Monday, August 19, 2019 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

പന്നിയാര്‍കുട്ടിയില്‍ മണ്ണിടിച്ചില്‍ പതിവാകുന്നു

രാജകുമാരി: പ്രളയകാലത്ത്‌ തകര്‍ന്ന പന്നിയാര്‍കൂട്ടിയില്‍ മണ്ണിടിയുന്നത്‌ പതിവായി. ഗതാഗത തടസം പതിവായതും അപകട ഭീഷണിയും മൂലം റോഡ്‌ മറുകരയിലൂടെ മാറ്റി നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ രംഗത്തെത്തി.
പന്നിയാര്‍കൂട്ടിയില്‍ കഴിഞ്ഞ ഓഗസ്‌റ്റിലെ തോരാമഴയില്‍ മലയിടിഞ്ഞതിനെ തുടര്‍ന്ന്‌ ഒന്‍പത്‌ കടകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നിരുന്നു. കച്ചവട കേന്ദ്രം തന്നെ ഇല്ലാതായി. റോഡിലേയ്‌ക്ക് മല ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന്‌ മുടങ്ങിയ ഗതാഗതം പതിനഞ്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പുനരാരംഭിച്ചത്‌. തുടര്‍ന്നുവന്ന മഴകളില്‍ കൂടുതല്‍ മണ്ണിടിഞ്ഞ്‌ വീഴുകയും, മലമുകളില്‍ നിന്നും ചെളി ഒഴുകിയിറങ്ങുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ പലതവണ ഗതാഗതം മുടങ്ങിയിരുന്നു. റോഡില്‍ അകപ്പെട്ട കാര്‍ രണ്ട്‌ അടിയിലേറെ ഉയരത്തില്‍ ചെളികയറി മൂടിയ സംഭവവും ഉണ്ടായി. റോഡ്‌ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി അപകടാവസ്‌ഥയില്‍ നിന്നിരുന്ന ഭാഗങ്ങള്‍ നീക്കം ചെയ്‌ത് പുഴയിറമ്പില്‍ നിന്നും സംരക്ഷണ ഭിത്തി നിര്‍മിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇടയ്‌ക്കിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുന്നുണ്ട്‌. ഇന്നലെ പ്രദേശത്ത്‌ പെയ്‌ത കനത്ത മഴയില്‍ മലമുകളില്‍ നിന്നും വീണ്ടും വെള്ളവും ചെളിയും ഒഴുകിയിറങ്ങിയതിനെ തുടര്‍ന്ന്‌ മുടങ്ങിയ ഗതാഗതം മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ പുനരാരംഭിച്ചത്‌. നൂറടിയിലേറെ ഉയരത്തില്‍ കുത്തനെ ഇടിഞ്ഞ്‌ നില്‍ക്കുന്ന മലയുടെ ചുവട്ടിലൂടെ ഭീതിയോടെയാണ്‌ വാഹനങ്ങള്‍ കടന്നു പോകുന്നത്‌.
റോഡ്‌ പണിയുടെ പുനര്‍നിര്‍മാണ ഘട്ടത്തില്‍ തന്നെ റോഡിന്റെ അലൈന്‍മെന്റ്‌ മാറ്റി ഇവിടുത്തെ ചപ്പാത്ത്‌പാലം പുനര്‍നിര്‍മിച്ച്‌ റോഡ്‌ ഇതുവഴിയാക്കാന്‍ വിവിധ കോണുകളില്‍നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. പഞ്ചസാരത്തരിക്ക്‌ സമാനമായ രീതിയിലുള്ളതാണ്‌ ഇവിടുത്തെ മണ്ണ്‌.ഉറപ്പില്ലാത്തതിനാല്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന്‌ പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. പാലത്തിന്‌ മറുകരയിലൂടെ റോഡ്‌ നിര്‍മിച്ച്‌ ചപ്പാത്ത്‌പാലം വഴി നിലവിലെ വെള്ളത്തൂവല്‍ റോഡിലേയ്‌ക്ക് ബന്ധിപ്പിക്കാവുന്നതാണ്‌. ഇങ്ങനെ റോഡിന്റെ ദിശമാറ്റിയാല്‍ പന്നിയാര്‍കൂട്ടിയിലെ മണ്ണിടിച്ചിലെന്ന ആശങ്ക ഒഴിവാക്കാനാകുമെന്നതാണ്‌ അഭിപ്രായം. കൂടാതെ റോഡിനായി കോടികള്‍ മുടക്കി നിര്‍മിക്കുന്ന തുക പാഴാകുകയുമില്ല. മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഇടിയുന്ന സ്‌ഥിതിയുമാണ്‌ നിലവില്‍.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW