Thursday, August 22, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.33 AM

ആറ്റിങ്ങലില്‍ ആരു ജയിക്കും...?

uploads/news/2019/04/303018/t2.jpg

തിരുവനന്തപുരം:എല്‍.ഡി.എഫ്‌ കോട്ടയായിരുന്ന ആറ്റിങ്ങല്‍ ഇക്കുറി ആരു കടക്കുമെന്നത്‌ പ്രവചനാതീതമായി. തൊട്ടടുത്ത തിരുവനന്തപുരത്തേപോലെ ശക്‌തമായ ത്രികോണ മത്സരത്തിനാണ്‌ ആറ്റിങ്ങല്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌.
സിറ്റിംഗ്‌ എം.പി എ.സമ്പത്ത്‌ ഇക്കുറിയും ദില്ലിയില്‍ എത്തുമെന്ന്‌ എല്‍.ഡി.എഫ്‌ പ്രതീഷിക്കുമ്പോള്‍ ശക്‌തമായ വെല്ലുവിളി ഉയര്‍ത്തുന്ന അടൂര്‍ പ്രകാശ്‌ എം.എല്‍.എ ജയിക്കുമെന്ന്‌ യു.ഡി.എഫും ശബരിമല സമരനായികയായി മണ്ഡലത്തില്‍ ശക്‌തമായ സാന്നിധ്യം അറിയിച്ച ബി.ജെ.പി സംസ്‌ഥാന നേതാവ്‌ ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ്‌ എന്‍.ഡി.എയുടെ അവകാശവാദം.
മണ്ഡലം ഇതേവരെ കാണാത്ത്‌ ശക്‌തമായ മത്സരത്തിനാണ്‌ ആറ്റിങ്ങല്‍ സാക്ഷ്യം വഹിക്കുന്നത്‌. മൂന്നു മുന്നണികളും വീറോടും വാശിയോടുമാണ്‌ പ്രചരണം നയിക്കുന്നത്‌. അതുകൊണ്ടു തന്നെ ഇന്നത്തെ കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്‌ മൂന്നു മുന്നണികളും. ദു:ഖവെള്ളി ദിനത്തിലും ദു:ഖശനിദിനത്തിലും മൂന്നു സ്‌ഥാനാര്‍ത്ഥികളും ക്രൈസ്‌തവ മേഖലകളിലും പള്ളികളിലുമായിരുന്നു പ്രചരണം.
സിറ്റിംഗ്‌ എം.പിയായതുകൊണ്ട്‌ സമ്പത്തിന്‌ ആറ്റിങ്ങലില്‍ മുഖവരയുടെ ആവശ്യം ഇല്ല. വികസന നായകന്‍ എന്ന പ്രതിച്‌ഛായയുമായാണ്‌ സമ്പത്ത്‌ ലോക്‌സഭയിലേക്ക്‌ മൂന്നാം ഊഴം തേടുന്നത്‌. തുടര്‍ച്ചയായി രണ്ടാംതവണ. കഴിഞ്ഞ തവണ യുഡിഎഫ്‌ സ്‌ഥാനാര്‍ഥി ജി ബാലചന്ദ്രനെ 18,341 വോട്ടിനാണ്‌ തോല്‍പ്പിച്ചത്‌.
1996 ല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. 1965 ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന്‌ കെ അനിരുദ്ധന്‍ മത്സരിച്ചപ്പോള്‍, പ്രചാരണത്തിലെ താരം മൂന്നു വയസ്സുകാരനായ മകന്‍ സമ്പത്തായിരുന്നു. ശങ്കര്‍ പരാജയപ്പെട്ടു. 1967-ല്‍ ശങ്കറിനെതിരെ ചിറയിന്‍കീഴില്‍ അനിരുദ്ധന്‍ വിജയം വരിച്ചപ്പോഴും സമ്പത്ത്‌ പ്രചാരണരംഗത്തുണ്ട്‌.
അടിയന്തരാവസ്‌ഥയില്‍ എസ്‌.എഫ്‌.ഐയുടെ സജീവപ്രവര്‍ത്തകനായി മാറിയ സമ്പത്ത്‌ 1990-ല്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന്‌ ഒന്നാം റാങ്കില്‍ എല്‍.എല്‍.എം നേടി. പിന്നീട്‌ എസ്‌.എഫ്‌.ഐ ജില്ലാ പ്രസിഡന്റായി. സംസ്‌ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ എസ്‌.എഫ്‌.ഐ മുഖമാസിക സ്‌റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. കേരള സര്‍വകലാശാല അക്കാദമിക്‌ കൗണ്‍സില്‍ അംഗമായിരുന്നു.
രണ്ട്‌ തവണ സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1995-ല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ തൈക്കാട്‌ വാര്‍ഡിനെ പ്രതിനിധാനംചെയ്‌തു.ആറ്റിങ്ങല്‍ മണ്ഡലമായ ശേഷം 2009-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എ.സമ്പത്ത്‌ 18,341 വോട്ടുകള്‍ക്ക്‌ കോണ്‍ഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ല്‍ സമ്പത്ത്‌ കോണ്‍ഗ്രസിലെ ബിന്ദുകൃഷ്‌ണയെ 69,378 വോട്ടുകള്‍ക്ക്‌ തോല്‍പിക്കുകയും ചെയ്‌തു.
അടുര്‍ പ്രകാശിനു പിന്നാലെ ബി.ജെ.പി. യുടെ അഭിമാനമായ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലെത്തുമ്പോള്‍ മത്സരം മുറുകുകയാണ്‌. ബി.ജെ.പിയുടെ പ്രസംഗകയായി അറിയപ്പെടുന്ന ശോഭാ സുരേന്ദ്രന്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്‌ ബാലഗോകുലത്തിലൂടെയാണ്‌. ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ശോഭാ സുരേന്ദ്രന്‍. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശോഭാ സുരേന്ദ്രന്‍ എ.ബി.വി.പിയില്‍ വിവിധ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്‌.
1995 ല്‍ യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റും പിന്നീട്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായി. കേരളത്തില്‍ നിന്നും നിര്‍വാഹക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ്‌ ശോഭാ സുരേന്ദ്രന്‍ .2014ലെ പതിനാറാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാലക്കാട്ടുനിന്നും ശോഭ ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നു.
അനുയായികള്‍ക്ക്‌ ആവേശം പകരുന്ന വ്യക്‌തി പ്രഭാവമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവെന്നതും രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്‌തി എന്നതുമാണ്‌ അടൂര്‍ പ്രകാശിനെ സംമണ്ഡലത്തിലും ശ്രദ്ധേയനാക്കുന്നത്‌. സംസ്‌ഥാനത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക്‌ തല ചായ്‌ക്കാനൊരിടം എന്ന ലക്ഷ്യത്തോടെ സീറോ ലാന്റ്‌ ലെസ്സ്‌ പ്രോജക്‌ട് എന്ന മഹത്തായ സംരംഭം അദ്ദേഹം റവന്യൂ മന്ത്രിസ്‌ഥാനം വഹിക്കുമ്‌ബോള്‍ നടപ്പിലാക്കിയതാണ്‌. 2012 ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ദശലക്ഷക്കണക്കിനാളുകളുടെ സ്വന്തമായൊരു ഭവനമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുകയാണുണ്ടായത്‌.
കൂടുതല്‍ കാര്യക്ഷമതയോടെ പൊതുജനസേവനം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ നടപ്പാക്കുക എന്നതും അടൂര്‍ പ്രകാശിന്റെ ആശയങ്ങളിലൊന്നായിരുന്നു. ഇതിന്‌ ഉത്തമോദാഹരണം വില്ലേജാഫീസുകളില്‍ ഓണ്‍ലൈനായി പോക്കുവരവു ചെയ്യുവാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയതാണ്‌.
2004-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അടൂര്‍ പ്രകാശ്‌ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പു മന്ത്രിയായി സേവനമനുഷ്‌ഠിച്ചിരുന്ന കാലയളവില്‍ ഭക്ഷ്യപൊതുവിതരണ സമ്‌ബ്രദായത്തില്‍ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1955 ല്‍ അടൂരില്‍ എന്‍. കുഞ്ഞുരാമന്റെയും വി.എം.വിലാസിനിയുടെയും മകനായിയാണ്‌ അടൂര്‍ പ്രകാശ്‌ ജനിച്ചത്‌.
ആര്‍ട്‌സിലും നിയമത്തിലും അദ്ദേഹം ബിരുദങ്ങള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്‌. തന്റെ രാഷ്ര്‌ടീയ ജീവിതത്തില്‍ ഇതിനകം നാലു തവണ താന്‍ പ്രതിനിധാനം ചെയ്‌ത കോന്നി മണ്ഡലത്തിലെ ജനങ്ങളുമായി ഗാഢമായ വ്യക്‌തിബന്ധം സ്‌ഥാപിക്കുവാന്‍ അടൂര്‍ പ്രകാശിന്‌ കഴിഞ്ഞിട്ടുണ്ടെന്നത്‌ അഭിമാനകരമായ നേട്ടമായി എടുത്തു പറയേണ്ടതാണ്‌.കെ.എസ്‌.യുവില്‍ തന്റെ വിദ്യാഭ്യാസകാലത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടാണ്‌ അടൂര്‍ പ്രകാശ്‌ രാഷ്ര്‌ടീയത്തിലേക്ക്‌ രംഗപ്രവേശം ചെയ്‌തത്‌. കെ.എസ്‌.യുടെ കൊല്ലം താലൂക്കു കമ്മിറ്റി, ജില്ലാകമ്മിറ്റി എന്നിവയുടെ പ്രസിഡന്റായും, സംസ്‌ഥാന വൈസ്‌ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
കൂടാതെ യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ കൊല്ലം ജില്ലാ സെക്രട്ടറി, പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌, സ്‌റ്റേറ്റ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സ്‌തുത്യര്‍ഹമായ സേവനമാണ്‌ അടൂര്‍ പ്രകാശ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, കിളിമാനൂര്‍, വാമനപുരം, ആര്യനാട്‌, നെടുമങ്ങാട്‌, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു ചിറയിന്‍കീഴ്‌ ലോക്‌സഭാ മണ്ഡലം. എന്നാല്‍ 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കിളിമാനൂര്‍, ആര്യനാട്‌ മണ്ഡലങ്ങള്‍ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തോടു ചേര്‍ന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങള്‍ ആറ്റിങ്ങലിനൊപ്പമായി. നിലവില്‍ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, നെടുമങ്ങാട്‌, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. അരുവിക്കര മണ്ഡലം ഒഴികെ എല്ലായിടത്തും ഇടത്‌ എം.എല്‍.എമാരാണ്‌.
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ 1957 ല്‍ എം കെ കുമാരന്‍ നേടിയ 92,601 വോട്ടാണു ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ്‌. 1991ല്‍ സുശീല ഗോപാലന്‍ നേടിയ 1106 വോട്ടാണ്‌ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
ലോക്‌സഭാ മത്സരചരിത്രവും നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കും നോക്കിയാല്‍ ഏറെ മുന്‍തൂക്കം എല്‍.ഡി.എഫിനാണ്‌. ചിറയിന്‍കീഴും പിന്നെ പേരുമാറി ആറ്റിങ്ങലുമായി നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു 11 ജയം; കോണ്‍ഗ്രസിന്‌ അഞ്ചും. നിയമസഭാ സീറ്റുകളില്‍ അരുവിക്കര ഒഴികെ ആറും എല്‍.ഡി.എഫിനൊപ്പം.

സുനില്‍ ജെ.സണ്ണി

Ads by Google
Advertisement
Sunday 21 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW