Sunday, August 25, 2019 Last Updated 51 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.41 AM

കണ്ണുചിമ്മാതെ ഇരിക്കാം; ഫലമറിയാം

ആലപ്പുഴ:ഒരുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയികളാരെന്നറിയാന്‍ ഇന്ന്‌ വോട്ടെണ്ണാനിരിക്കേ വാശിയേറിയ പോരാട്ടം നടന്ന രണ്ട്‌ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ആകാംക്ഷയുടെ മുള്‍മുനയില്‍. ആലപ്പുഴയിലും മാവേലിക്കരയിലും സര്‍വേ ഫലങ്ങള്‍ക്കപ്പുറം എല്‍.ഡി.എഫും യു.ഡി.എഫും തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌. എന്നാല്‍ ഇവര്‍ക്കിടയിലും അടിയൊഴുക്കുകളെ ചൊല്ലി ആശയക്കുഴപ്പങ്ങളും കുറവല്ല.
മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന എന്‍.ഡി.എയാകട്ടെ അവര്‍ എത്ര വോട്ടു നേടുമെന്ന കാര്യത്തില്‍ വ്യക്‌തതയില്ലാത്ത സാഹചര്യത്തിലും. കൂട്ടിക്കിഴിക്കലുകള്‍ക്കതീതമായി അടിയൊഴുക്കുകള്‍ ഗതി നിര്‍ണയിക്കുമെന്നു കരുതുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ പത്ത്‌ മണിയോടെ വ്യക്‌തമാകും.
ഇനി എണ്ണിത്തുടങ്ങാം

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം തയാര്‍. വോട്ടിങ്‌ യന്ത്രങ്ങളിലെ വോട്ടുകള്‍ സെന്റ്‌ ജോസഫ്‌ കോളജ്‌, സെന്റ്‌ ജോസഫ്‌ സ്‌കൂള്‍, ലിയോ തേര്‍ട്ടീന്ത്‌ സ്‌കൂള്‍, എസ്‌.ഡി. കോളജ്‌, തിരുവമ്പാടി എച്ച്‌.എസ്‌.എസ്‌. എന്നിവിടങ്ങളിലും തപാല്‍ വോട്ടുകള്‍, ഇ.ടി.പി.ബി.എസ്‌. വോട്ടുകള്‍ കലക്‌ടറേറ്റിലുമാണ്‌ എണ്ണുന്നത്‌. തപാല്‍ വോട്ടുകള്‍ എണ്ണാനായി ആലപ്പുഴ, മാവേലിക്കര മണ്ഡങ്ങള്‍ക്കായി അഞ്ചു വീതം മേശകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഉപവരണാധികാരി, കൗണ്ടിങ്‌ സൂപ്പര്‍വൈസര്‍, ടേബിള്‍ അസിസ്‌റ്റന്റ്‌, സൂക്ഷ്‌മ നിരീക്ഷകര്‍ എന്നിവരാണ്‌ ഓരോ മേശയുടേയും ചുമതല വഹിക്കുന്നത്‌. ഇവരോടൊപ്പം സ്‌ഥാനാര്‍ഥികളുടെ പ്രതിനിധികളുമുണ്ടാകും.
രാവിലെ എട്ട്‌ മുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇ.ടി.പി.ബി.എസ്‌. വോട്ടുകള്‍ എണ്ണാനായി ആലപ്പുഴ മണ്ഡലത്തില്‍ 12 ഉം മാവേലിക്കര മണ്ഡലത്തില്‍ 18 ഉം മേശകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. 30 ക്യൂ.ആര്‍. കോഡ്‌ സ്‌കാനറുകളും ഒരുക്കിയിട്ടുണ്ട്‌.
ഒരു മേശയില്‍ 300 ഇ.ടി.പി.ബി.എസ്‌. വോട്ടുകളും 500 തപാല്‍ വോട്ടുകളുമാണ്‌ എണ്ണുന്നത്‌. വോട്ടെണ്ണല്‍ ഫലങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്ന ട്രെന്‍ഡ്‌, സുവിധ ആപ്പുകളുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്‌.

ലീഡ്‌ അപ്പപ്പോള്‍ അറിയാം

വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ വിവിധ സംവിധാനങ്ങള്‍ തയാറായി. ദേശീയതലത്തിലുള്ള വോട്ടെണ്ണല്‍ ലീഡും ഫലവും അറിയുന്നതിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പോര്‍ട്ടല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. രാവിലെ എട്ടു മുതല്‍ മാത്രമേ ഇതില്‍ ഡാറ്റ ലഭ്യമായിത്തുടങ്ങൂ.

വേഗമറിയാന്‍
എന്‍.ഐ.സിയുടെ ട്രെന്‍ഡ്‌

വോട്ടെണ്ണല്‍ പുരോഗതിയും അന്തിമഫലവും അറിയുന്നതിന്‌ എന്‍.ഐ.സിയുടെ ട്രെന്‍ഡ്‌ ആപ്പും ഉപയോഗിക്കാം. ഇത്‌ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അപ്‌ഡേറ്റ്‌ ചെയ്‌തുകൊണ്ടിരിക്കും. കേരളത്തിലെ ഫലങ്ങളാണ്‌ ഇതുവഴി ലഭ്യമാക്കുക. കൂടാതെ ട്രന്‍ഡിന്റെ മൊബൈല്‍ ആപ്പും പ്രവര്‍ത്തനക്ഷമമാകും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന്‌ ട്രന്‍ഡ്‌ ആപ്പ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാം. ഇതുവഴിയും തല്‍സമയ ഫലങ്ങള്‍ അറിയാം.

കലക്‌ടറേറ്റില്‍
മീഡിയ റൂം

ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലെ ലീഡ്‌ നിലയും ഫലവും അപ്പപ്പോള്‍ അറിയാന്‍ കലക്‌ടറേറ്റിന്‌ മുന്നിലെ പ്രത്യേകം തയാറാക്കിയ മീഡിയ റൂമില്‍ അവസരം ഒരുക്കി. രാവിലെ എട്ടു മുതല്‍ ഇവിടുത്തെ മോണിട്ടറില്‍ ട്രന്‍ഡിലെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ലഭ്യമാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളോട്‌ ചേര്‍ന്നും മീഡിയ സെന്റര്‍ സംവിധാനം ലഭ്യമാണ്‌. പ്രധാന മീഡിയ റൂം കലക്‌ടറേറ്റിലാണ്‌ പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അനുവദിച്ചിട്ടുള്ള മീഡിയ പാസ്‌ ഉള്ളവര്‍ക്ക്‌ മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം.
പ്രത്യേക നെറ്റ്‌ വര്‍ക്ക്‌

വോട്ടെണ്ണല്‍ ക്രമമായി നടക്കുന്നുവെന്നുറപ്പാക്കാന്‍ നിയോജകമണ്ഡലം തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണമുണ്ടാകും.
രണ്ടു പ്രത്യേകം സ്വതന്ത്ര നെറ്റ്‌വര്‍ക്ക്‌ സംവിധാനത്തിലൂടെയാകും ഇതിന്റെ പ്രവര്‍ത്തനം. ഓരോ സംവിധാനത്തിലും മൂന്നുവീതം കമ്പ്യൂട്ടറുകളെങ്കിലും ഉറപ്പാക്കിയിരിക്കും. ഒന്നില്‍ ട്രന്‍ഡും മറ്റൊന്നില്‍ സുവിധയിലും വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ലോഡു ചെയ്യും. മൂന്നാമത്തെ കമ്പ്യൂട്ടര്‍ ഫലങ്ങള്‍ അച്ചടിക്കാനും മറ്റുമായി ഉപയോഗിക്കും.

വരണാധികാരിയുടെ
മുറി കണ്‍ട്രോള്‍ റൂമാക്കും

ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും വരണാധികാരിക്കായി തയാറാക്കുന്ന മുറി ഫലത്തില്‍ തെരഞ്ഞെടുപ്പ്‌ കണ്‍ട്രോള്‍ റൂം കൂടിയായി പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ ഹാളിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്‌ തകരാര്‍ സംഭവിച്ചാലും ട്രന്‍ഡ്‌, സുവിധ ആപ്പുകളിലേക്കുള്ള വിവരങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ സജ്‌ജീകരണമുണ്ടാകും.

Ads by Google
Advertisement
Thursday 23 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW