Wednesday, August 07, 2019 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.12 AM

പണം കൊയ്യാന്‍ മറുനാടന്‍ മാഫിയകള്‍; ജില്ലയ്‌ക്ക്‌ വീണ്ടും ബ്ലേഡ്‌ ഭീഷണി

uploads/news/2019/05/309377/a1.jpg

ആലപ്പുഴ:തീരമേഖലയിലെ വറുതിയും അധ്യയന വര്‍ഷാരംഭവും മുതലെടുക്കാന്‍ ജില്ലയില്‍ ബ്ലേഡ്‌ സംഘങ്ങള്‍ സജീവം. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇടപാടുകാരെ വലവീശാന്‍ രംഗത്തുണ്ട്‌. പ്രളയകെടുതികള്‍ നേരിട്ട കുട്ടനാട്‌ പോലെയുളള പ്രദേശങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വില്‍പനയാണ്‌ ഇവര്‍ നടത്തുന്നത്‌. തവണകളായി പണം ഇടാക്കുന്ന വ്യവസ്‌ഥയില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക്‌ പക്ഷേ വില ഇരട്ടിയോളമാണ്‌.
തമിഴ്‌നാട്ടിലെ പലിശ സംഘങ്ങള്‍ വ്യാപാരികള്‍ക്കാണ്‌ പണം നല്‍കുന്നത്‌. ഇവരുടെ കെണിയില്‍പ്പെട്ട്‌ വന്‍ വ്യാപാര സ്‌ഥാപനങ്ങള്‍ പോലും പാപ്പരായ അനുഭവങ്ങളുണ്ടെങ്കിലും പലരും വീണ്ടും അവരെ തന്നെ സമീപിക്കുന്നു.
ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച്‌ ലക്ഷങ്ങളുടെ അനധികൃത പണമിടപാട്‌ നടത്തിയിരുന്നയാള്‍ അടുത്തിടെ ചേര്‍ത്തലയില്‍ പിടിയിലായിരുന്നു. കുറുപ്പംകുളങ്ങര സ്വദേശിയാണ്‌ അറസ്‌റ്റിലായത്‌. ചേര്‍ത്തല, പൂച്ചാക്കല്‍, പള്ളിപ്പുറം, അര്‍ത്തുങ്കല്‍, മാരാരിക്കുളം, പട്ടണക്കാട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഇയാള്‍ക്ക്‌ പലിശയ്‌ക്ക്‌ പണം കൊടുക്കുന്ന ഇടപാടുള്ളതായി പോലീസ്‌ കണ്ടെത്തി.
വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക്‌ ഉയര്‍ന്ന പലിശയ്‌ക്കു പണം നല്‍കി വസ്‌തു ഈട്‌ വാങ്ങുകയും പിന്നീട്‌ ഇതു കൈക്കലാക്കുന്നതുമായിരുന്നു രീതിയെന്നു പോലീസ്‌ പറയുന്നു. പിടിയിലാകുമ്പോള്‍ 20000 രൂപയും 4,50,000 രൂപയുടെ തീയതിയില്ലാത്ത രണ്ട്‌ ചെക്കുകളും അഞ്ച്‌ ലക്ഷത്തിന്റെ പ്രോമിസറി നോട്ടുകളും കണ്ടെടുക്കുകയും ചെയ്‌തു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 പ്രമാണങ്ങള്‍, പ്രമാണങ്ങളുടെ അടയാള സഹിതമുള്ള പകര്‍പ്പുകള്‍, കരാര്‍ ഉടമ്പടികള്‍, പണം കൊടുത്തത്‌ രേഖപ്പെടുത്തിയ ബുക്കുകള്‍, പലിശയും കൂട്ടുപലിശയും എഴുതിയ പേപ്പറുകള്‍ തുടങ്ങിയവ ലഭിച്ചു. ഒന്നരകോടിയോളം രൂപയുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയതായാണ്‌ പ്രാഥമിക നിഗമനം. ആന്ധ്രയില്‍ നിന്നുള്ള പലിശക്കാരും പ്രവര്‍ത്തനം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്‌ ഏജന്റുമാരെ ഉപയോഗിച്ചാണ്‌ വ്യക്‌തികളെയും സ്‌ഥാപനങ്ങളെയും ഇവര്‍ വലയില്‍പ്പെടുത്തുന്നത്‌. കൊള്ളപ്പലിശയ്‌ക്കു പണമിടപാടു നടത്തുന്ന വ്യക്‌തികളെയും സ്വകാര്യ സ്‌ഥാപനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ പോലീസ്‌ ശേഖരിക്കുന്നുണ്ട്‌.
കേരളത്തില്‍ നടക്കുന്ന കോടികളുടെ പലിശ ഇടപാടുകള്‍ തമിഴ്‌നാട്ടിലിരുന്ന്‌ നിയന്ത്രിക്കുന്ന മാഫിയത്തലവനെ മുമ്പ്‌ കസ്‌റ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവരും വഴി കോയമ്പത്തൂരില്‍ വച്ച്‌ ഗുണ്ടാസംഘം ബലമായി മോചിപ്പിച്ച സംഭവമുണ്ടായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ കൊച്ചിയില്‍ നിന്നുള്ള പോലീസ്‌ സംഘം തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്തത്‌.
എന്നാല്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ സായുധസംഘത്തിനു മുമ്പില്‍ കേരള പോലീസിന്‌ ഒന്നും ചെയ്യാനായില്ല. വന്‍കിട ആശുപത്രികള്‍, സിനിമ മേഖല, വസ്‌ത്ര വില്‍പന ശാലകള്‍, സീ ഫുഡ്‌ ഫാക്‌ടറികള്‍ തുടങ്ങിയവയിലെ പ്രമുഖരുമായിട്ടാണ്‌ വന്‍ സംഘങ്ങളുടെ ഇടപാടുകള്‍ . ഈ വകയില്‍ കോടികളാണ്‌ കേരളത്തില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ കടത്തിക്കൊണ്ടു പോകുന്നത്‌.
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ്‌ വന്‍കിട സംഘങ്ങള്‍ ബിസിനസ്‌ കൊഴുപ്പിക്കുന്നത്‌. കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ സംഘമായി തങ്ങുന്ന രീതിയുമുണ്ട്‌.
പലിശയ്‌ക്കു കൊടുക്കാന്‍ ഉപയോഗിക്കുന്നതില്‍ അധികവും കള്ളപ്പണമാണെന്നാണ്‌ സംശയം. അടുത്തകാലത്ത്‌ ഹരിപ്പാട്ട്‌ വിമുക്‌തഭടനെ കൊലപ്പെടുത്തിയ സംഭവും പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു.

Ads by Google
Advertisement
Monday 20 May 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW