Friday, August 23, 2019 Last Updated 51 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

ജനാധിപത്യത്തിന്‌ താങ്ങായി ഗോത്രവര്‍ഗക്കാര്‍: കുറിച്യാട്‌ വനഗ്രാമത്തില്‍ 100 ശതമാനം പോളിംഗ്‌

uploads/news/2019/04/303614/w1.jpg

കല്‍പ്പറ്റ: വനത്തില്‍ ഒറ്റപ്പെട്ട്‌ കഴിയുന്ന വയനാട്‌ വന്യജീവി സങ്കേതത്തിലെ കുറിച്യാട്‌ ഗ്രാമത്തിലെ ബൂത്തില്‍ 100 ശതമാനം പോളിംഗ്‌. വയനാട്‌ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന, കാട്ടുനായ്‌ക്ക വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലൊരുക്കിയ 82-ാം നമ്പര്‍ പോളിംഗ്‌ ബൂത്തില്‍ അവസാനത്തെ വോട്ടറെത്തി വിരലില്‍ മഷി പുരട്ടിയത്‌ 5.45ന്‌. 58 വോട്ടര്‍മാരില്‍ 52 പേര്‍ രാവിലെ 11 മണിയോടെ വോട്ട്‌ രേഖപ്പെടുത്തി. ബാക്കിയുള്ള ആറുപേരെ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആറുപേരില്‍ അഞ്ചുപേര്‍ ഉച്ചക്ക്‌ ഒന്നരയോടെ എത്തി വോട്ട്‌ ചെയ്‌തു. ശേഷിക്കുന്ന രാജു എന്ന വോട്ടര്‍ക്കുവേണ്ടിയായി ഉദ്യോഗസ്‌ഥരുടെ കാത്തിരിപ്പ്‌. ആദ്യം ഉദ്യോഗസ്‌ഥര്‍ രാജുവിനെ ബന്ധപ്പെട്ടപ്പോള്‍ 'വോട്ട്‌ ചെയ്‌തിട്ട്‌ എന്താ കാര്യം' എന്നായിരുന്നു പ്രതികരണം. പിന്നീട്‌, വോട്ട്‌ ചെയേ്േണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഉദ്യോഗസ്‌ഥര്‍ രാജുവിനോട്‌ ഫോണില്‍ കൂടി വിശദീകരിച്ചു. പുല്‍പ്പള്ളിയില്‍ ഭാര്യ വീട്ടിലായിരുന്നു രാജു. അവിടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരുമായി കുറിച്യാട്‌ ബൂത്തിലെ ഉദ്യോഗസ്‌ഥര്‍ ബന്ധപ്പെട്ടും രാജുവിനു മേല്‍ സമ്മര്‍ദം ചെലുത്തി.
അവസാനം ഒരു സ്വകാര്യ വാഹനത്തില്‍ രാജു എത്തി വൈകീട്ട്‌ വോട്ട്‌ ചെയ്‌തതോടെ 100 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തിയ ബഹുമതി കുറിച്യാട്‌ ബൂത്തിന്‌ സ്വന്തമായി, എല്ലാവരെയും വോട്ട്‌ ചെയ്യിപ്പിക്കാന്‍ മുന്‍കൈ എടുത്ത ബൂത്തിലെ സെക്‌ടറല്‍ ഓഫീസര്‍ ആന്റണി ജോര്‍ജിനും സഹപ്രവര്‍ത്തകര്‍ക്കും സന്തോഷവും. തെരഞ്ഞെടുപ്പ്‌ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥരുടെ ആറ്‌ വോട്ടുകളും ഈ ബൂത്തില്‍ രേഖപ്പെടുത്തി. അങ്ങനെ മൊത്തം 63 വോട്ടുകള്‍ പെട്ടിയിലായി.
പുല്‍പ്പള്ളി - ബത്തേരി സംസ്‌ഥാന പാതയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ്‌ കുറിച്യാട്‌ ഗ്രാമം. ആനയും കടുവയും പുലിയും കരടിയും കാട്ടുപന്നിയും വിഹരിക്കുന്ന സ്‌ഥലം. പകല്‍ സമയം പോലും വന്യമൃഗങ്ങളെ കാണാം. നാടന്‍ കന്നുകാലി വളര്‍ത്തലും തേന്‍ അടക്കമുള്ള വനവിഭവ ശേഖരണവുമാണ്‌ കാട്ടുനായ്‌ക്കരുടെ ഉപജീവനമാര്‍ഗം.
ഇനി ഒരു തെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ കുറിച്യാട്‌ വനഗ്രാമത്തില്‍ മനുഷ്യവാസം ഉണ്ടാവില്ല. വന്യജീവി ശല്യം രൂക്ഷമായതിനാല്‍ ഇവിടെ നിന്ന്‌ ആളുകളെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്‌ വനംവകുപ്പ്‌.
ഇനി 24 കാട്ടുനായ്‌ക്ക കുടുംബങ്ങളെ മാത്രമാണ്‌ മാറ്റിപാര്‍പ്പിക്കാനുള്ളത്‌. ഇവര്‍ക്കുളള ഭൂമി വനത്തിനു പുറത്ത്‌ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്‌.
മൊത്തം 250 വോട്ടര്‍മാരാണ്‌ കുറിച്യാട്‌ ഉണ്ടായിരുന്നത്‌. ഇവരില്‍ വയനാട്‌ ചെട്ടിസമുദായത്തില്‍പെട്ട ആളുകളാണ്‌ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറിതാമസിച്ചത്‌. കൂടുതല്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കുറിച്യാട്‌ ഗ്രാമത്തില്‍ ഏകാധ്യാപക വിദ്യാലയവും അങ്കണവാടിയും പ്രവര്‍ത്തിച്ചിരുന്നു. ബഹുഭൂരിപക്ഷവും ഗ്രമം വിട്ടതോടെ അങ്കണവാടിയും വിദ്യാലയവും അനാഥമായി. ആളൊഴിഞ്ഞ ഈ വിദ്യാലയത്തിലാണ്‌ കരടി പ്രസവിച്ചുകിടന്നിരുന്നതെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. വാതിലും ജനലും സ്‌ഥാപിച്ച്‌ കെട്ടിടം അടച്ചുറപ്പുള്ളതാക്കിയശേഷം ഇവിടെ ഇപ്രാവശ്യം പോളിംഗ്‌ ബൂത്ത്‌ സജ്‌ജീകരിക്കുകയായിരുന്നു. മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ കേന്ദ്ര സേനകളെയും കുറിച്യാട്‌ ബൂത്തില്‍ നിയോഗിച്ചിരുന്നു.

ബിനുജോര്‍ജ്‌

Ads by Google
Advertisement
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW