Tuesday, August 20, 2019 Last Updated 55 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.27 AM

മണ്ഡല മാപിനി -കാസര്‍ഗോഡ്‌ വടക്കേയറ്റത്ത്‌ 'പെരിയ' പോരാട്ടം

uploads/news/2019/04/301178/k1.jpg

കാസര്‍ഗോഡ്‌:ഭാഷാ വൈവിധ്യം പോലെ കാസര്‍ഗോഡ്‌ രാഷ്‌ട്രീയത്തിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളാകുമ്പോള്‍ രണ്ടെണ്ണം യു.ഡി.എഫിന്റെ ശക്‌തി ദുര്‍ഗങ്ങള്‍. രണ്ടിടങ്ങളില്‍ തുല്യപോരാട്ടത്തിന്‌ വേരുറപ്പുള്ള എന്‍.ഡി.എയും.
കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ ,കാഞ്ഞങ്ങാട്‌, ഉദുമ മണ്ഡലങ്ങളാണ്‌ ഇടത്തോട്ട്‌ ചരിഞ്ഞിരിക്കുന്നത്‌. കാസര്‍ഗോഡും മഞ്ചേശ്വരവും വലത്തോട്ട്‌ ചായുന്നു. ഇവിടെ ബി.ജെ.പി. വിജയത്തിന്‌ തൊട്ടടുത്തെത്തി. എന്നാല്‍ കാസര്‍ഗോഡ്‌ പാര്‍ലമെന്റ്‌ മണ്ഡലം 30 വര്‍ഷമായി ഇടതിന്റെ ഉരുക്കു കോട്ടയാണ്‌. എന്നാലിക്കുറി നാടിളക്കിയുള്ള പ്രചരണത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. സംസ്‌ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ്‌ വിഷയമായ പെരിയ ഇരട്ടക്കൊലപാതകം വോട്ടിംഗില്‍ ഇടതിനെതിരേ പ്രതിഫലിക്കുമെന്ന്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. എന്നാല്‍ രാഷ്‌ട്രീയത്തിനതീതമായി സ്വീകാര്യതയുള്ള മുന്‍ എം.എല്‍.എ കെ.പി. സതീഷ്‌ ചന്ദ്രന്റെ പ്രതിച്‌ഛായക്കു മുന്നില്‍ വിവാദ വിഷയങ്ങള്‍ക്ക്‌ തെല്ലും പ്രസക്‌തിയില്ലെന്നാണ്‌ സി.പി.എം.ഉറപ്പിക്കുന്നത്‌. അതേ സമയം ഹൈന്ദവ വിശ്വാസി സമൂഹത്തിനിടയില്‍ ശക്‌തമായ സ്വാധീനമുള്ള എന്‍.ഡി.എ സ്‌ഥാനാര്‍ഥി രവീശ തന്ത്രി ബി.ജെ.പിയുടെ വോട്ട്‌ വിഹിതം ഉയര്‍ത്തുമോ എന്നത്‌ ഇരുമുന്നണികളിലും ഒരു പോലെ ആശങ്ക വിതക്കുന്നു. കെ.പി.സി.സി അംഗം സുബ്ബയ്യറൈയുടെ പേര്‌ അവസാന നിമിഷം വരെ സ്‌ഥാനാര്‍ഥി പട്ടികയില്‍ ഉയര്‍ന്നുകേട്ടുവെങ്കിലും അവസാന നിമിഷം അന്യജില്ലയില്‍ നിന്ന്‌ സ്‌ഥാനാര്‍ഥിയെ കെട്ടിയിറക്കിയതില്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തിന്‌ അസ്വസ്‌ഥതയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഇത്‌ പ്രചരണത്തില്‍ പ്രതിഫലിച്ചുവെങ്കിലും ഉണ്ണിത്താന്‍ അതെല്ലാം 'പറഞ്ഞു ശരിയാക്കി' നേതാക്കളെ കളത്തിലിറക്കിയിട്ടുണ്ട്‌. സി.പി.എം. കോട്ടയില്‍ ഉണ്ണിത്താന്‍ തന്നെയാണ്‌ ശക്‌തനായ സ്‌ഥാനാര്‍ഥിയെന്ന പൊതു വികാരത്തിലാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും. വരാന്‍ പോകുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്‌ കൂടി ലക്ഷ്യമിട്ടാണ്‌ ബി.ജെ.പിയുടെ പ്രചരണം. മഞ്ചേശ്വരം, കാസര്‍ഗോഡ്‌ നിയമസഭാ മണ്ഡലങ്ങളിലെ കന്നഡ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്‌. ഈ വോട്ട്‌ ലക്ഷ്യമാക്കിയാണ്‌ മുന്നണികള്‍ പ്രചരണ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. 15 വര്‍ഷം എം.പിയായിരുന്ന പി.കരുണാകരന്‌ വിരുദ്ധമായ തരംഗം മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍ സതീഷ്‌ ചന്ദ്രന്‍ എന്ന പേരിലൂടെ ആ കോട്ടം ഒരു പരിധിവരെ സി.പി.എം. മറികടക്കുന്നുണ്ട്‌. അതേ സമയം ഓരോ തെരഞ്ഞെടുപ്പിലും കാസര്‍ഗോഡ്‌ ഭൂരിപക്ഷത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ്‌ സി.പി.എമ്മിന്റെ നെഞ്ചിടിപ്പ്‌ കൂട്ടുന്നുണ്ട്‌. ഇത്‌ മറികടക്കാന്‍ വ്യക്‌തമായ ആസൂത്രണമാണ്‌ പാര്‍ട്ടി നടത്തുന്നത്‌. നിയമസഭാ മണ്ഡലങ്ങളുടെ വോട്ട്‌ കണക്കെടുത്താല്‍ നിലവില്‍ എല്‍.ഡി.എഫ്‌ ഭൂരിപക്ഷം 72,539 ആണ്‌ . ഇത്‌ നിലനിര്‍ത്താനുള്ള ശ്രമമാണ്‌ പാര്‍ട്ടി നടത്തുന്നത്‌. ബി.ജെ.പിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്‌ കാസര്‍ഗോഡ്‌ മണ്ഡലം. മഞ്ചേശ്വരത്ത്‌ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്‌. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനു മുന്‍പുള്ള ട്രയല്‍ റണ്ണായാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നത്‌. സ്‌ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചരണത്തില്‍ ഏറെ മുന്നേറിയതാണ്‌ ഇടത്‌ പ്രതീക്ഷ നിലനിര്‍ത്തുന്ന ഒരുഘടകം. ജില്ലയുടെ പൊതുവെയുള്ള പിന്നോക്കാവസ്‌ഥയും പെരിയയിലെ ഇരട്ട കൊലപാതകങ്ങളും യു.ഡി.എഫിന്റെ പ്രചാരണ ആയുധമാകുന്നു. ചുവപ്പുകോട്ടയെന്ന്‌ ഗണിച്ചു വന്ന മണ്ഡലത്തില്‍ 2014ല്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിന്റെ ഞെട്ടല്‍ സി.പി.എമ്മിന്‌ വിട്ടുമാറിയിട്ടില്ല. മണ്ഡലത്തില്‍ ഏറെ പ്രതീക്ഷയുണ്ടെങ്കിലും അനായാസമായി ജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്‌ഥാനത്തില്‍ സംഘടിപ്പിച്ച ശില്‍പശാലകളില്‍ പ്രവവര്‍ത്തകര്‍ക്ക്‌ ഇടതു നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പ്‌. ആ ആശങ്ക ഇടത്‌ പ്രചരണത്തില്‍ ഇപ്പോഴും നിഴലിക്കുന്നുണ്ട്‌.
ഇതിന്റെ ഭാഗമായി സി.പി.എം ബൂത്തുതലങ്ങളില്‍ തുടര്‍ച്ചയായ കൂടിയാലോചനകളിലൂടെ തലയെണ്ണി കണക്കെടുപ്പ്‌ നടത്തുകയാണ്‌. അണികളുടെയും അനുഭാവികളുടെയും വോട്ട്‌ ഉറപ്പിക്കാന്‍ ബ്രാഞ്ച്‌ കമ്മിറ്റി മുതല്‍ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു പാര്‍ട്ടി നടത്തുന്നത്‌. കര്‍ഷകസംഘം ഉള്‍പ്പടെയുള്ള പോഷക സംഘടനകളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. .പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സാമൂഹികരാഷ്ര്‌ടീയ സാഹചര്യങ്ങള്‍ വിവരിച്ചു വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യം. മുമ്പ്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ അടിസ്‌ഥാനത്തില്‍ രൂപീകരിച്ച സൈബര്‍ വിഭാഗം മുഖേന പാര്‍ട്ടിയോട്‌ അടുത്തു നില്‍ക്കുന്നവരുടെ കണക്ക്‌ രഹസ്യമായി എടുത്തിരുന്നു. ഇത്‌ ഒന്നുകൂടി ഉറപ്പിക്കുകയാണ്‌ കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍വഴി ലക്ഷ്യമാക്കുന്നത്‌.ഇത്തരത്തില്‍ കണക്കെടുപ്പ്‌ നടത്തിയശേഷം തെരഞ്ഞെടുപ്പില്‍ അതാതു മേഖലകളില്‍ വോട്ടില്‍ കുറവു വന്നാല്‍ അതിന്റെ ഉത്തരവാദിത്തം അതത്‌ ലോക്കല്‍ കമ്മിറ്റികള്‍ക്കായിരിക്കും. അനുഭാവികളുടെ വോട്ട്‌ എന്തുകൊണ്ട്‌ വീണില്ല എന്നതിനു കൃത്യമായ മറുപടി ലോക്കല്‍ കമ്മിറ്റികള്‍ പറയേണ്ടിവരും.കൊലപാതക രാഷ്ര്‌ടീയമാണ്‌ ഇടതുമുന്നണി നേരിടുന്ന ഏറ്റവും വലിയ ആരോപണമെങ്കിലും ഇടതുപക്ഷത്തിന്റെ ശക്‌തികേന്ദ്രമായ കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ഹൊസ്‌ദുര്‍ഗ്‌ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വോട്ടുകള്‍ കൊണ്ട്‌ ഈ ഭീഷണിയെ പ്രതിരോധിക്കാനാകുമെന്ന്‌ സി.പി.എം. കണക്കുകൂട്ടുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇടതുമുന്നണിക്ക്‌ മുന്നിലില്ല.
ശബരിമല വിഷയം കാസര്‍കോട്‌ ജില്ലയിലോ ലോക്‌സഭ മണ്ഡലത്തിലോ മുഴുവനായും കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാനിടയില്ല. എങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ മുന്നേറ്റം സൃഷ്‌ടിക്കാന്‍ ബി.ജെ.പിക്ക്‌ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ തങ്ങളുടെ വോട്ടിനെ ബാധിക്കുമോ എന്ന ആശങ്ക ഇടത്‌ -വലതു മുന്നണികള്‍ക്ക്‌ ഒരു പോലെയുണ്ട്‌. മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ക്കും മണ്ഡലത്തില്‍ പ്രാധാന്യമുണ്ട്‌. നീണ്ട കാത്തിരിപ്പിന്‌ ഒടുവില്‍ ഇടതു മുന്നണിയില്‍ ഘടകകക്ഷിയായ ്‌ഐ.എന്‍.എല്‍ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്‌ പ്രചരണ രംഗത്ത്‌ സജീവമാണ്‌. മുസ്ലിംലീഗും പ്രചരണങ്ങളില്‍ മുന്‍നിരയിലുള്ളത്‌ യു.ഡി.എഫിന്‌ ആശ്വാസം പകരുന്നുണ്ട്‌.

കെ.സുജിത്ത്‌

Ads by Google
Advertisement
Friday 12 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW