം: ലോക്‌സഭാ അങ്കം കഴിഞ്ഞു, ഇനി ചര്‍ച്ചയും നോട്ടവുമെല്ലാം പാലായിലേക്ക്‌. കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന ഒഴിവില്‍ പാലായില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിലേക്ക്‌ ഇനി മുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ പശ്‌ചാത്തലത്തിലാകും മൂന്നു മുന്നണികളും പാലായില്‍ പ്രചാരണത്തിനിറങ്ങുക.
മണ്ഡലത്തില്‍ പ്രതിനിധിയില്ലെന്ന കാര്യം തെരഞ്ഞെടുപ്പു കമ്മിഷനു റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മണ്ഡലം ഒഴിവുവന്ന്‌ ആറു മാസത്തിനകം നികത്തണമെന്നാണു ചട്ടം. എന്നാല്‍ ഒഴിവ്‌ റിപ്പോര്‍ട്ടു ചെയ്‌താല്‍ ഏതുനിമിഷവും ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കാം. എം.എല്‍.എമാര്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക്‌ ഉള്‍പ്പെടെയായിരിക്കും പാലായിലെ തെരഞ്ഞെടുപ്പും.
സ്‌ഥാനാര്‍ഥി ആരെന്നതിനെ ചൊല്ലിയാകും മൂന്നു മുന്നണികളും ആദ്യം ആശയക്കുഴപ്പത്തിലാകുക. അര നൂറ്റാണ്ടിലേറെ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ കുടുംബത്തില്‍ നിന്ന്‌ ഒരാള്‍ വരുമെന്നാണു സൂചനകള്‍.എന്നാല്‍, കേരളാ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തെയും ബാധിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നല്‍കിയ പിന്തുണ തുടരുകയും കെ.എം.മാണിയുടെ നിര്യാണത്തിലുള്ള സഹതാപ തരംഗം ഉടലെടുക്കുകയും ചെയ്‌താല്‍ ആരു സ്‌ഥാനാര്‍ഥിയായാലും ജയിക്കാമെന്നാണു യു.ഡി.എഫ്‌. വിലയിരുത്തല്‍. ഇടതുമുന്നണിയില്‍ കഴിഞ്ഞ രണ്ടു തവണയും മത്സരിച്ച എന്‍.സി.പി. മാണി സി. കാപ്പന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എം. പാലാ സീറ്റ്‌ ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട്‌ ചോര്‍ച്ച ആശങ്കപ്പെടുത്തുന്നു.
കേരള കോണ്‍ഗ്രസ്‌ (എം) നേതാവും പാലാ നഗരസഭ വൈസ്‌ ചെയര്‍മാനുമായ കുര്യാക്കോസ്‌ പടവനെ സ്‌ഥാനാര്‍ഥിയാക്കാനുള്ള നീക്കവും എല്‍.ഡി.എഫ്‌. നടത്തുന്നതായി സൂചനയുണ്ട്‌. കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 വോട്ട്‌ മാത്രമായിരുന്നുവെന്നതാണു എല്‍.ഡി.എഫിന്‌ പ്രതീക്ഷ നല്‍കുന്ന ഘടകം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 26533 വോട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 24,821 വോട്ടുമാണു ബി.ജെ.പിയ്‌ക്കു പ്രതീക്ഷ പകരുന്നത്‌. പി.സി. തോമസ്‌ വിഭാഗത്തിനും ജനപക്ഷത്തിനും സീറ്റില്‍ മോഹമുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രകടനത്തിന്റെ പശ്‌ചാത്തലത്തില്‍ ബി.ജെ.പി. തന്നെ മത്സരിക്കാനാണു സാധ്യത.

Ads by Google
Advertisement
Saturday 25 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW