Tuesday, August 20, 2019 Last Updated 39 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.30 AM

എരഞ്ഞോളി മൂസ അന്തരിച്ചു

uploads/news/2019/05/306318/0.jpg

തലശ്ശേരി: പ്രശസ്‌ത മാപ്പിളപ്പാട്ടുഗായകനും കേരള ഫോക്‌ ലോര്‍ അക്കാദമി വൈസ്‌
ചെയര്‍മാനുമായ എരഞ്ഞോളി മൂസ(79) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ
അസുഖത്തെത്തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ച
ഒരുമണിയോടെ മട്ടാമ്പ്രം പള്ളിക്കു സമീപത്തെ വസതിയായ ആയിശുവിലായിരുന്നു
അന്ത്യം. എരഞ്ഞോളിയിലെ വലിയകത്ത്‌ ആസിയ അബ്‌ദു ദമ്പതികളുടെ പത്തുമക്കളില്‍ അഞ്ചാമനായി 1940 മാര്‍ച്ചിലായിരുന്നു ജനനം. ജീവിത
പ്രാരബ്‌ദങ്ങള്‍ക്കിടയിലും പാട്ടിനെ സ്‌നേഹിച്ച എരഞ്ഞോളിക്കാരനായ
വലിയകത്ത്‌ മൂസയാണ്‌ പിന്നീട്‌ എരഞ്ഞോളി മൂസ എന്ന്‌ പേരില്‍ മാപ്പിളപ്പാട്ട്‌
രംഗത്ത്‌ പ്രസിദ്ധനായത്‌. നാട്ടിലും ഗള്‍ഫ്‌ നാടുകളിലും മൂസയുടെ പാട്ടിന്‌
ആരാധകര്‍ ഏറെയുണ്ടായിരുന്നു. മാപ്പിളപ്പാട്ടുകള്‍ക്ക്‌ തനത്‌ ശൈലിയിലൂടെ
ആസ്വാദക മനസുകളില്‍ സ്‌ഥാനമൊരുക്കിയ എരഞ്ഞോളി മൂസ ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു. കുഞ്ഞാമിനയാണ്‌ ഭാര്യ. മക്കള്‍: നസീര്‍, സാജിത, സമീറ,നിസാര്‍, നസീറ, സാദിഖ്‌. മരുമക്കള്‍: ഉസ്‌മാന്‍, അസ്‌കര്‍, ഷമീമ, റൗസീന,
ഷഹനാസ്‌, സീനത്ത്‌. സഹോദരങ്ങള്‍ അലി, ഉമ്മര്‍, അസീസ്‌, നസീഫ, പാത്തൂട്ടി,
സഫിയ. പരേതരായ കുഞ്ഞഹമ്മദ്‌, ഖദീസ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്‌ ഉച്ചക്ക്‌ മട്ടാമ്പ്രം പള്ളി ഖബര്‍ സ്‌ഥാനില്‍ നടക്കും. കാലത്ത്‌ 9 മുതല്‍ 12 വരെ നഗരസഭ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം. എരഞ്ഞോളി മൂസയോടുള്ള ആദരസൂചകമായി രാവിലെ
മുതല്‍ സംസ്‌കാരം കഴിയുന്നതു വരെ തലശ്ശേരി ടൗണില്‍ ഹര്‍ത്താല്‍
ആചരിക്കാന്‍ സര്‍വ്വ കക്ഷി ആഹ്വാനമുണ്ട്‌. ഗ്രാമീണ കലാസമിതികളിലൂടെയാണ്‌ വളര്‍ന്ന കലാകാരനാണ്‌ എരഞ്ഞോളി മൂസ. ശരത്‌ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കില്‍ നിത്യസന്ദര്‍ശകനായിരുന്ന സംഗീത സംവിധായകന്‍ കെ.രാഘവനാണു മൂസയുടെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്‌. മിഅ്‌റാജ്‌ രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ്‌ മാപ്പിളപ്പാട്ടുകള്‍ക്കു ശബ്‌ദം നല്‍കിയത്‌ എരഞ്ഞോളി മൂസയാണ്‌. അസുഖത്തെ തുടര്‍ന്നു നഷ്‌ടപ്പെട്ട ശബ്‌ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ്‌ അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ മാപ്പിളപ്പാട്ടു പാടിയിട്ടുണ്ട്‌. കമല്‍ സംവിധാനം ചെയ്‌ത ഗ്രാമഫോണ്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങി സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനമറിയിച്ചു.

Ads by Google
Advertisement
Tuesday 07 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW