Sunday, August 25, 2019 Last Updated 27 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.36 AM

കര്‍ഷക കൂട്ടായ്‌മയുടെ വിജയം കൊടുമണ്‍ അരി ഇന്ന്‌ വിപണിയില്‍

uploads/news/2019/05/308310/1.jpg

പത്തനംതിട്ട: കൂട്ടായയത്‌നത്തിലൂടെ വിളയിച്ചെടുത്ത കൊടുമണ്‍ റൈസ്‌ ഇന്ന്‌ വിപണയില്‍ എത്തും. ത്രിതല പഞ്ചായത്തുകള്‍, കൃഷിവകുപ്പ്‌, പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ 286 ഏക്കര്‍ പാടത്ത്‌ വിളയിച്ചെടുത്ത നെല്ലരിയാണ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യു.പി സ്‌കൂള്‍ അങ്കണത്തില്‍ ഇന്ന്‌ നടക്കുന്ന വിപണനമേളയില്‍ കൃഷി മന്ത്രി വി.എസ്‌.സുനില്‍കുമാര്‍ പുറത്തിറക്കുന്നത്‌. 228 കര്‍ഷകരുടെ വിയര്‍പ്പില്‍ ജൈവ കൃഷിയിലൂടെ വിളയിച്ച നെല്ല്‌ ഓയില്‍ പാം ഇന്ത്യയുടെ മില്ലിലാണ്‌ സംസ്‌കരിച്ചത്‌. കലര്‍പ്പും മായവുമില്ലാത്ത അരിയില്‍ ആവശ്യത്തിന്‌ തവിടും ഉള്‍പ്പെടുന്നു എന്നതാണ്‌ പ്രത്യേകത.
രാവിലെ പത്തിന്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.ആര്‍.എസ്‌ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാ പ്രഭ ഉദ്‌ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഉത്തമ ഭക്ഷണ രീതികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
വൈകിട്ട്‌ നാലിന്‌ യോഗാ പ്രദര്‍ശനവും ആര്‍ട്ടിസ്‌റ്റിക്‌ യോഗാ ഡാന്‍സും. തുടര്‍ന്ന്‌ കലാജാഥ. 4.30 ന്‌ കൊടുമണ്‍ റൈസ്‌ വിപണന ഉദ്‌ഘാടനം മന്ത്രി വി.എസ്‌.സുനില്‍കുമാറും ആദ്യ വില്‍പ്പന വീണാജോര്‍ജ്‌ എം.എല്‍.എയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ആര്‍.ബി.രാജേഷ്‌ കുമാര്‍ ഇക്കോ ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്യും. മികച്ച കര്‍ഷകരെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞന്നാമ്മകുഞ്ഞ്‌ ആദരിക്കും.
കൊടുമണ്‍ റൈസ്‌ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ അംഗം ബി. സതികുമാരി നിര്‍വഹിക്കും. താജ്‌ പത്തനംയതിട്ടയുടെ മിമിക്‌സ്‌ വണ്‍മാന്‍ ഷോ. തുടര്‍ന്ന്‌ കൊട്ടാരക്കര ഹാര്‍ട്ട്‌ ബീറ്റ്‌സിന്റെ ഗാനമേള.

സ്വന്തമായി മില്ല്‌
ലക്ഷ്യം

വന്‍കിട മില്ലുകളെ ഒഴിവാക്കുന്നതിനും അതിലൂടെ ഉണ്ടാകുന്ന ചെലവ്‌ കുറയ്‌ക്കുന്നതിനും സ്വന്തമായി മില്ല്‌ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ പത്തുലക്ഷം രൂപാ ചെലവില്‍ മില്ല്‌ തുടങ്ങാന്‍ കഴിയും. അരി പുഴുങ്ങാനും ഉണക്കാനുമുള്ള ബോയിലറുകളോടു കൂടിയ മില്ലാകും ഇത്‌. ഇത്തരത്തിലുള്ള സംസ്‌ഥാനത്തെ ആദ്യ സംരംഭമാണിത്‌. നിലവില്‍ വന്‍കിട മില്ലുകളെ ആശ്രയിക്കുന്നതു മൂലം കയറ്റിറക്ക്‌, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, നെല്ല്‌ കുത്തുകൂലി എന്നീ ഇനങ്ങളില്‍ വന്‍ തുകയാണ്‌ ചെലവാകുന്നത്‌. ഓയില്‍ പാം ഇന്ത്യയുടെ മില്ലില്‍ കുത്തി ഇപ്പോള്‍ വിപണനത്തിന്‌ തയാറാക്കിയിട്ടുള്ള കൊടുമണ്‍ റൈസിന്‌ കിലോയ്‌ക്ക്‌ 55 രൂപയാണ്‌ വില നിശ്‌ചയിച്ചിട്ടുള്ളത്‌. നൂറ്‌ ടണ്‍ നെല്ല്‌ കുത്തുമ്പോള്‍ 60 ടണ്‍ അരിയാണ്‌ ലഭിക്കുക. പതിരും തവിടുമായി നല്ലൊരു ശതമാനം നഷ്‌ടമാകുന്നതാണ്‌ ഇതിനു കാരണം.

1200 ഏക്കര്‍
സ്‌ഥലത്ത്‌ കൃഷി വ്യാപിപ്പിക്കും

കൊടുമണ്‍ പാടശേഖരവുമായി ബന്ധപ്പെട്ട്‌ 1200 ഏക്കറാണുള്ളത്‌. ഇതില്‍ 286 ഏക്കറില്‍ മാത്രമാണ്‌ ജൈവ കൃഷി നടപ്പാക്കിയിട്ടുള്ളത്‌. ബാക്കി സ്‌ഥലം കൂടി മൂന്നുവര്‍ഷത്തിനുള്ളില്‍ കതിരിടുമെന്ന്‌ ഭാരാഹികള്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൊടുമണ്‍ ഫാര്‍മേഴ്‌സ്‌ സൊസൈറ്റിക്ക്‌ രൂപം നല്‍കി കഴിഞ്ഞു. പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ സ്‌ഥലത്തും സംസ്‌ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ പദ്ധതികള്‍ നടപ്പാക്കും. കഴിഞ്ഞ ചിങ്ങത്തില്‍ കൃഷി ഇറക്കിയ 260 ഏക്കര്‍ സ്‌ഥലത്തുനിന്നും നാലു ലക്ഷം കിലോയില്‍ പരം നെല്ലാണ്‌ കൊയ്‌തെടുത്തത്‌. ഇതില്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച വില അനുസരിച്ച്‌ 25.30 രൂപയ്‌ക്ക്‌ രണ്ട്‌ ലക്ഷം കിലോ നെല്ല്‌ സംഭരിച്ചു.
സംഭരണ സമയത്തു തന്നെ കര്‍ഷകര്‍ക്ക്‌ അതിന്റെ വില നല്‍കിയെന്നതാണ്‌ ശ്രദ്ധേയം. സംഭരിച്ച നെല്ല്‌ കോട്ടയം വച്ചുമുള്ള ഓയില്‍ പാം ഇന്ത്യയുടെ മില്ലില്‍ കുത്തിയെടുത്തു. ജ്യോതി, ഉമ, ശ്രേയസ്‌ എന്നീ ഇനത്തില്‍പ്പെട്ട അരിയുടെ തവിടിന്റെ അളവ്‌ ക്രമീകരിച്ചാണ്‌ ആരോഗ്യപ്രദമായ ഭക്ഷണത്തിനായി വില്‍പ്പനയ്‌ക്ക്‌ തയാറാക്കിയിട്ടുള്ളത്‌. നെല്ല്‌ ഓയില്‍ പാം ഇന്ത്യയുടെ മില്ലില്‍ എത്തിച്ചതും തുടര്‍ന്ന്‌ പുഴുങ്ങി ഉണക്കി അരിയാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
ഔഷധ മൂല്യമുള്ള രക്‌തശാലി,
ഞവര

രോഗപ്രതിരോധ ശേഷിയുള്ള രക്‌തശാലി, ഞവര എന്നീ ഇനങ്ങളില്‍പ്പെട്ട അരിയും വില്‍പ്പനയ്‌ക്ക്‌ തയാറായിട്ടുണ്ട്‌. രക്‌തശാലി അരിക്ക്‌ കിലോയ്‌ക്ക്‌ 350 രൂപയാണ്‌ വില. അകാല വാര്‍ധക്യം തടയാനും വാതം, പിത്തം, കഫം എന്നിവ നിയന്ത്രിക്കാനും ഈ അരി ഉത്തമമാണ്‌. വിറ്റാമിന്‍ ബി, ഇരുമ്പ്‌, കാല്‍സ്യം എന്നിവ ഇതില്‍ കൂടുതലുണ്ട്‌. കിമോതെറാപ്പി മൂലം ശരീരം ശോഷിച്ച രോഗികള്‍ക്ക്‌ പുഷ്‌ടി വര്‍ധിക്കാന്‍ ഇത്‌ ഉത്തമമാണ്‌.
രക്‌തത്തില്‍ ഹീമോഗ്ലോബിന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കുന്നു. നിത്യ യൗവനത്തിനും ആരോഗ്യ സംരക്ഷണത്തിനും ഗര്‍ഭിണികള്‍ക്ക്‌ ഔഷധമായും ഭക്ഷണമായും ഈ അരി ഉപയോഗിച്ചു വരുന്നു. കേരളത്തിന്റെ സ്വന്തമായ അരിയാണ്‌ ഞവര. ഭക്ഷണത്തിന്‌ പുറമേ രോഗ പ്രതിരോധത്തിനും ഉത്തമം. വാത രോഗത്തിന്‌ അവസാന മാര്‍ഗം ഞവര കിഴിയാണ്‌. പ്രസവ രക്ഷയ്‌ക്കും ലേഹ്യ നിര്‍മ്മാണത്തിനും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. തവിടോടു കൂടിയ ഉമ, ജ്യോതി, ശ്രേയസ്‌ എന്നിവയ്‌ക്ക്‌ പുറമെ പച്ചരിയും ഉത്‌പാദിപ്പിക്കുന്നു. തവിട്‌ ഉപയോഗിച്ചുള്ള കേക്ക്‌, ഔഷധക്കൂട്ട്‌, പൊടിയരി, മങ്കരി, ഉമി, തവിട്‌, ഉമിക്കരി, അരിയുടെ മൂല്യവര്‍ദ്ധതി ഉത്‌പന്നങ്ങള്‍ എന്നിവയും ഇവിടെ ഉത്‌പാദിപ്പിക്കുന്നു.
കൊടുമണ്ണില്‍ കാര്‍ഷിക വിപ്ലവം വിജയകരമായി നടത്താന്‍ കഴിഞ്ഞത്‌ കൃഷി ഓഫീസര്‍ അഫിലയുടെ മികവുകൊണ്ടാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ശാസ്‌ത്രീയമായ രീതിയില്‍ ചെലവ്‌ ചുരുക്കിയാണ്‌ കര്‍ഷകര്‍ വയലില്‍ പൊന്നു വിളയിച്ചത്‌. വരും വര്‍ഷങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളതെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞന്നാമ്മകുഞ്ഞ്‌, വൈസ്‌ പ്രസിഡന്റ്‌ എം.ആര്‍.എസ്‌ ഉണ്ണിത്താന്‍, ഫാര്‍മേഴ്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ എ.എന്‍.സലീം, കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ കെ.വി.സുരേഷ്‌, കൃഷി ഓഫീസര്‍ എസ്‌.അഫില എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 15 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW