Thursday, August 22, 2019 Last Updated 32 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

അവധിക്കാലമെത്തി: വിനോദത്തിന്‌ സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ വലയുന്നു

മട്ടാഞ്ചേരി: അവധിക്കാലം വിദ്യാര്‍ഥികളെ സംബന്ധിച്ചടത്തോളം അടിച്ചു പൊളിയുടെ ദിനങ്ങളാണ്‌. എന്നാല്‍ പശ്‌ചിമകൊച്ചി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വലയുകയാണ്‌ .നേരത്തെ ഉണ്ടായിരുന്ന കളി മൈതാനങ്ങള്‍ ഫുട്‌ബോള്‍ ഫിഫ അണ്ടര്‍ 17 മത്സരത്തിന്റെ കടന്നുവരവോടെ കായികപരിശീലനത്തിന്‌ സൗകര്യം നഷ്‌ടപ്പെട്ട അവസ്‌ഥയിലാണ്‌.
ഫിഫയുടെ ഭാഗമായി കോടികള്‍ ചിലവഴിച്ചാണ്‌ ഫോര്‍ട്ടുകൊച്ചിയിലെ രണ്ടു മൈതാനങ്ങള്‍ വിദേശ ഫിഫ ടീമുകളുടെ പരിശീലന മൈതാനമായി ഉയര്‍ത്തിയത്‌.
എന്നാല്‍ ടൂര്‍ണ്ണമെന്റിനു ശേഷം റവന്യു വിഭാഗത്തിന്റെ കീഴിലുള്ള പരേഡ്‌ മൈതാനം സംരക്ഷിക്കുവാന്‍ നടപടികള്‍ ഉണ്ടായില്ല.ഇതോടെ മൈതാനത്ത്‌ നട്ടുപിടിപ്പിച്ച പുല്ലുകള്‍ കരിഞ്ഞുണങ്ങി. ഇതിനിടെ 2018 പുതുവര്‍ഷ പുലരി ആഘോഷത്തിന്‌ കാര്‍ണിവലിന്റെ ഭാഗമായുള്ള പപ്പയെ കത്തിക്കുന്ന ചടങ്ങിന്‌ കായിക സംഘടനകളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ മൈതാനം വിട്ടുകൊടുത്തു. പപ്പയെ കത്തിക്കുന്ന ചടങ്ങിന്‌ മുന്നോടിയായി ബിനാലേ അധികൃതര്‍ സംഘടിപ്പിച്ച പാശ്‌ചാത്യ സംഗീതത്തിന്റെ താളത്തിനൊത്ത്‌ കാണാനെത്തിയ ആയിരങ്ങള്‍ മണിക്കൂറുകളോളം ആനന്ദ നൃത്തമാടിയതോടെ മൈതാനം കുഴികള്‍ കൊണ്ട്‌ നിറഞ്ഞു.
ഇതോടെ കളിക്കാന്‍ കഴിയാത്ത അവസ്‌ഥയായി. പരിശീലനത്തിനെത്തുന്ന കുട്ടികള്‍ കുഴികളില്‍ വീണ്‌ അപകടങ്ങളും പതിവായി .ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ മൈതാനം പുനര്‍നിര്‍മ്മിച്ച്‌ കളിക്ക്‌ സജ്‌ജമാക്കുവാനുള്ള നടപടികള്‍ ആയട്ടില്ല.
മറ്റൊരു മൈതാനമാകട്ടെ നഗരസഭയുടെ കീഴിലുള്ള വെളി മൈതാനമാണ്‌.ഈ മൈതാനമാകട്ടെ ഒരു സ്വകാര്യ ക്ലബിനെ ഏല്‌പിച്ചിരിക്കയാണ്‌.ഇവര്‍ ഫീസ്‌ വാങ്ങി കോച്ചിംഗ്‌ ക്യാമ്പ്‌ നടക്കുന്നതില്‍ മറ്റ്‌ കുട്ടികള്‍ക്ക്‌ കളിക്കാനാവാത്ത അവസ്‌ഥയാണ്‌. ചുരുക്കത്തില്‍ ഫിഫയുടെ വരവ്‌ പുതിയ തലമുറയിലെ കായിക താരങ്ങളുടെ കരിയറിനെ തന്നെ ബാധിച്ചിരിക്കയാണ്‌.
കേരളം ആദ്യം സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ അന്നത്തെ ടീമില്‍ കളിച്ച നാലു പേര്‍ പരേഡ്‌ മൈതാനിയില്‍ കളിച്ചു വളര്‍ന്നവരായിരുന്നു. ഫുട്‌ബോള്‍ ,ഹോക്കി ,ക്രിക്കറ്റ്‌ ,സോഫ്‌റ്റ് ബോള്‍ അടക്കം നൂറു കണക്കിന്‌ ദേശീയ ,അന്തര്‍ ദേശീയ താരങ്ങള്‍ക്ക്‌ ജന്‍മം നല്‍കിയിട്ടുള്ള പരേഡ്‌ ഗ്രൗണ്ടാണ്‌ ശോചനിയാവസ്‌ഥയില്‍ കിടക്കുന്നത്‌.
ഇതിനിടെയാണ്‌ മറ്റൊരു വിനോദ കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ നീന്തല്‍ നിരോധിച്ചു കൊണ്ട്‌ കൊച്ചിന്‍ ഹെറിറ്റേജ്‌ സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി കടപ്പുറത്ത്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. അവധി കാലമായതോടെ കുളിക്കാനും, നീന്തുവാനുമായി നൂറുകണക്കിന്‌ കുട്ടികള്‍ എത്തുമ്പോഴാണ്‌ സൊസൈറ്റിയുടെ ഈ ബോര്‍ഡ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഫോര്‍ട്ടുകൊച്ചിയുടെ പൈതൃക സംരക്ഷണത്തിനായി രൂപികരിച്ചട്ടുള്ള സൊസൈറ്റിക്ക്‌ കടപ്പുറത്തെ നീന്തലും ,കുളിയും നിരോധിക്കാന്‍ എന്തവകാശമാണെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌.
കൊച്ചിയിലെ സിനിമ ഷൂട്ടിന്റെ പേരില്‍ പണം ഈടാക്കുന്ന സൊസൈറ്റി കടലില്‍ സുരക്ഷക്കായി കൂടുതല്‍ ലൈഫ്‌ ഗാര്‍സുകള്‍ അടക്കമുള്ള സംവിധാനം ക്രമപെടുത്തേണ്ടതിനു പകരം നിരോധനം ഏര്‍പ്പെടുത്തിയ നടപടി ഏറെ പ്രതിഷേധത്തിനാണ്‌ ഇടയാക്കിയിരിക്കുന്നത്‌. സൊസൈറ്റിയുടെ നടപടിക്കെതിരെ ഫോര്‍ട്ടുകൊച്ചിയിലെ സൊസൈറ്റി ആഫീസിലേക്ക്‌ കായിക സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കയാണെന്ന്‌ അന്തര്‍ദേശീയ ഗുസ്‌തി റഫറി എം.എം.സലീം പറഞ്ഞു.

Ads by Google
Advertisement
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW