Wednesday, August 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

മോഡി വിരുദ്ധതയും ന്യൂനപക്ഷ ഏകീകരണവും വിജയഘടകമായി: എന്‍.കെ.പ്രേമചന്ദ്രന്‍

uploads/news/2019/05/310445/k1.jpg

കൊല്ലം: ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നൂറു ശതമാനവും കാത്തുസൂക്ഷിക്കുമെന്നും കൊല്ലം മണ്ഡലത്തിലെ അടുത്ത അഞ്ച്‌ വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായി ജനപക്ഷത്തു നിന്നു നടപ്പാക്കുമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. കൊല്ലം പ്രസ്‌ ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഭൂരിപക്ഷം കൂടുതല്‍ കിട്ടിയതിനാല്‍ ഉത്തരവാദിത്വം കൂടുതലാണ്‌. അതില്‍ പേടിയുണ്ട്‌.
തന്നെ ആര്‍.എസ്‌.എസ്‌ വല്‍ക്കരിക്കാനും ബി.ജെ.പിക്കാരനാക്കി വര്‍ഗീകരിച്ചു ന്യൂനപക്ഷ വിരുദ്ധനാക്കാനും സി.പി.എം. ശ്രമിച്ചു. മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പടെയുള്ളവര്‍ മുസ്ലിം ജമാഅത്തുകള്‍ സന്ദര്‍ശിച്ചു തനിക്കെതിരെ വര്‍ഗീയ വിദ്വേഷം വിളമ്പിയതു ഏറെ മാനസിക വിഷമം ഉണ്ടാക്കി. ഈ സ്‌ഥലങ്ങളിലെല്ലാം വോട്ടുകളുടെ നിലവാരം കണ്ടപ്പോള്‍ മാത്രമാണ്‌ ആ വിഷമങ്ങളെല്ലാം മാറിയത്‌. ബി.ജെ.പിക്ക്‌ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയതിനാല്‍ യു.ഡി.എഫിന്‌ അവര്‍ വോട്ട്‌ മറിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും പൊളിഞ്ഞു. സി.പി.എമ്മിന്‌ കഴിഞ്ഞ തവണത്തേക്കാള്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ്‌ കുറഞ്ഞത്‌. ഈ വോട്ടുകള്‍ എവിടേക്കാണ്‌ പോയതെന്ന കാര്യത്തില്‍ സി.പി.എം. ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ ബോധത്തിന്‌ എതിരായാണ്‌ സി.പി.എം. പ്രവര്‍ത്തിക്കുന്നത്‌. ഇതിനുള്ള തിരിച്ചടിയാണ്‌ ഈ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം.
കോണ്‍ഗ്രസിന്റെ വോട്ട്‌ ബി.ജെ.പിക്ക്‌ പോയിട്ടില്ലെന്നുള്ളതിന്റെ തെളിവാണ്‌ ഭൂരിപക്ഷത്തിലെ വര്‍ധന. ഇടതു ശക്‌തികേന്ദ്രങ്ങളായ കുണ്ടറയിലും, ചടയമംഗലത്തും ഉള്‍പ്പെടെ ഏഴ്‌ നിയോജക മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതും അതിന്റെ തെളിവാണ്‌. യു.ഡി.എഫ്‌. ഒറ്റക്കെട്ടായാണ്‌ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അത്‌ വിജയത്തില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വവും കശുവണ്ടി തൊഴിലാളികളുടെ നിര്‍ലോഭമായ പിന്തുണയും തന്റെ വിജയത്തിനു സഹായകമായി. മോഡി വിരുദ്ധതയും മതേതര-ന്യൂനപക്ഷങ്ങളുടെ ഏകീകരണവുമാണ്‌ ഇത്തവണ യു.ഡി.എഫിനെ വിജയത്തിലെത്തിച്ച പ്രധാന ഘടകം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്‌ഠ്യത്തിനുള്ള മറുപടിയാണു ജനങ്ങള്‍ നല്‍കിയത്‌. പിണറായി വിരുദ്ധ വികാരം കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെ അലയടിച്ചു. ശബരിമല യുവതീ പ്രവേശനത്തെ പിണറായി വിജയന്‍ വര്‍ഗീയ വല്‍ക്കരിച്ചതും തിരിച്ചടിയായി.
സവര്‍ണരും അവര്‍ണരും തമ്മിലുള്ള പ്രശ്‌നങ്ങളാണു ശബരിമലയിലേതെന്നു വരുത്തി തീര്‍ക്കാന്‍ പിണറായി ശ്രമിച്ചു. ഈ തന്ത്രം സി.പി.എമ്മിന്‌ തിരിച്ചടിയായി. നയം വ്യതിയാനം സംഭവിച്ച സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ ലണ്ടനിലേക്ക്‌ ഔദ്യോഗികമായി ആരും ക്ഷണിച്ചില്ല. എന്നിട്ടാണ്‌ ലണ്ടന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌ മുഖ്യമന്ത്രി തുറന്നു കൊടുത്തുവെന്ന്‌ വീമ്പിളക്കുന്നത്‌.
കിഫ്‌ബി ചെയര്‍മാന്‍ എന്ന നിലയിലാണ്‌ മുഖ്യമന്ത്രിയും വൈസ്‌ ചെയര്‍മാനായ മന്ത്രി തോമസ്‌ ഐസക്കും സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ചില്‍ എത്തിയത്‌.
നവ ലിബറല്‍ ആശയങ്ങളെ തള്ളിപ്പറയുകയും അതിന്റെ പേരില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന്‌ പറയുകയും ചെയ്യുന്ന സി.പി.എം. ഇതിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഇതാണോ ഇടതുപക്ഷ നയമെന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ്‌. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭയിലും വിജയം സുനിച്‌ഛിതമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്‌.പി ഇടതുമുന്നണി വിട്ടതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും കോണ്‍ഗ്രസിനൊപ്പം നിന്നുകൊണ്ടുള്ള ഇടതുചേരിയാണ്‌ ആര്‍.എസ്‌.പിയുടെ ലക്ഷ്യമെന്നും ചോദ്യത്തിന്‌ ഉത്തരമായി അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW