Sunday, August 25, 2019 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.38 AM

പ്രതിബന്ധങ്ങള്‍ ഒഴിഞ്ഞു; പൂരക്കഞ്ഞി കുടിച്ച്‌ തട്ടകങ്ങളുറങ്ങി

uploads/news/2019/05/308319/1.jpg

തൃശൂര്‍: ഇന്നലെ പൂരാവേശത്തിനു കൊടിയിറക്കമായതോടെ ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്‌. അടുത്ത പൂരത്തിനുള്ള പദ്ധതികള്‍ മനസില്‍ കണക്കു കൂട്ടുന്നതിലേക്കു ദേവസ്വങ്ങളും സംഘാടകരും താമസിയാതെ കടക്കും. ഒരു പൂരം കഴിഞ്ഞാല്‍ അടുത്ത പൂരം എന്നതാണ്‌ സാംസ്‌കാരിക നഗരിയുടെ ചിന്ത. തൃശൂരിന്റെ കലണ്ടറും പൂരം മുതല്‍ അടുത്ത പൂരം വരെ എന്ന നിലയിലാണെന്ന്‌ പറയാറുണ്ട്‌. തൃശൂര്‍ പൂരത്തിനു പരിസമാപ്‌തിയായതോടെ തട്ടകങ്ങളിലും ദേവസ്വങ്ങളിലും നിറഞ്ഞ സംതൃപ്‌തി.
പൂരത്തിന്‌ വെടിക്കെട്ടു തയാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ അവസാനനിമിഷം കോടതിയില്‍ കേസ്‌ നല്‍കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആശങ്കയ്‌ക്കിട നല്‍കി. പൂരത്തിനെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന നിയമക്കുരുക്കുകളില്‍പെട്ട്‌ ദേവസ്വങ്ങള്‍ക്ക്‌ ഏറെ സമയനഷ്‌ടമുണ്ടായെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു സ്‌ഥിരം പരിപാടിയായി മാറുകയാണെന്ന പരാതിയും ദേവസ്വങ്ങള്‍ക്കുണ്ട്‌. അതേസമയം ശക്‌തന്റെ തട്ടകത്തിന്‌ പൂരം ഊണിലും ഉറക്കത്തിലും അവിഭാജ്യ ഘടകമാണ്‌.
പൂരം പെയ്‌തൊഴിഞ്ഞുവെങ്കിലും പൂരംപ്രദര്‍ശന നഗരി പൂരത്തിന്റെ കൊടിയടയാളമായി നില്‍ക്കുന്നു. 25 വരെ പൂരംപ്രദര്‍ശനമുണ്ട്‌. പൂരം പ്രദര്‍ശന നഗരിയില്‍ ഇന്നലെ വലിയ തിരക്കനുഭവപ്പെട്ടു. പൂരം കാണാന്‍ നഗരത്തിലെ വീടുകളിലെത്തിയ ബന്ധുക്കള്‍ കൂട്ടത്തോടെ ഇറങ്ങിയതാണു കാരണം. ആരവമൊഴിഞ്ഞതോടെ തേക്കിന്‍കാട്‌ മൈതാനം ഇന്നലെ ആളൊഴിഞ്ഞ പ്രദേശമായി. തട്ടകക്കാരും പൂരം സംഘാടകരും ഇന്നലെ സന്ധ്യക്ക്‌ ക്ഷേത്രങ്ങളില്‍ ഭഗവതിമാരെ വരവേല്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു. വേനല്‍മഴയ്‌ക്കു സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന്‌ പ്രത്യേക വഴിപാടുകള്‍ നടത്തിയിരുന്നു. കാര്യങ്ങള്‍ ഭംഗിയായി കലാശിച്ചതിന്‌ തട്ടകക്കാര്‍ ശ്രീവടക്കുന്നാഥനും ഭഗവതിമാര്‍ക്കും നന്ദിചൊല്ലി. അതേസമയം പൂരപ്രേമികള്‍ക്കും മേളാസ്വാദകര്‍ക്കും വികാരവായ്‌പിന്റെ ദിനമായിരുന്നു ഇന്നലെ. പൂരത്തിന്റെ ശബ്‌ദ- വര്‍ണ വിസ്‌മയത്തിന്‌ ഇനി ഒരുവര്‍ഷംകൂടി കാത്തിരിക്കണം. ഒന്നര ദിവസത്തെ ആരവങ്ങള്‍ പെട്ടെന്ന്‌ നിശബ്‌ദമായത്‌ പലര്‍ക്കും നഷ്‌ടബോധമായി. ഇന്നലെ ഉച്ചയ്‌ക്ക് നിലപാടുതറയില്‍ ഉപചാരം ചൊല്ലല്‍ നടന്നപ്പോള്‍ പലരും സന്തോഷാശ്രു പൊഴിച്ചു.
ശ്രീപാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും അടുത്തവര്‍ഷം കാണാമെന്ന വാഗ്‌ദാനത്തോടെ സ്വന്തം ക്ഷേത്രങ്ങളിലേക്കു മടങ്ങി. പാറമേക്കാവ്‌ ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദനാണ്‌ ആദ്യം നിലപാടുതറയില്‍ എത്തിയത്‌. നേരെ നായ്‌ക്കനാലിനു സമീപം പോയി തിരികെവന്നു. അവിടെ മുമ്പ്‌ പ്രതിഷ്‌ഠയുണ്ടായിരുന്നു എന്നാണ്‌ സങ്കല്‌പം. അവിടെച്ചെന്ന്‌ വണങ്ങുന്നതാണ്‌ ചടങ്ങ്‌. അതിനിടെ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി പുറത്തേക്കുവന്നു. തുടര്‍ന്ന്‌ ഇരുഭഗവതിമാരും മുഖാമുഖം കണ്ടു. തുമ്പിക്കൈ ഉയര്‍ത്തി മൂന്നുതവണ അഭിവാദ്യംചെയ്‌തപ്പോള്‍ തട്ടകക്കാര്‍ ആര്‍പ്പുവിളിച്ചു.
ഉപചാരം ചൊല്ലിയ പാറമേക്കാവിലമ്മ വടക്കുന്നാഥനെ ദര്‍ശിച്ച്‌ പറയെടുപ്പിനു പോയി. തുടര്‍ന്ന്‌ ഇരുദേവസ്വങ്ങളിലും പൂരക്കഞ്ഞി വിതരണം ചെയ്‌തു. നടുവില്‍മഠത്തില്‍ ആറാടിയശേഷം പാറമേക്കാവിലമ്മ തിരിച്ചെഴുന്നള്ളി. ക്ഷേത്രമതില്‍ക്കകത്ത്‌ ഏഴുതവണ പ്രദക്ഷിണം വച്ചശേഷം ശ്രീലകത്തെത്തി. ആനയെക്കൊണ്ട്‌ കൊടിമരം പിഴുതിട്ടാണ്‌ പൂരക്കൊടി ഇറക്കിയത്‌. ദീപാരാധന, അത്താഴപൂജ എന്നിവയ്‌ക്കുശേഷം നടയടച്ചു. തിരുവമ്പാടി ഭഗവതി ആറാട്ടിനായി വൈകിട്ട്‌ അഞ്ചിന്‌ മഠത്തിലെത്തി. പറയെടുപ്പ്‌ പൂര്‍ത്തിയാക്കി തിരികെയെത്തി. രാത്രി എട്ടിന്‌ ഉത്രംവിളക്കുണ്ടായി. പൂരക്കൊടിയിറക്കിയതോടെ തിരശീലവീണു.

Ads by Google
Advertisement
Wednesday 15 May 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW